പർപ്പിൾ പുതച്ച് നീലഗിരി മലനിരകൾ; നീലക്കുറിഞ്ഞി പൂവിട്ടത് കാണാൻ എത്തുന്നത് നിരവധി പേർ

നിലമ്പൂർ: നീലഗിരിയിലെ മലമുകളിലെങ്ങും നീലക്കുറിഞ്ഞികൾ പൂവിട്ടു. ഗൂഡല്ലൂർ താലൂക്കിൽ മലമുകളിലെമ്പാടും പർപ്പിൾ നിറത്തിൽ ഈ പൂക്കൾ നിറഞ്ഞുനിൽക്കുന്നത് മനോഹരകാഴ്ചയാണ്. വിവരമറിഞ്ഞ് ഒട്ടേറെപ്പേരാണ് കാണാനെത്തുന്നത്.
എന്നാൽ, വനമേഖലയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നിടത്തേക്ക് സഞ്ചാരികൾക്ക് പ്രവേശനമില്ല. ഗൂഡല്ലൂരിൽ അകലെനിന്ന് പൂക്കൾ കാണാവുന്ന ചില കേന്ദ്രങ്ങളിലാണ് സഞ്ചാരികൾ എത്തുന്നത്.
പശ്ചിമഘട്ടത്തിലെ ചോലക്കാടുകളിലും പുൽമേടുകളിലും വിരിയുന്നതാണ് നീലക്കുറിഞ്ഞി. 12 വർഷത്തിലൊരിക്കൽ ഇവ മലനിരകളിലാകെ നീലയും പർപ്പിളും കലർന്ന പരവതാനി വിരിച്ചതുപോലെ പൂത്തുലയുന്നു. നീലഗിരി എന്ന പേരുവന്നതുതന്നെ ഇതുകൊണ്ടാണ്. ഒരുതവണ പൂത്തുനിൽക്കുന്ന സ്ഥലത്തായിരിക്കില്ല അടുത്ത തവണ പൂക്കുന്നത്. അതിനാൽ 12 വർഷം കൂടുന്നതിന് മുൻപുതന്നെ പലയിടത്തായി പൂക്കൾ കാണും.
ഇത്തവണ ഗൂഡല്ലൂർ താലൂക്കിലും പരിസരങ്ങളിലുമുള്ള ഉയർന്ന മലനിരകളിലാണ് ഈ പൂക്കൾ കൂടുതലായി കാണുന്നത്. നാടുകാണി, തവളമല, ഓവേലി, സീനക്കൊള്ളി, കുണ്ടംപുഴ, സൂചിമലൈ (നീഡിൽ റോക്ക്), പാട്ടവയൽ, നമ്പാലക്കോട്ട്, പന്തലൂർ, ചേരമ്പാടി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നിറയെ പൂക്കളുണ്ട്.
നീലക്കുറിഞ്ഞി അപൂർവ സസ്യമായതിനാൽ പൂക്കൾ പറിക്കുന്നതും ചെടികൾ നശിപ്പിക്കുന്നതും നിയമവിരുദ്ധമാണ്.
Content Highlights: The Nilgiri mountain ranges in Gudalur have blossomed with purple Neelakurinji flowers, drawing tourists to distant viewpoints while authorities restrict entry into core forest zones to protect the rare 12-year blooming plant species.