ഓളപ്പരപ്പുകള്‍ക്കുമേല്‍ ചാട്ടുളിപോലെ പറന്നുവരുന്ന ജലരാജന്‍... കാരിച്ചാല്‍!; ഒരു ഫാന്‍ബോയ് മൊമന്റ്

ഫുട്‌ബോളിന്റെ കളിത്തൊട്ടിലായ റിയോ ഡി ജെനയ്‌റോയിലെ മാരക്കാനയിലും ക്രിക്കറ്റിന്റെ കളിത്തൊട്ടിലായ ഈഡന്‍ ഗാര്‍ഡനിലും ഗാലറികളുടെ ആവേശത്തിലും ആരവത്തിലും അലിഞ്ഞുനിന്നിട്ടുണ്ട്. ടെലിവിഷനിലൂടെ ഇതിഹാസങ്ങള്‍ പന്തുതട്ടുന്നത് കണ്ടു. കളിയെഴുത്തിന്റെ ഭാഗമായി എത്രയോ വലിയ കളിക്കളങ്ങളില്‍ എത്രയോ വലിയ മത്സരങ്ങള്‍ക്ക് സാക്ഷിയായി. എന്നാല്‍, അവര്‍ക്കൊക്കെ മുന്നെ, ജീവിതത്തിന്റെ ഭാഗമായിമാറിയ, ആവേശത്തിന്റെ പര്യായമായി മാറിയ മറ്റൊന്നുണ്ട്- ഓളപ്പരപ്പുകള്‍ക്കുമേല്‍ ചാട്ടുളിപോലെ പറന്നുവരുന്ന ജലരാജന്‍. അതിന് പേര്‍ കാരിച്ചാല്‍. ജീവിതത്തിലാദ്യമായി ആരാധനയെന്ന വാക്ക് അതിന്റെ അര്‍ഥമറിഞ്ഞ് മനസ്സില്‍ കുടിയേറിയത് കാരിച്ചാലിനൊപ്പമാണ്.
നെഹ്‌റു ട്രോഫി വള്ളംകളിയെന്നത് ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച ഉച്ചനേരത്ത് ആകാശവാണിയിലെ ദൃക്‌സാക്ഷിവിവരണങ്ങളില്‍ മാത്രമൊതുങ്ങിനിന്ന കാലത്ത് തുടങ്ങിയതാണ് കാരിച്ചാലിനോടുള്ള തുഴയടുപ്പം. ആലപ്പുഴക്കാരനാണെങ്കിലും, വള്ളംകളി അന്നോളം നേരിട്ടുകണ്ടിട്ടില്ലെങ്കിലും ആവേശത്തിന്റെ ഒരു വെള്ളത്തുള്ളിപോലും നഷ്ടപ്പെടാതെ ആവാഹിച്ച ദൃക്‌സാക്ഷിവിവരണങ്ങളില്‍ കാരിച്ചാല്‍ ചുണ്ടന്‍ ജീവിതത്തിന്റെ ഭാഗമായി. ആ ഇഷ്ടം മറ്റു ചുണ്ടന്മാരെ ആരാധനയുടെ ലോകത്ത് വള്ളപ്പാടുകള്‍ക്ക് പിന്നിലാക്കി.
ആകാശവാണി കമന്ററി സംഘം എത്ര മനോഹരമായാണ് വള്ളംകളി കാണാത്തവരുടെ മനസ്സുകളിലേക്കുപോലും വള്ളപ്പാടും അമരവും തുഴയേറുമൊക്കെ ദൃശ്യങ്ങളാക്കി അവതരിപ്പിച്ചതെന്നത് ഇന്നുമോര്‍ക്കുമ്പോള്‍ അദ്ഭുതം തോന്നും. സ്റ്റാര്‍ട്ടിങ് പോയിന്റില്‍നിന്ന് ചുണ്ടന്‍വള്ളങ്ങള്‍ പുറപ്പെട്ടുകഴിഞ്ഞാല്‍, പിന്നീടുള്ള നാലഞ്ചുമിനിറ്റ് ഇവര്‍ വാക്കുകളിലൂടെ തീര്‍ക്കുന്ന ഇന്ദ്രജാലമാണ് മനസ്സിലേക്ക് ഒരു തുഴയേറിന്റെയും ആവേശം നിറയ്ക്കുക. എത്രയോ വര്‍ഷങ്ങള്‍ക്കുശേഷമാണ് വള്ളംകളി നേരിട്ടുകണ്ടത്. പക്ഷേ, പുന്നമടയുടെ തീരത്തെ ആവേശത്തിലലിഞ്ഞുനിന്നപ്പോള്‍, ഓളങ്ങളെ കീറിമുറിച്ച് ജലരാജാക്കന്മാര്‍ തുഴയെറിഞ്ഞുവരുന്നത് കണ്ടപ്പോള്‍ ഇതൊക്കെ എത്രയോ തവണ 'കേട്ടു-കണ്ടിരിക്കുന്നു' എന്ന തോന്നലാണുണ്ടായത്. ദൃക്‌സാക്ഷി വിവരണങ്ങളിലൂടെ പുന്നമടയും വള്ളംകളിയും മനസ്സിലേക്ക് അത്രയ്ക്കും ആഴ്ന്നിറങ്ങിയിരുന്നു.
എന്‍.പി. ചെല്ലപ്പന്‍നായരെന്ന പഴയ ഡപ്യൂട്ടി കളക്ടറാണ് ദൃക്‌സാക്ഷിവിവരണത്തിന്റെ സാധ്യത ആദ്യമായി വള്ളംകളിയുമായി കൂട്ടിയിണക്കിയത്. നാഗവള്ളി ആര്‍.എസ്. കുറുപ്പ് ആകാശവാണിയിലായിരുന്നു ജോലി ചെയ്തിരുന്നത്. അദ്ദേഹവും ചേര്‍ന്നതോടെ വള്ളംകളി പുന്നമടയുടെ തീരങ്ങള്‍ വീട്ട് ശബ്ദവീചികളായി കേരളക്കരയാകെ ആവേശത്തിന്റെ തുഴയെറിഞ്ഞു. പി.ഡി. ലൂക്ക്, സതീഷ് ചന്ദ്രന്‍, കെ.പി.എം. ഷെറീഫ് തുടങ്ങിയ കമന്റേറ്റര്‍മാരുടെ വാഗ്‌ധോരണികള്‍ വള്ളംകളിയുടെ ആവേശം എല്ലാ വീടുകളിലുമെത്തിച്ചു. വേറെയും പലരുണ്ട്. ഓര്‍മ്മയില്‍നിന്നവരെ ചൂണ്ടിക്കാണിച്ചുവെന്നുമാത്രം.
നെഹ്‌റു ട്രോഫി ഏറ്റവും കൂടുതല്‍ തവണ നേടിയ ചുണ്ടന്‍വള്ളമെന്നതായിരുന്നു കാരിച്ചാലിനെ വേറിട്ടുനിര്‍ത്തിയിരുന്ന ഘടകം. അതുതന്നെയായിരുന്നു കാരിച്ചാലിനോട് സ്‌നേഹം കൂടാനുള്ള കാരണം. കമന്ററിക്കിടെ നെഹ്‌റു ട്രോഫിയുടെ ചരിത്രം പറയുമ്പോള്‍ മാത്രമാണ് ചെറിയൊരു സങ്കടം വരിക. ജവാഹര്‍ലാല്‍ നെഹ്‌റു ചാടിക്കയറിയത് നടുഭാഗം ചുണ്ടനിലേക്കായിരുന്നുവെന്ന് കേള്‍ക്കുമ്പോള്‍, അന്ന് കാരിച്ചാല്‍ ഇല്ലായിരുന്നല്ലോ എന്ന് മനസ്സ് സമാധാനിപ്പിക്കും. കാരിച്ചാല്‍ കിരീടത്തില്‍ മുത്തമിട്ട വര്‍ഷങ്ങള്‍ ഹൃദിസ്ഥമായിരുന്നു. ഇരട്ട ഹാട്രിക് നേടിയ കാരിച്ചാലിന്റെ വിജയഗാഥകള്‍ കമന്റേറ്റര്‍മാര്‍ പറയുമ്പോള്‍, ആ വര്‍ഷങ്ങളിങ്ങനെ ഉരുവിടും. 1974, 75, 76, 1980, 82, 83, 84, 86, 87... കാരിച്ചാല്‍ കിരീടം നേടിയ വര്‍ഷങ്ങള്‍ ആ കമന്ററിയില്‍ ഇടയ്ക്കിടെ കേള്‍ക്കുമ്പോള്‍ രോമാഞ്ചമണിയും.
ഇടക്കാലത്ത് കാരിച്ചാലിന്റെ പ്രശസ്തി അല്‍പമൊന്ന് മങ്ങി. 1987-നുശേഷം 2000-ലാണ് കിരീടമേന്തുന്നത്. 2001, 2003, 2008 വര്‍ഷങ്ങളിലും ജേതാക്കളായി. 2011-ല്‍ കിരീടം നേടിയെങ്കിലും മത്സരഫലം കോടതിയിലായി. 2022-ലാണ് കാരിച്ചാലിനെ ചാമ്പ്യന്മാരായി പ്രഖ്യാപിച്ച് വിധിവന്നത്. 2016-ല്‍ കിരീടം നേടിയ കാരിച്ചാല്‍, പുന്നമടയുടെ രോമാഞ്ചമായി ഇക്കുറി വീണ്ടും കപ്പുയര്‍ത്തി.
ജവാഹര്‍ തായങ്കരിയായിരുന്നു അന്നത്തെ പ്രധാന എതിരാളി. ഫുട്‌ബോളില്‍ അര്‍ജന്റീനയെന്നപോലെയാണ് വള്ളംകളിയില്‍ കാരിച്ചാല്‍. ജവാഹര്‍ തായങ്കരി ബ്രസീലും. ഹീറ്റ്‌സില്‍ ഇവര്‍ ഒരുമിച്ചുവരല്ലേ എന്നായിരുന്നു ആദ്യ പ്രാര്‍ഥന. ഒരുമിച്ച് മത്സരിച്ച് കാരിച്ചാലെങ്ങാന്‍ തോറ്റുപോയാല്‍? ഹീറ്റ്‌സ് കഴിഞ്ഞാല്‍ വെപ്പ്, ഇരുട്ടുകുത്തി തുടങ്ങിയ ചെറുതോണികളുടെ പോരാട്ടമാണ്. അത് കേള്‍ക്കാന്‍ നില്‍ക്കില്ല. പുറത്തേക്കോടി കൂട്ടുകാരോട് കാരിച്ചാല്‍ ഫൈനലില്‍ കടന്നതിന്റെ വിശേഷങ്ങള്‍ പങ്കിടാന്‍ പോകും. ചമ്പക്കുളവും നടുഭാഗവും ചെറുതനയും പായിപ്പാടും വെള്ളംകുളങ്ങരയുമൊക്കെയുണ്ടെങ്കിലും ജവാഹര്‍ തായങ്കരിയെ മനസ്സ് ശത്രുവായി പ്രതിഷ്ഠിച്ചു.
കാരിച്ചാല്‍-ജവാഹര്‍ തായങ്കരി ചുണ്ടന്മാര്‍ തമ്മിലുണ്ടായിരുന്നത് അര്‍ജന്റീന- ബ്രസീല്‍ പോലെ, ബാഴ്‌സയും റയലുംപോലെ മോഹന്‍ ബഗാനും ഈസ്റ്റ്ബംഗാളും പോലെ വാശിയേറിയ പോരാട്ടമായിരുന്നു. രണ്ടും നിര്‍മിച്ചത് ഒരേ പ്രതിഭ. കോയില്‍മുക്ക് നാരായണനാചാരി. കാരിച്ചാല്‍ 1970-ല്‍ നീറ്റിലിറങ്ങിയെങ്കില്‍, തായങ്കരി 1972-ലും നീരണിഞ്ഞു. പുന്നമടയില്‍ ഇവരുടെ പോരാട്ടംവരുമ്പോള്‍ കമന്റേറ്റര്‍മാരുടെ വാക്കുകള്‍ക്ക് ആവേശത്തിന്റെ ഇരട്ടയെന്‍ജിനുനുണ്ടാകും. ഫൈനലില്‍ നാല് വള്ളങ്ങള്‍ സ്റ്റാര്‍ട്ടിങ് പോയിന്റില്‍നിന്ന് പുറപ്പെടുമ്പോള്‍, റോഡിയോയുടെ സ്പീക്കറിലൂടെ ആവേശത്തിന്റെ വെള്ളത്തുള്ളികള്‍ തെറിക്കും.
''ഒന്നാം ട്രാക്കില്‍ കാരിച്ചാല്‍, രണ്ടാം ട്രാക്കില്‍ നടുഭാഗം, മൂന്നാം ട്രാക്കില്‍ ജവഹര്‍ തായങ്കരി, നാലാം ട്രാക്കില്‍ പായിപ്പാട്. ഇവരിലാരാകും നെഹ്രു ട്രോഫിയില്‍ മുത്തമിടുക. കാരിച്ചാലാണോ? നടുഭാഗമാണോ? ജവഹര്‍ തായങ്കരിയാണോ അതോ പായിപ്പാടാണോ...?'' കമന്ററിയങ്ങനെ പതിഞ്ഞതാളത്തില്‍നിന്ന് പതുക്കെ മുറുകി മുറുകി ഓരോ തുഴയ്ക്കുമൊപ്പം ആവേശമേറ്റിയങ്ങനെവരും. പുന്നമടയുടെ കുഞ്ഞോളങ്ങളെ കീറിമുറിച്ച് വെള്ളത്തില്‍ തൊട്ടുംതൊടാതെയും ചുണ്ടന്‍വള്ളങ്ങള്‍ ഫിനിഷിങ് പോയന്റിലേക്ക് പാഞ്ഞുവരും. ഒടുവില്‍, അതാ കാരിച്ചാല്‍.... എന്ന് ശബ്ദം റേഡിയോയില്‍നിന്ന് കേള്‍ക്കുമ്പോള്‍ ഹൃദയം ആവേശേത്തിന്റെ അമരത്തുണ്ടാകും.
വര്‍ഷങ്ങള്‍ കഴിഞ്ഞു. ആകാശവാണി കമന്ററി ടി.വിയിലെ ദൃശ്യാനുഭവങ്ങള്‍ക്ക് വഴിമാറി. വര്‍ഷങ്ങള്‍ക്കുശേഷമാണ് നെഹ്‌റു ട്രോഫി ഫൈനല്‍ കാണുന്നത്. അതില്‍ പ്രിയപ്പെട്ട കാരിച്ചാല്‍, പതിനാറാം തവണ നെഹ്‌റു ട്രോഫിയില്‍ മുത്തമിടുന്നത്, അതും ഫോട്ടോഫിനിഷില്‍ മുത്തമിടുന്നത് കണ്ടപ്പോള്‍, റേഡിയോക്കുമുന്നില്‍നിന്ന് തുള്ളിച്ചാടി സന്തോഷം കൂട്ടുകാരെ അറിയിക്കാന്‍ പുറത്തേക്കോടിയിരുന്ന ആ കുട്ടി, എന്റെയുള്ളില്‍നിന്ന് ഇറങ്ങിയോടി, ജലരാജന്‍ കാരിച്ചാലെന്ന് ആര്‍ത്തുവിളിച്ചുകൊണ്ട്.
Content Highlights: Karichal chundan winning Nehru Trophy- A fan boy moment