സ്ലൈഡിങ് വിന്‍ഡോ തുറക്കുന്നതിനിടെ ഒമ്പതുകാരൻ മൂന്നാറിലെ റിസോർട്ടിന്റെ ആറാംനിലയിൽനിന്ന് വീണുമരിച്ചു

പ്രാരഭ്യ ദലാൽ
പ്രാരഭ്യ ദലാൽ

മൂന്നാര്‍: അച്ഛനമ്മമാരോടൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ ഒമ്പതു വയസ്സുകാരന്‍ റിസോര്‍ട്ടിന്റെ ആറാംനിലയിലെ മുറിയില്‍ നിന്ന് വീണു മരിച്ചു. മധ്യപ്രദേശ് ഖാണ്ഡ്വാ ജില്ലയിലെ മുണ്ടി, ജവഹര്‍ലാല്‍ നെഹ്രു വാര്‍ഡില്‍ താമസിക്കുന്ന സാഗര്‍ ദലാലിന്റെ മകന്‍ പ്രാരഭ്യ ദലാലാണ് മരിച്ചത്. മുറിയിലെ അഴികളില്ലാത്ത സ്ലൈഡിങ് വിന്‍ഡോ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

തിങ്കളാഴ്ച വൈകീട്ട് ആറോടെയായിരുന്നു അപകടം.

അപകടം ഇങ്ങനെ

കുട്ടിയും അച്ഛനമ്മമാരും ഉള്‍പ്പെടെ 16 പേരാണ് തിങ്കളാഴ്ച മൂന്നാര്‍ സന്ദര്‍ശിക്കാനെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെ ഇവര്‍ പള്ളിവാസല്‍ ചിത്തിരപുരത്തെ ടീ കാസില്‍ റിസോര്‍ട്ടില്‍ മുറിയെടുത്തു. ആറാംനിലയിലെ 805-ാം നമ്പര്‍ മുറിയായിരുന്നു കുട്ടിക്കും കുടുംബത്തിനും കിട്ടിയത്. ഉച്ചമുതല്‍ ഇവര്‍ മുറിയില്‍ത്തന്നെയായിരുന്നു.വൈകീട്ട് ആറോടെ കുട്ടി മുറിയിലെ സ്ലൈഡിങ് വിന്‍ഡോയ്ക്ക് അരികിലേക്കുപോയി. ജനാല അല്‍പ്പം ഉയരത്തിലായതിനാല്‍ കസേരയില്‍ കയറി ജനല്‍തുറക്കാന്‍ ശ്രമിച്ചു. ഇത് അച്ഛനുമമ്മയും കണ്ടില്ല. കുട്ടി ബലം പ്രയോഗിച്ച് ജനല്‍ തള്ളി നീക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കസേര പിന്നോട്ട് മറിഞ്ഞു.

ഈ സമയം ജനല്‍ തുറക്കുകയും ചെയ്തതോടെ കുട്ടി താഴേയ്ക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.കുട്ടി വീണതറിഞ്ഞതോടെ അച്ഛനമ്മമാര്‍ നിലവിളിച്ചു. റിസോര്‍ട്ട് ജീവനക്കാരും സമീപത്തുണ്ടായിരുന്നവരും ഓടിക്കൂടി.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചയോടെ മരിച്ചു.ഒരുവശത്തേക്ക് തള്ളിനീക്കി വേണം ഇത് തുറക്കാന്‍. വെള്ളത്തൂവല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
 

Content Highlights: nine-year-old boy death resort in Munnar while opening a sliding window