ആരോഗ്യരംഗത്തെ ഉണർത്തും; തിരുവനന്തപുരത്തും ഹരിപ്പാട്ടും പുതിയ മെഡിക്കൽ കോളേജുകൾ - ആരോഗ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരത്തും ഹരിപ്പാട്ടും പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. തിരുവനന്തപുരത്ത് ജനറൽ ആശുപത്രിയിൽ കെട്ടിടങ്ങൾ നിർമിച്ചിരുന്നു. അവിടെത്തന്നെയാണ് പുതിയ കോളേജ് ഉദ്ദേശിക്കുന്നതും. നേരത്തേ ഇവിടെ നൂറു സീറ്റിന് അനുമതിലഭിച്ചിരുന്നു. അതൊക്കെ റദ്ദായസ്ഥിതിക്ക് ആദ്യംമുതൽ നടപടികൾ ആരംഭിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
'ഹരിപ്പാട് മെഡിക്കൽ കോളേജിന് അനുമതി ലഭിച്ചിരുന്നു. 25 ഏക്കർ ആരോഗ്യവകുപ്പിന് കൈമാറിക്കിട്ടിയിരുന്നു. ഹരിപ്പാട് ഉടൻ നിർമാണം തുടങ്ങാനാണ് തീരുമാനം. 25 ഏക്കർ സർക്കാരിന്റെ പക്കലുണ്ട്. യു.ഡി.എഫ്. സർക്കാർ തുടക്കമിട്ട മറ്റ് മെഡിക്കൽ കോളേജുകളുടെയും സൗകര്യങ്ങൾ വർധിപ്പിക്കും.' അദ്ദേഹം പറഞ്ഞു.
'സർക്കാർ ആശുപത്രികളിൽ ഒരു രോഗിയും നിലത്തുകിടക്കരുതെന്നാണ് ആഗ്രഹം. അതിനായി സൗകര്യം വർധിപ്പിക്കും. പല പുതിയ മെഡിക്കൽ കോളേജുകളിലും സൗകര്യമുണ്ടായിട്ടും രോഗികളെ മറ്റ് മെഡിക്കൽ കോളേജുകളിലേക്ക് റഫർചെയ്യുന്നത് അവസാനിപ്പിക്കും. ഡോക്ടർമാരെ വിന്യസിച്ച് ഇടുക്കിയടക്കമുള്ള മെഡിക്കൽ കോളേജുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരും.' ആരോഗ്യമന്ത്രി വ്യക്തമാക്കി.
'രോഗികൾക്കാവശ്യമായ മരുന്ന് മുടങ്ങരുതെന്നാണ് സർക്കാരിന്റെ പ്രഖ്യാപിതലക്ഷ്യം. മെഡിക്കൽ സർവീസസ് കോർപ്പറേഷൻവഴി അതിനുള്ള നടപടി സ്വീകരിക്കും. മരുന്നുവിതരണക്കാർക്കുള്ള കുടിശ്ശികയൊക്കെ നൽകും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും സാമൂഹിക, കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും സൗകര്യം വർധിപ്പിക്കും. ആശുപത്രികൾ വൃത്തിയാക്കി സൂക്ഷിക്കും.' അദ്ദേഹം പറഞ്ഞു.
'ഓരോ പ്രദേശത്തിന്റെയും ആവശ്യമനുസരിച്ച് ആശുപത്രികൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കും. ഡോക്ടർമാരുടെ സേവനം മുഴുവൻ സമയവും ലഭ്യമാക്കും. ഡോക്ടർമാരുടെയും നഴ്സിങ് പാരാമെഡിക്കൽ ജീവനക്കാരുടെയും തസ്തികകൾ സൃഷ്ടിക്കും. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ആരോഗ്യവകുപ്പിൽ നിലവിലുള്ള സ്റ്റാഫ് പാറ്റേൺ പരിഷ്‌കരിക്കും.' മന്ത്രി കൂട്ടിച്ചേർത്തു.
'യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന ഉമ്മൻചാണ്ടിയുടെ പേരിലുള്ള സൗജന്യ ചികിത്സാപദ്ധതി നടപ്പാക്കും. എല്ലാ കുടുംബങ്ങൾക്കും പ്രതിവർഷം 25 ലക്ഷം രൂപയുടെ സൗജന്യചികിത്സയാണ് വാഗ്ദാനം. നിലവിലുള്ള കാരുണ്യ അടക്കമുള്ള പദ്ധതികളുമായിച്ചേർന്ന് നടപ്പാക്കണമോ എന്നകാര്യത്തിൽ നയപരമായ തീരുമാനം കൈക്കൊള്ളും.' അദ്ദേഹം പറഞ്ഞു.
കാരുണ്യ ഇൻഷുറൻസ് പദ്ധതിവഴി നിലവിൽ ചികിത്സനൽകിയ ആശുപത്രികൾക്കും സ്വകാര്യ മെഡിക്കൽ കോളേജുകൾക്കുമുള്ള കുടിശ്ശിക അടിയന്തരമായി വിതരണംചെയ്യുമെന്നും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
Content Highlights: Establishment of new medical colleges in Thiruvananthapuram and Haripad., Expansion of 24/7 hospital services and infrastructure upgrades. Implementation of Oommen Chandy free treatment scheme covering 25 lakh per family. Clearance of pending dues for Karunya insurance and medical suppliers. Recruitment of new doctors and paramedical staff.