നിലമ്പൂരിലെ വിദ്യാർഥിയുടെ മരണം; മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസ്, FIR വിവരങ്ങൾ പുറത്ത്

നിലമ്പൂർ: വഴിക്കടവിൽ പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തിൽ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. വിദ്യാർഥിയുടെ മരണം കാൽ വൈദ്യുതികമ്പിയിൽ തട്ടിയതുമൂലമെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. സംഭവത്തിൽ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ഭാരതിയ ന്യായ സംഹിത 105-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പത്താം ക്ലാസ് വിദ്യാർഥിയായ ജിത്തുവാണ് മരിച്ചത്. ജിത്തുവിന്റെ ബന്ധുവായ സുരേഷിന്റെ പരാതിയിലാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജിത്തുവിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോൾ സുരേഷിനും വൈദ്യുതാഘാതം ഏറ്റതായി പരാതിയിൽ പറയുന്നു.
സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ അപകടകരമായി ഫെൻസിങിന് സ്ഥാപിച്ച വൈദ്യുതികമ്പിയിൽ നിന്ന് ഷോക്കേറ്റാണ് വിദ്യാർഥി മരിച്ചത്. ഫുട്‌ബോൾ കളിക്കുശേഷം മീൻ പിടിക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന ഷാനു, യദു എന്നിവർക്ക് പരുക്കേറ്റു. അനധികൃത ഫെൻസിങിൽ നിന്ന് ഷോക്കേറ്റതാണെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
Content Highlights: Police FIR on nilmbur-student-death