നെന്മാറയിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പതിമൂന്നുകാരി മരിച്ചു; കടിയേറ്റത് വീടിനുള്ളിൽവെച്ച്

നെന്മാറ: പാലക്കാട് നെന്മാറയിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പതിമൂന്നുകാരി മരിച്ചു. നെന്മാറ ചക്കാത്തറ സ്വദേശികളായ രാമൻ-അംബിക ദമ്പതികളുടെ മകൾ രാജേശ്വരിയാണ് ഞായറാഴ്ച രാവിലെ മരിച്ചത്. രണ്ടാഴ്ച മുൻപ് വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ മൂർഖൻ പാമ്പ് കടിച്ചത്.
മെയ് 14-ന് ഉച്ചയ്ക്കായിരുന്നു സംഭവം. പാമ്പുകടിയേൽക്കുന്ന സമയത്ത് രാജേശ്വരി വീട്ടിൽ തനിച്ചായിരുന്നു. വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ചെത്തിയ പിതൃസഹോദരനും ഭാര്യയുമാണ് കുട്ടിയെ വായിൽ നുരയും പതയും വന്ന നിലയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ നെന്മാറ സർക്കാർ ആശുപത്രിയിലും പിന്നീട് ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും നില അതീവ ഗുരുതരമായി തുടരുകയായിരുന്നു.
തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. നെന്മാറ പഴയഗ്രാമം എൽ.എൻ.എസ്. യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് രാജേശ്വരി. സഹോദരൻ കൃഷ്ണപ്രസാദ്.
Content Highlights: 13-year-old Rajeshwari died following a cobra bite at her home in Nemmara., The incident occurred on May 14 while the child was alone at home., She received treatment at Nemmara Government Hospital, Alathur private hospital, and Thrissur Medical College., Rajeshwari was a 7th-grade student at LNS UP School, Pazhayagramam.