'അതിനൊക്കെ ആയോ അന്‍വര്‍';നിലമ്പൂര്‍ ആയിഷയെ വേദിയിലിരുത്തി മറുപടി നല്‍കി സിപിഎം

നിലമ്പൂര്‍ ആയിഷ സിപിഎം വിശദീകരണ യോഗത്തില്‍
നിലമ്പൂര്‍ ആയിഷ സിപിഎം വിശദീകരണ യോഗത്തില്‍

ചന്തക്കുന്ന്: ഇടത് സ്വതന്ത്ര എംഎല്‍എ ആയിരുന്ന പി.വി.അന്‍വറിനെതിരെയുള്ള സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ നിലമ്പൂര്‍ ആയിഷയും. നേരത്തെ മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരായ നീക്കങ്ങള്‍ക്കിടെ അന്‍വറിനെ പിന്തുണച്ച് ആയിഷ രംഗത്തെത്തിയിരുന്നു. തന്റെ പോരാട്ടങ്ങള്‍ക്ക് നിലമ്പൂര്‍ ആയിഷയുടെ സര്‍വ്വ പിന്തുണയും ഉണ്ടെന്ന് ചൂണ്ടിക്കാട്ടി അവര്‍ക്കൊപ്പമുള്ള വീഡിയോയും അന്‍വര്‍ പുറത്തുവിട്ടിരുന്നു.

ഇതിന് പിന്നാലെയാണ് അന്‍വറിന്റെ നീക്കത്തിനെതിരെ സിപിഎം നടത്തുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലേക്ക് നിലമ്പൂര്‍ ആയിഷയെ എത്തിച്ചിരിക്കുന്നത്. 'സഖാവ് കുഞ്ഞാലിക്കൊപ്പം പോരാടിയ ആയിഷാത്തയെ ആണ് അന്‍വര്‍ കുഞ്ഞാലിയുടെ പോരാട്ടം പഠിപ്പിക്കുകയാണ്' അന്‍വറിനെ പരിഹസിച്ച് സിപിഎം നിലമ്പൂര്‍ ഏരിയാ സെക്രട്ടറി ഇ.പദ്മാക്ഷന്‍ പറഞ്ഞു.

കുഞ്ഞാലിക്കൊപ്പം പോരാടിയ ആളോടാണ് കുഞ്ഞാലിയുടെ പോരാട്ടം പഠിപ്പിക്കാം എന്ന് പറയുന്നത്. അതിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോര് സംഘടിപ്പിക്കാമെന്ന് പ്രതീക്ഷിക്കുന്നത്. മിസ്റ്റര്‍, അന്‍വര്‍ അത് കുറച്ചുകടന്നുപോയി. നിലമ്പൂരിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എക്കാലത്തേയും വഴിക്കാട്ടിയെ അടര്‍ത്തിയെടുക്കാനൊക്കെ ആയോ അന്‍വര്‍. ആയിഷയെ പോയിട്ട് സിപിഎമ്മിന്റെ ഒരു തരി നിങ്ങള്‍ക്ക് കൊണ്ടുപോകാന്‍ കഴിയില്ല' നിലമ്പൂര്‍ ഏരിയ സെക്രട്ടറി പറഞ്ഞു.

സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍ ഉള്‍പ്പടെയുള്ള നേതാക്കളും ചന്തക്കുന്നില്‍ നടന്ന പാര്‍ട്ടി വിശദീകരണ യോഗത്തില്‍ പങ്കെടുത്തു.
 

Content Highlights: nilambur ayisha on stage cpm meeting-against pv anvar