കടലിനിടയിൽ ഏറ്റവും വലിയ മനുഷ്യപിരമിഡ്; നാവികസേനയ്‌ക്കൊപ്പം ജിബിനും കിട്ടി ഗിന്നസ് റെക്കോർഡ്

#വിമൽ കോട്ടയ്ക്കൽ

മലപ്പുറം: ഈ മാസം മൂന്നിന് ഇന്ത്യൻ നാവികസേന അന്തമാൻ നിക്കോബാർ ദ്വീപിലെ കടലിനടിയിൽ നടത്തിയ മിന്നും പ്രകടനം ഗിന്നസ് റെക്കോഡ് നേടിയപ്പോൾ, അഭിമാനം കേരളത്തിനുകൂടി. നാവികസേനാംഗമല്ലാത്ത നിലമ്പൂർ പൂക്കോട്ടുംപാടം ചുള്ളിയോട്ടെ ഈട്ടിവിളയിൽ ജിബിൻകൂടി ഉൾപ്പെട്ട സംഘമാണ് സാഹസികപ്രകടനം കാഴ്ചവെച്ചത്.

കടലിൽ 73 അടി താഴ്ചയിൽ ഏറ്റവും വലിയ മനുഷ്യപിരമിഡ് നിർമിച്ചാണ് ലോക റെക്കോഡ് ഇട്ടത്. ഒരാൾക്ക് മീതേ ഒരാളെന്ന നിലയിൽ ബാലൻസ് ചെയ്തുനിന്ന് മൂന്നുമിനിറ്റ് നേരം പിരമിഡ് നിലനിർത്തി. തുടർന്ന് 60ഃ40 അടി വിസ്തീർണമുള്ള ദേശീയപതാകയും കടലിനടിയിൽ വിരിച്ചു. അന്തമാൻ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഡൈവിങ് മേഖലയാണെന്ന് വിനോദ സഞ്ചാരികളെ ബോധ്യപ്പെടുത്തുകയായിരുന്നു നേവിയുടെ ഉദ്ദേശ്യം. സ്‌കൂബ ഡൈവിങ് വിദഗ്ധനായ ഇ.ബി. ജിബിനും കഴിഞ്ഞദിവസം ആൻഡമാൻ ഗവർണർ ഡി.കെ. ജോഷിയിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി.

ഡൈവിങ് കമ്പംകയറിയാണ് ജിബിൻ തിരുവനന്തപുരത്തുപോയി സ്‌കൂബാഡൈവിങ് പഠിക്കുന്നത്. വിവിധ ടൂർ ഓപ്പറേറ്റർമാരുടെ കൂടെ സ്‌കൂബാ ഡൈവറായി ജോലിചെയ്തു കൊണ്ടിരിക്കേയാണ് നേവിയുടെ അന്തമാൻ പരിപാടിയുടെ ക്ഷണം കണ്ടതും അപേക്ഷിച്ചതും. ഒരു മാസത്തെ തീവ്രപരിശീലനത്തിനൊടുവിലാണ് പ്രകടനം നടത്തിയത്.

നിലമ്പൂരിൽ പെയിന്റിങ് കട ജീവനക്കാരനായ ഈട്ടിവളപ്പിൽ ബിനുവിന്റെയും തയ്യൽജോലി ചെയ്യുന്ന ഷീജയുടെയും മകനാണ് ജിബിൻ.

Content Highlights: Jibin from Nilambur, Kerala, was part of the Indian Navy's Guinness World Record team., The team built the world's largest human pyramid at a depth of 73 feet in Andaman., A 60x40 foot national flag was also unfurled underwater., Jibin received an award from Andaman Governor D.K. Joshi.