നെഹ്രു ട്രോഫി: ജേതാവ് കാരിച്ചാൽതന്നെ, കളക്ടർക്ക് നൽകിയ പരാതികൾ തള്ളി

ഇക്കഴിഞ്ഞ നെഹ്രു ട്രോഫി വള്ളംകളിയിൽനിന്ന് | സ്ക്രീൻ​ഗ്രാബ്
ഇക്കഴിഞ്ഞ നെഹ്രു ട്രോഫി വള്ളംകളിയിൽനിന്ന് | സ്ക്രീൻ​ഗ്രാബ്

ആലപ്പുഴ: ഈ വർഷത്തെ നെഹ്‌റു ട്രോഫി ജലമേള മത്സരഫലം സംബന്ധിച്ച് ലഭിച്ചിട്ടുള്ള പരാതിയില്‍ ജൂറി ഓഫ് അപ്പീല്‍ പരിശോധന പൂര്‍ത്തിയാക്കി. ജഡ്ജസ് പ്രഖ്യാപിച്ച വിധി പുനഃപരിശോധിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്ന് ജൂറി ഓഫ് അപ്പീല്‍ വിലയിരുത്തിയതായി എന്‍.റ്റി.ബി.ആര്‍ സൊസൈറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ അലക്‌സ് വര്‍ഗീസ് അറിയിച്ചു. ഇതോടെ കാരിച്ചാൽ ചുണ്ടൻതന്നെ ജേതാവായി നിലനിൽക്കും.

കാരിച്ചാൽ ചുണ്ടന്റെ വിജയത്തിനെതിരെ വീയപുരം ചുണ്ടൻ തുഴഞ്ഞ കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെയും കുമരകം ടൗണ്‍ ബോട്ട് ക്ലബും രം​ഗത്തെത്തിയിരുന്നു. ഇവർ സമർപ്പിച്ച അപ്പീലുകളാണ് തിങ്കളാഴ്ച ചേർന്ന സിറ്റിങ്ങിൽ ജൂറി ഓഫ് അപ്പീൽ തള്ളിയത്. കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ പരാതി വിശദമായി യോഗം പരിശോധിച്ചു. ബന്ധപ്പെട്ട വീഡിയോയും, ടൈമിങ് സംവിധാനവും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജൂറി ഓഫ് അപ്പീൽ തീരുമാനമെടുത്തത്.  

കുമരകം ടൗണ്‍ ബോട്ട് ക്ലബിന്റെ പരാതിയും വിശദമായി ജൂറി ഓഫ് അപ്പീല്‍ പരിശോധിച്ചു. സ്റ്റാര്‍ട്ടിങ്ങില്‍ കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴ പൊക്കിപ്പിടിച്ചതായി കണ്ടെത്തി. എന്നാല്‍ മല്‍സര നിബന്ധനപ്രകാരം അവര്‍ തുഴയേണ്ടതായിരുന്നു. ട്രാക്ക് ക്ലിയറാണ് എന്ന് ഉറപ്പാക്കി ചീഫ് അമ്പയര്‍ സ്റ്റാര്‍ട്ടിങ്ങിന് അനുമതി നല്‍കിയതിനാലാണ് ചീഫ് സ്റ്റാര്‍ട്ടര്‍ സ്റ്റാര്‍ട്ടിങ് നടത്തിയത്. അതിനാല്‍ ഈ പരാതി പുനഃപരിശോധിക്കേണ്ട സാഹചര്യമുള്ളതായി കാണുന്നില്ലെന്നും ജൂറി യോഗം വിലയിരുത്തി. 

അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ആശാ സി. എബ്രഹാം, ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ.വേണു, ജില്ലാ ലോ ഓഫീസര്‍ അഡ്വ. അനില്‍കുമാര്‍, എന്‍.റ്റി.ബി.ആര്‍ സൊസൈറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുന്‍ എംഎല്‍എ സി.കെ.സദാശിവന്‍, ചുണ്ടന്‍വള്ളം ഉടമ അസോസിയേഷന്‍ പ്രസിഡന്റ് ആര്‍.കെ കുറുപ്പ് എന്നിവരടങ്ങിയതാണ് ജൂറി ഓഫ് അപ്പീൽ.

Content Highlights: Karichal Chundan is the Winner of Nehru Trophy Boat Race 2024