14വർഷത്തെ ഒളിവുജീവിതം: സവാദിന് പോപ്പുലർ ഫ്രണ്ടിന്റെ സഹായം ലഭിച്ചു? അധ്യാപകന്റെ കൈവെട്ടിയ കേസിൽ കൂടുതൽ അന്വേഷണത്തിന് NIA

#ന്യൂസ് ഡെസ്ക്
കൈവെട്ടുകേസിൽ എൻ.ഐ.എ. അറസ്റ്റുചെയ്ത ഒന്നാംപ്രതി സവാദിനെ കൊച്ചി എൻ.ഐ.എ. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ, സവാദ് താമസിച്ചിരുന്ന മട്ടന്നൂർ പരിയാരം ബേരത്തെ വീടും അറസ്റ്റ് വിവരമറിഞ്ഞെത്തിയ നാട്ടുകാരും | Photo: Mathrubhumi
കൈവെട്ടുകേസിൽ എൻ.ഐ.എ. അറസ്റ്റുചെയ്ത ഒന്നാംപ്രതി സവാദിനെ കൊച്ചി എൻ.ഐ.എ. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ, സവാദ് താമസിച്ചിരുന്ന മട്ടന്നൂർ പരിയാരം ബേരത്തെ വീടും അറസ്റ്റ് വിവരമറിഞ്ഞെത്തിയ നാട്ടുകാരും | Photo: Mathrubhumi

കൊച്ചി: മൂവാറ്റുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയ കേസിൽ കൂടുതൽ അന്വേഷണത്തിലേക്ക് നീങ്ങി എൻഐഎ. പ്രതി സവാദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം കൂടുതൽ അന്വേഷണത്തിലേക്ക് നീങ്ങുന്നതെന്നാണ് വിവരം.

കൃത്യം നടത്തിയതിന് ശേഷം 14 വർഷത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി സവാദിനെ 2024ലാണ് അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിഞ്ഞ കാലയളവിൽ ഇയാൾക്ക് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സഹായം പലപ്പോഴായി ലഭിച്ചുവെന്നാണ് കണ്ടെത്തൽ. തമിഴ്നാട്ടിലെ ദിണ്ഡിഗലിലായിരുന്നു ആദ്യം സവാദ് ഒളിവിൽ കഴിഞ്ഞിരുന്നത്. പിന്നീട് നാലുവർഷത്തോളം കണ്ണൂരിലായിരുന്നു ഒളിവുജീവിതം. കണ്ണൂരിൽ ഇയാൾക്ക് സഹായം ചെയ്തുനൽകിയ ആളെ അന്വേഷണ സംഘം പിടികൂടുകയും കേസിൽ 55-ാം പ്രതിയായി ചേർക്കുകയും ചെയ്തിരുന്നു. ഒളിവിൽ കഴിഞ്ഞ കാലത്ത് പ്രതിക്ക് ലഭിച്ച സഹായങ്ങളെ കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണെന്നാണ് എൻഐഎ കൊച്ചിയിലെ കോടതിയിൽ അറിയിച്ചിരിക്കുന്നത്.

അതേസമയം, 2024ൽ സവാദിനെ അറസ്റ്റ് ചെയ്തതാണെന്നും മാസങ്ങൾ ഏറെ പിന്നിട്ടിട്ടും ഈ വിഷയത്തിൽ അന്വേഷണം നടത്താതെ ഇപ്പോൾ അന്വേഷണം നടത്താനുള്ള ആവശ്യവുമായി എൻഐഎ നീങ്ങുന്നതിന് പിന്നിൽ വിചാരണ നീട്ടികൊണ്ടുപോകാനുള്ള ഉദ്ദേശ്യമാണെന്നും പ്രതിഭാഗം വാദിച്ചു.

Content Highlights: NIA seeks more investigation into the teacher`s hand amputation case, exploring alleged Popular Front of India (PFI) support for the accused, Savad, who was on the run for 14 years. Click for details.