ലൈംഗികാതിക്രമക്കേസ്: മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാരെ ഹൈക്കോടതി വെറുതേവിട്ടു

നീലലോഹിതദാസൻ നാടാർ | ഫോട്ടോ - സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
നീലലോഹിതദാസൻ നാടാർ | ഫോട്ടോ - സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി

കൊച്ചി: ഐഎഫ്എസ് ഉദ്യോഗസ്ഥയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ മുന്‍മന്ത്രി ഡോ. എ. നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തനാക്കി. ജില്ലാ കോടതിയുടെ ശിക്ഷാവിധിക്കെതിരെ നീലലോഹിതദാസന്‍ നാടാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. നീലലോഹിതദാസന്റെ അപ്പീല്‍ അംഗീകരിച്ച ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ശിക്ഷ റദ്ദാക്കുകയായിരുന്നു.

കേസിലെ ഒന്നാം സാക്ഷിയും പരാതിക്കാരിയുമായ ഐഎഫ്എസ് ഉദ്യോഗസ്ഥയുടെയും മറ്റു സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് നാടാരെ വിചാരണ കോടതിയും ജില്ലാ കോടതിയും ശിക്ഷിച്ചിരുന്നത്. എന്നാല്‍ പരാതിക്കാരിയുടെ മൊഴിയില്‍ ചില അവ്യക്തതകള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി ശിക്ഷാനടപടി റദ്ദാക്കുകയായിരുന്നു. 

കേരള വനംവകുപ്പില്‍ ഉന്നതസ്ഥാനം വഹിച്ചിരുന്ന ഉദ്യോഗസ്ഥയ്ക്കുനേരെ 1999 ഫെബ്രുവരി 27-നാണ് കേസിനാസ്പദമായ ലൈംഗികാതിക്രമമുണ്ടായത്. ഉദ്യോഗസ്ഥയെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തുകയും തിരിച്ചിറങ്ങാന്‍ നേരം മോശമായി പെരുമാറുകയുമായിരുന്നു എന്നാണ് പരാതി. 2002 ഫെബ്രുവരിയില്‍ നീലലോഹിതദാസനെതിരേ മുതിര്‍ന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥ പരാതി നല്‍കിയതോടെയാണ് ഐഎഫ്എസ് ഉദ്യോഗസ്ഥയും പരാതിയുമായി രംഗത്തെത്തിയത്.
 

Content Highlights: High Court Acquits Former Minister Neelalohithadasan Nadar in Sexual Harassment Case