ഗർഭസ്ഥശിശു മരിച്ച സംഭവം; ‘ഇനി ഒരച്ഛനും ഈ ഗതി വരരുത്, കൈക്കൂലി വാങ്ങിയ ശേഷവും ചികിത്സ വൈകിപ്പിച്ചു’

നെടുമങ്ങാട്: ഡോക്ടറുടെ ചികിത്സപ്പിഴവിനെത്തുടർന്ന് ആദ്യത്തെ കണ്മണിയുടെ പുഞ്ചിരിക്കുന്ന മുഖം കാണാനാകാതെപോയ അച്ഛൻ വിനിൽ മനോഹർ നെഞ്ചുരുകി പറയുന്നു, 'ഒരച്ഛനും ഈ ഗതി ഇനി വരരുത്'. തിങ്കളാഴ്ച രാവിലെ ഏറെ സന്തോഷത്തോടെയാണ് ഭാര്യയുമൊത്ത് വിനിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിയത്. സ്കാനിങ് റിപ്പോർട്ടുകൾ കാണിക്കുന്നതിനു വേണ്ടിയാണ് വന്നത്. എന്നാൽ, ചികിത്സിക്കുന്ന ഡോക്ടർ ബിന്ദു സുന്ദർ ഉടൻതന്നെ ഇവരെ അഡ്മിറ്റ് ചെയ്യുകയായിരുന്നു.
'പ്രസവകാലത്ത് നാലാംമാസംമുതൽ ഇതേ ഡോക്ടറെ കണ്ടുവരികയായിരുന്നു. എല്ലാ പരിശോധനകളും നടത്തിയിരുന്നു. കൂടാതെ രണ്ടുതവണയായി ഡോക്ടർ ചോദിച്ചതനുസരിച്ച് 10000 രൂപ കൈക്കൂലി നൽകുകയും ചെയ്തു. എന്നിട്ടും എന്റെ ഭാര്യയ്ക്ക് ആവശ്യമായ ചികിത്സകൾ ലഭ്യമാക്കിയില്ല. പൊന്നോമനയുടെ മുഖം കാണാനിരുന്ന ഞങ്ങൾക്ക് സങ്കടത്തിന്റെ കണ്ണീരാണ് ബാക്കിയുള്ളത്.' വിനിൽ മനോഹർ പറഞ്ഞു.
'ആദിവാസി കുടുംബത്തിൽ ജനിച്ചുപോയതാണോ ഞങ്ങളുടെ തെറ്റ്. ആദ്യ കുഞ്ഞിന്റെ മരണം എന്റെ ഭാര്യയെ മാനസികമായി വല്ലാതെ തളർത്തിയിട്ടുണ്ട്. ഡോക്ടറെക്കുറിച്ച് നിരവധിപേർ പരാതികൾ എന്നോട് പറഞ്ഞിരുന്നു. പക്ഷേ, അതൊന്നും ഞാൻ കാര്യമാക്കിയില്ല. അതാണ് ഈ ദുരന്തത്തിലേക്കു വഴിവെച്ചത്' - വിനിൽ മനോഹർ പറഞ്ഞു.
ചികിത്സപ്പിഴവിന് പുറമേ കൈക്കൂലി ആരോപണവും, ഡോക്ടർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ആദിവാസി യുവതിയുടെ ഗർഭസ്ഥശിശു മരിച്ച സംഭവത്തിൽ ചികിത്സപ്പിഴവിനു പുറമേ ബന്ധുക്കളിൽനിന്നു കൈക്കൂലി വാങ്ങി എന്ന ആരോപണംകൂടി പുറത്തുവന്നതോടെ ഡോക്ടർക്ക് സസ്പെൻഷൻ. ചികിത്സിച്ച ഡോക്ടർ ബിന്ദു സുന്ദർ കൈക്കൂലി വാങ്ങിയ ശേഷവും ചികിത്സ ൈവകിപ്പിക്കുകയായിരുന്നുവെന്ന് ആരോപിച്ച ബന്ധുക്കൾ രണ്ടാംദിനവും പ്രതിഷേധം തുടർന്നതോടെയാണ് നടപടി.
സസ്പെൻഷൻ ഉത്തരവ് പുറത്തുവന്നതിനുശേഷമാണ് ബന്ധുക്കൾ ഇൻക്വസ്റ്റിൽ ഒപ്പിടാൻ തയ്യാറായത്. നെടുമങ്ങാട് വിതുര മണലി റോഡരികത്തുവീട്ടിൽ രാമകൃഷ്ണൻകാണി-നിർമല ദമ്പതിമാരുടെ മകൾ രഞ്ജനാകൃഷ്ണ(36)യുടെ കുഞ്ഞാണ് പ്രസവശസ്ത്രക്രിയയെത്തുടർന്ന് മരിച്ചത്.
ചികിത്സയ്ക്കായി ഡോക്ടർ കൈക്കൂലി വാങ്ങിയിരുന്നുവെന്ന് യുവതിയുടെ പിതാവ് രാമകൃഷ്ണൻകാണിയും ഭർത്താവ് വിനിലും ബുധനാഴ്ചയാണ് വെളിപ്പെടുത്തിയത്. ഇതോടെ ഡോക്ടറെ സ്ഥലംമാറ്റിക്കൊണ്ടുള്ള ആദ്യ ഉത്തരവ് പിൻവലിച്ച് ആരോഗ്യവകുപ്പ് സസ്പെൻഷൻ ഉത്തരവിറക്കി. ഗൈനക്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ. ബിന്ദു സുന്ദറിനെ ആദ്യം കൊല്ലം പുനലൂർ താലൂക്ക് ആശുപത്രിയിലേക്കു സ്ഥലംമാറ്റിക്കൊണ്ടായിരുന്നു ഉത്തരവ്.
സ്ഥലത്തെത്തിയ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും ഡിഎംഒയും ഉൾപ്പെട്ട സംഘം ചർച്ച നടത്തിയശേഷമാണ് ബന്ധുക്കൾ നവജാതശിശുവിന്റെ പോസ്റ്റ്മോർട്ടത്തിനുള്ള സമ്മതപത്രം ഒപ്പിടാൻ തയ്യാറായത്. ആശുപത്രിക്കു പുറത്ത് നാട്ടുകാരും ബന്ധുക്കളും വിവിധ രാഷ്ട്രീയപ്പാർട്ടികളും വൈകീട്ടുവരെ പ്രതിഷേധം തുടർന്നു.
സംഭവത്തിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരം വിശദമായ അന്വേഷണത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്എടി ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചു. പീഡിയാട്രിക്, ഗൈനക്കോളജി, അനസ്തീസ്യ വിഭാഗങ്ങളിലെ ഡോക്ടർമാരാണ് സംഘത്തിലുള്ളത്.
ചൊവ്വാഴ്ചയാണ് സിസേറിയൻ ശസ്ത്രക്രിയക്കിടയിൽ രഞ്ജനാകൃഷ്ണയുടെ കുഞ്ഞ് മരിച്ചത്. പുലർച്ചെ നാലിന് പ്രസവത്തിനായി പ്രവേശിപ്പിച്ച രഞ്ജനയ്ക്ക് ഉച്ചയ്ക്ക് രണ്ടുമണി കഴിഞ്ഞപ്പോഴാണ് സിസേറിയൻ നടത്തിയത്. നവജാതശിശുവിന്റെ തലയ്ക്ക് വലുപ്പം കൂടുതലായതുകൊണ്ടാണ് മരണം സംഭവിച്ചതെന്നാണ് ഡോക്ടർ പറഞ്ഞത്.
എന്നാൽ, അഞ്ചുമാസമായി ഇതേ ഡോക്ടർക്കു കീഴിൽ സ്കാനിങ് ഉൾപ്പെടെ നടത്തിയിട്ടും ഇക്കാര്യം അറിയാത്തതെന്ത് എന്നാണ് ബന്ധുക്കൾ ചോദിക്കുന്നത്. ഡോക്ടർ ബിന്ദുവിനെതിരേ മുൻപും പരാതികൾ ഉയർന്നിരുന്നു. പ്രസവശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ ജനനേന്ദ്രിയത്തിലൂടെ ശരീരവിസർജ്യം പുറത്തേക്കുപോകുന്നെന്ന പരാതിയിൽ ബിന്ദുവിനെതിരേ ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും അന്വേഷണം നടക്കുന്നുണ്ട്.
സമരപരമ്പരയ്ക്കൊടുവിൽ ഡോക്ടർക്കെതിരേ നടപടി
നെടുമങ്ങാട്: ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് സമരപരമ്പരകൾക്ക് തുടക്കമായത്. രാത്രി 11 മണിയോടെ ഡോക്ടറോട് നിർബന്ധിത അവധിയിൽപ്പോകാൻ ആരോഗ്യവകുപ്പ് അറിയിച്ചു. മെഡിക്കൽ കോളേജിൽനിന്നുള്ള ആരോഗ്യവിഭാഗം സംഭവത്തിൽ പ്രത്യേക അന്വേഷണം നടത്തുമെന്നും കുറ്റക്കാരിയെന്നു കണ്ടെത്തിയാൽ സസ്പെൻഡ് ചെയ്യുമെന്നുമാണ് സമരക്കാരെ അറിയിച്ചത്. എന്നാൽ രഞ്ജനയുടെ ബന്ധുക്കളും വിവിധ രാഷ്ട്രീയ സംഘടനകളും സാമുദായിക സംഘടനകളും ഈ വാദം അംഗീകരിക്കാൻ തയ്യാറായില്ല.
രാത്രിയും പുലർച്ചെയും ബുധനാഴ്ച വൈകീട്ട് 4 മണിവരെയും സമരം തുടർന്നു. സമരം ശക്തമാകുന്നുവെന്ന് കണ്ടതോടെ ആരോഗ്യവകുപ്പ് ചുവടുമാറ്റി. ഡോക്ടറെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവിറങ്ങി. എന്നാൽ ഇതിലും സമരക്കാർ പിന്മാറാൻ തയ്യാറായില്ല. പ്രതിഷേധം കൂടുതൽ ശക്തമായി.
ഇതിനിടയിലാണ് രഞ്ജനയുടെ ഭർത്താവ് വിനിൽമനോഹർ ഡോക്ടർക്കെതിരേ കൈക്കൂലി ആരോപണവുമായി രംഗത്തെത്തിയത്. രണ്ടുതവണയായി ഡോക്ടർ 10000 രൂപ കൈക്കൂലി വാങ്ങിയതായി വിനിൽ ആരോപിച്ചു. ഇതോടെ ഡോക്ടറെ സസ്പെൻഡ് ചെയ്യാതെ വഴിയില്ലെന്നായി. ബുധനാഴ്ച മൂന്നുമണിയോടെയാണ് ഡോ. ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. പരിസരത്ത് പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്.
Content Highlights: A tragic infant death at Nedumangad District Hospital. Father alleges doctor`s negligence and bribery, demanding justice. Read the full story.