‘മഴ പെയ്താൽ വെള്ളം പാഞ്ഞെത്തും, മുന്നറിയിപ്പ് ബോർഡുകളുമില്ല’; പ്രദേശവാസികളുടെ മുന്നറിയിപ്പ് അവഗണിച്ചു

നിലമ്പൂർ: മലപ്പുറത്തെ നിലമ്പൂർ ചോക്കാട് മേഖലയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട ആറു പേരിൽ അഞ്ചു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഞായറാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിൽ ഉണ്ടായത്. സി.കെ. നഗർ, പൊട്ടിക്കൽ മേഖലകളിൽനിന്ന് തിങ്കളാഴ്ച പുലർച്ചെയോടെ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുക്കുകയായിരുന്നു.
വണ്ടൂർ സ്വദേശി സജ്ജാദ്, കരുവാരക്കുണ്ട് സ്വദേശി റഹീം, വണ്ടൂർ കോട്ടക്കുന്ന് സ്വദേശി റഫീഖ് എന്നിവരുടെ മൃതദേഹങ്ങളാണ് തിങ്കളാഴ്ച രാവിലെ ലഭിച്ചത്. അപകടത്തിൽപ്പെട്ട ടി.കെ. നഗർ കോളനി സ്വദേശിയായ സജിത എന്ന യുവതിക്കായി നിലവിൽ തിരച്ചിൽ തുടരുകയാണ്. കോട്ടപ്പുഴയുടെ നാല് കിലോമീറ്ററോളം വരുന്ന വിവിധ ഭാഗങ്ങളിൽനിന്നാണ് ഇതുവരെ അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തത്.
കാണാതായ യുവതിക്കായി ദേശീയ ദുരന്ത നിവാരണ സേന, അഗ്നിരക്ഷാ സേന, ട്രോമ കെയർ പ്രവർത്തകർ, സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത തിരച്ചിലാണ് നടക്കുന്നത്. മന്ത്രി, എം.എൽ.എ, സബ് കളക്ടർ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്. പാറക്കെട്ടുകളും വലിയ കുഴികളും നിറഞ്ഞ പുഴയായതിനാൽ തിരച്ചിൽ ദൗത്യം ഏറെ ദുഷ്കരമാണെന്ന് രക്ഷാപ്രവർത്തകർ വ്യക്തമാക്കുന്നു.
വലിയ മഴയില്ലാത്ത സമയത്തും മലയോര മേഖലയിൽ മഴ പെയ്താൽ പെട്ടെന്ന് കുത്തിയൊഴുകുന്ന സ്വഭാവമുള്ള പുഴയാണിത്. ഞായറാഴ്ച ചെറിയ ചാറ്റൽ മഴ മാത്രമാണ് ഉണ്ടായതെന്നും അതിനാൽ മലവെള്ളപ്പാച്ചിൽ പ്രതീക്ഷിച്ചിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. ഞായറാഴ്ച നിരവധി സഞ്ചാരികൾ ഇവിടെ എത്തിയിരുന്നു. അപകടമേഖലയാണെങ്കിലും ഇവിടെ മുന്നറിയിപ്പ് ബോർഡുകൾ ഒന്നും സ്ഥാപിച്ചിരുന്നില്ലെന്ന് പരാതിയുണ്ട്. പ്രദേശവാസികളുടെ താക്കീത് അവഗണിച്ചാണ് പലപ്പോഴും സഞ്ചാരികൾ ഇവിടെ എത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. വരും ദിവസങ്ങളിൽ ഇവിടെ ആവശ്യമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുമെന്ന് എം.എൽ.എ അറിയിച്ചിട്ടുണ്ട്.
Content Highlights: Five bodies recovered from Kottappuzha following a sudden flash flood in Chokkad, Nilambur., Joint rescue operations by NDRF, Fire Force, and locals are ongoing to find the missing woman., Locals report a lack of warning signs in the hazard-prone tourist area despite heavy upstream rains.