സിപിഎം കൗൺസിലർക്ക് അങ്കണവാടിയിൽ സ്ഥിരം നിയമനം; പ്രതിഷേധവുമായി ബിജെപി

നഗരസഭയിലെ അങ്കണവാടികളിലെ സ്ഥിരം നിയമനങ്ങളിൽക്രമക്കേട് ആരോപിച്ച് നഗരസഭ ഐസിഡിഎസ് ഓഫീസറുടെ ഓഫീസ് ബിജെപി കൗൺസിലർമാർ ഉപരോധിക്കുന്നു
നഗരസഭയിലെ അങ്കണവാടികളിലെ സ്ഥിരം നിയമനങ്ങളിൽക്രമക്കേട് ആരോപിച്ച് നഗരസഭ ഐസിഡിഎസ് ഓഫീസറുടെ ഓഫീസ് ബിജെപി കൗൺസിലർമാർ ഉപരോധിക്കുന്നു

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയിലെ അങ്കണവാടി വർക്കർ, ഹെൽപ്പർ സ്ഥിരം നിയമനത്തിൽ സ്വജനപക്ഷപാതമെന്ന് ആരോപണം. സിപിഎമ്മിലെ കൗൺസിലറെ അങ്കണവാടി വർക്കറായി നിയമിച്ചതിന്റെപേരിലാണ് പ്രതിഷേധമുയർന്നത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട നിലവിലെ താത്കാലിക വർക്കറെ യോഗ്യതയുണ്ടായിട്ടും ഒഴിവാക്കിയാണ് കൗൺസിലറെ നിയമിച്ചത്. ഇതിനെതിരേ നഗരസഭ ഐസിഡിഎസ് ഓഫീസിനു മുന്നിൽ ബിജെപി കൗൺസിലർമാർ ഉപരോധസമരം നടത്തി.

നഗരസഭയിലെ വിവിധ അങ്കണവാടികളിലായി എട്ട് വർക്കർമാരുടെയും 21 ഹെൽപ്പർമാരുടെയും സ്ഥിരം ഒഴിവാണുണ്ടായിരുന്നത്. നിലവിൽ താത്കാലികമായി ജോലി ചെയ്യുന്നവരെയാണ് സ്ഥിരം നിയമനത്തിനായി ആദ്യ പരിഗണന നൽകേണ്ടത്. എന്നാൽ, ഈഴക്കുളം അങ്കണവാടിയിലെ വർക്കറായ അശ്വതിയെ സ്ഥിരം നിയമനത്തിനായി നഗരസഭ നിയോഗിച്ച ഇന്റർവ്യൂ ബോർഡ് പരിഗണിച്ചില്ല. പകരം കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിൽ ചുണ്ടവിളാകം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച സിന്ധുവിനെയാണ് പരിഗണിച്ചത്. നിലവിലെ കവളാകുളം വാർഡ് കൗൺസിലർ ഡി. സൗമ്യയെ കടകമ്പ് അങ്കണവാടിയുടെ വർക്കറായി നിയമിക്കുകയും ചെയ്തു. നഗരസഭാ കൗൺസിൽ നിയമിച്ച ഇന്റർവ്യൂ ബോർഡ് കൗൺസിലറായവരെ മുൻപരിചയമില്ലാതെ വർക്കറായി നിയമിച്ചതിനെതിരേ ബിജെപി കൗൺസിലർമാർ പ്രതിഷേധവുമായി രംഗത്തെത്തി.

സൗമ്യകൂടി പങ്കെടുത്ത കൗൺസിൽ നിയോഗിച്ച ഇന്റർവ്യൂ ബോർഡാണ് സൗമ്യയെ സ്ഥിരം നിയമനത്തിനു തിരഞ്ഞെടുത്തത്. ഡി.സൗമ്യ രണ്ടാമത്തെ പ്രാവശ്യമാണ് നഗരസഭാ കൗൺസിലറാകുന്നത്. നഗരസഭാ വൈസ് ചെയർപേഴ്‌സൺ പ്രിയാ സുരേഷ് അങ്കണവാടി വർക്കറായിരുന്നു. തിരഞ്ഞെടുപ്പിൽ ജയിച്ചതിനെ തുടർന്ന് ദീർഘകാല അവധിയിലാണിവർ.

ബിജെപി പാർലമെന്ററി പാർട്ടി ലീഡർ എം.ഷിബുരാജ് കൃഷ്ണ, കൗൺസിലർമാരായ മഞ്ചത്തല സുരേഷ്, വേണുഗോപാൽ, കല, എസ്.എസ്.സ്വപ്‌നജിത്ത്, മരങ്ങാലി ബിനു, അജിത, സുമ എന്നിവരാണ് ഉപരോധം നടത്തിയത്. സമരംചെയ്തവരെ നെയ്യാറ്റിൻകര പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

നിയമിച്ചത് യോഗ്യത ഉള്ളവരെയെന്ന് ചെയർമാൻ

:കൗൺസിൽ യോഗ തീരുമാനപ്രകാരമാണ് ഇന്റർവ്യൂ ബോർഡ് രൂപവത്കരിച്ചത്. അപേക്ഷിച്ചവരിൽ യോഗ്യരായവരെ മാത്രമേ സ്ഥിരനിയമനത്തിൽ ബോർഡ് ശുപാർശ ചെയ്തിട്ടുള്ളൂ. നിയമനങ്ങൾ രാഷ്ട്രീയപ്രേരിതമല്ലെന്നും നഗരസഭാ ചെയർമാൻ പി.കെ. രാജമോഹനൻ പറഞ്ഞു.

Content Highlights: neyyattinkara municipality accused of nepotism in anganwadi worker appointments