തീവ്രമഴയും ചുഴലിക്കാറ്റുകളും കണ്ടെത്തും; സംസ്ഥാനത്ത് പുതിയ കാലാവസ്ഥ നിരീക്ഷണ റഡാർ വരുന്നു

#ടി.ജെ. ശ്രീജിത്ത്
പ്രതീകാത്മക ചിത്രം | Photo: Ridhin Damu/Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Ridhin Damu/Mathrubhumi

കൊച്ചി: കാലാവസ്ഥാ നിരീക്ഷണം കൂടുതൽ ശക്തമാക്കാൻ സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐ.എം.ഡി.) പുതിയ നിരീക്ഷണ റഡാർ സ്ഥാപിക്കും. കൊല്ലം നീണ്ടകരയിലാണ് സ്ഥലം കണ്ടിരിക്കുന്നത്. ഐ.എം.ഡി.യുടെ ആവശ്യപ്രകാരം സംസ്ഥാന റവന്യൂവകുപ്പാണ് സ്ഥലം നിർണയിച്ചത്. സ്ഥലപരിശോധന പൂർത്തിയായി. ഇനി മണ്ണുപരിശോധന കൂടി കഴിഞ്ഞാൽ റഡാർ സ്ഥാപിക്കാനുള്ള നടപടി തുടങ്ങും.

കടലിൽ രൂപപ്പെടുന്ന തീവ്രമഴയും ചുഴലിക്കാറ്റുകളും കണ്ടെത്താൻ സാധിക്കുന്ന എസ്-ബാൻഡ് റഡാറാണ് സ്ഥാപിക്കുന്നത്. ഇതോടെ അറബിക്കടലിലെ ആകാശം കേന്ദ്രീകരിച്ചുള്ള ഐ.എം.ഡി.യുടെ കാലവസ്ഥാ പ്രവചനം കുറേക്കൂടി കൃത്യതയുള്ളതാകുമെന്നാണ് കരുതുന്നത്.

ഐ.എം.ഡി.ക്ക് കൊച്ചിയിലാണ് ഏറ്റവും വലിയ റഡാർ സംവിധാനമുള്ളത്. പിന്നെ തിരുവനന്തപുരത്ത് ഐ.എസ്.ആർ.ഒ.യുടെ റഡാറിൽ നിന്നുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. ഇതിന് പുറമേ വയനാട് ഒരു ചെറുറഡാറും സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിൽ മൺസൂണും ചുഴലിക്കാറ്റുമെല്ലാം അറബിക്കടൽ കേന്ദ്രീകരിച്ചാണ് വരുന്നതെന്നതിനാൽ തീരപ്രദേശത്തെ കാലാവസ്ഥാ പ്രവചനത്തിന് അതീവ പ്രാധാന്യമാണിപ്പോൾ നൽകുന്നത്. മത്സ്യബന്ധന തൊഴിലാളികൾക്ക് കൃത്യമായ വിവരം ലഭ്യമാക്കുക എന്നതും ലക്ഷ്യമാണ്.

കാലാവസ്ഥാ പ്രവചനത്തിൽ പരമാവധി കൃത്യത കൊണ്ടുവരുന്നതിനായി രാജ്യം മുഴുവൻ റഡാർ നിരീക്ഷണത്തിലാക്കണമെന്നാണ് കേന്ദ്ര നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു റഡാറിന്റെ റെയ്ഞ്ചിലേക്ക് മറ്റൊരു റഡാറിന്റെ റെയ്ഞ്ച് കടന്നുവരുന്ന രീതിയിൽ (റെയ്ഞ്ച് ഓവർലാപ്പിങ്) പുതിയ റഡാറുകൾ സ്ഥാപിക്കുന്നുണ്ട്. ഇതാണ് തിരുവനന്തപുരത്തിനും കൊച്ചിക്കുമിടയിൽ പുതിയ റഡാർ സ്ഥാപിക്കുന്നത്. ‘

കൊല്ലത്ത് സ്ഥാപിക്കുന്ന റഡാറിലൂടെ 250 കിലോമീറ്ററോളം ചുറ്റളവിൽ നിരീക്ഷണം സാധ്യമാകും. 'ഡേറ്റ പാറ്റേൺ' എന്ന കമ്പനിയാണ് റഡാർ സ്ഥാപിക്കുക.

Content Highlights: IMD to install a new S-band weather radar in Neendakara, Kollam to improve cyclone tracking and rainfall accuracy.