ഒരു ബസ് കുറയുമ്പോള്‍ നഷ്ടം ലക്ഷങ്ങള്‍, പ്രൈവറ്റ് ബസുകള്‍ക്ക് 503 റൂട്ടുകള്‍ നല്‍കും- ഗതാഗത മന്ത്രി

തിരുവനന്തപുരം: ഏപ്രില്‍ മാസം മുതല്‍ കെ.എസ്.ആര്‍.ടി.സിക്ക് പുതിയ ബസുകള്‍ വരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. കെ.എസ്.ആര്‍.ടി.സിയുടെ ചരിത്രത്തില്‍ ഇതുവരെ കാണാത്തത്ര എയര്‍കണ്ടീഷന്‍, സ്ലീപ്പര്‍ തുടങ്ങിയ ഹൈടെക് ബസുകളാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു ഉള്‍പ്പെടെയുള്ള അന്തര്‍ സംസ്ഥാന പാതകളില്‍ ഹൈടെക് ബസുകളും ചെറിയ റൂട്ടുകളില്‍ ചെറിയ ബസുകളുമായിരിക്കും നല്‍കുക.
കേരളത്തില്‍ സര്‍ക്കാര്‍/ പ്രൈവറ്റ് ബസുകള്‍ കണ്ടിട്ട് പോലുമില്ലാത്ത റൂട്ടുകളുണ്ട്. ഇത്തരം വഴികള്‍ കണ്ടെത്തി പുതിയ ബസുകള്‍ അനുവദിക്കും. ഇന്ത്യയില്‍ തന്നെ ആദ്യമായി റൂട്ട് ഫോര്‍മുലേറ്റ് ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. ഏകദേശം 1100 പുതിയ റൂട്ടുകളാണ് ഇത്തരത്തില്‍ കണ്ടെത്തിയത്. ഇതില്‍ 503 റൂട്ടുകളില്‍ ബസ് ഓടിക്കാന്‍ പ്രൈവറ്റ് ബസുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുകയാണ്. ഈ റൂട്ടുകളില്‍ പെര്‍മിറ്റ് സംവിധാനത്തിന് പകരം ലൈസന്‍സുകളായിരിക്കും നല്‍കുകയെന്നും മന്ത്രി അറിയിച്ചു.
ലൈസന്‍സ് സംവിധാനത്തില്‍ അനുവദിച്ചിട്ടുള്ള ബസുകള്‍ക്ക് മാത്രമായിരിക്കും ഈ റൂട്ടുകളില്‍ ഓടാന്‍ അനുമതി. കളക്ഷന്‍ ഉള്ള റൂട്ടുകളില്‍ മത്സരം ഒഴിവാക്കാനാണ് ഈ സംവിധാനമെന്നും മന്ത്രി പറഞ്ഞു. 2001-ല്‍ ഞാന്‍ ഗതാഗത മന്ത്രിയാകുമ്പോള്‍ 24000 പ്രൈവറ്റ് ബസുകള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. 2006 ആയപ്പോഴേക്കും അത് 28,000-ലേക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ വെറും 7000 പ്രൈവറ്റ് ബസുകളാണ് കേരളത്തില്‍ ഉള്ളതെന്നും മന്ത്രി പറഞ്ഞു.
ഒരു പ്രൈവറ്റ് ബസ് സര്‍വീസ് നിര്‍ത്തുമ്പോള്‍ വലിയ നഷ്ടമാണ് ഖജനാവിന് ഉണ്ടാകുന്നത്. പ്രതിവര്‍ഷം ഒരുലക്ഷം രൂപ ടാക്‌സ് ഇനത്തില്‍ ലഭിക്കുന്ന തുക നഷ്ടമാകും. ഇതിനൊപ്പം മൂന്ന് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും. ഓരോ ബസും കുറഞ്ഞത് 50 മുതല്‍ 100 ലിറ്റര്‍ വരെ ഡീസലാണ് ദിവസവും അടിക്കുന്നത്. ഇതില്‍ നിന്ന് ലഭിക്കേണ്ട നികുതിയും സര്‍ക്കാരിന് നഷ്ടമാകുകയാണ്. ഇങ്ങനെയൊക്കെയാണ് സര്‍ക്കാര്‍ വരുമാനത്തില്‍ ചോര്‍ച്ചയുണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു.
രണ്ട് മത്സരങ്ങളാണ് പ്രധാനമായും ബസ് മേഖലയില്‍ നടക്കുന്നത്. ഒന്ന് പ്രൈവറ്റ് ബസുകള്‍ തമ്മിലും മറ്റൊന്ന് കെ.എസ്.ആര്‍.ടി.സിയും പ്രൈവറ്റ് ബസും തമ്മിലും. ഞാന്‍ മന്ത്രി ആയപ്പോള്‍ ആദ്യം പറഞ്ഞത് പ്രൈവറ്റ് ബസിനൊപ്പം കെ.എസ്.ആര്‍.ടി.സി. മത്സരിച്ച് ഓടേണ്ടെന്നാണ്. പ്രൈവറ്റ് ബസുകള്‍ വരാത്ത കെ.എസ്.ആര്‍.ടി.സിക്ക് കുത്തകയായ നിരവധി റൂട്ടുകളുണ്ട്. അവിടെ ഓടി കളക്ഷന്‍ ഉണ്ടാക്കാം. എന്നാല്‍, അവിടെ ഓടിക്കാതെ പ്രൈവറ്റ് ബസിനൊപ്പം ഓടുകയാണെന്നും മന്ത്രി പറഞ്ഞു.
ഈ മത്സരങ്ങള്‍ അവസാനിപ്പിക്കാനാണ് ലൈസന്‍സ് സംവിധാനം കൊണ്ടുവരുന്നത്. ഈ രീതി നടപ്പാക്കുമ്പോള്‍ ഒരു റൂട്ടില്‍ രണ്ടുബസുകള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിട്ടുള്ളതെങ്കില്‍ പിന്നെ കോടതിയില്‍ പോയാല്‍ പോലും മറ്റൊരു ബസിന് അനുമതി ലഭിക്കില്ല. ഈ സംവിധാനം ആദ്യം നടപ്പാക്കിയത് തിരുവനന്തപുരം നഗരത്തിലാണ്. 103 ബസുകള്‍ക്ക് അനുമതി നല്‍കി റൂട്ട് ഫോര്‍മുലേറ്റ് ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഇന്നും 103 ബസുകള്‍ക്ക് മാത്രമേ ഇവിടെ അനുമതിയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Kerala transport minister announces new KSRTC buses and a new route licensing system for private bus