നെടുമ്പാശ്ശേരി വാഹനാപകടം; വാഹനമോടിച്ച സുഹൈലിന്റെ സുഹൃത്തും അറസ്റ്റിൽ

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിഐപി റോഡിലുണ്ടായ വാഹനാപകടത്തെ തുടർന്ന് മൂന്ന് പേർ മരിച്ച സംഭവത്തിൽ വാഹനമോടിച്ച സുഹൈലിന്റെ സുഹൃത്തും അറസ്റ്റിൽ. ആലപ്പുഴ സ്വദേശിയായ നിനവിനെയാണ് നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടക്കുമ്പോൾ വാഹനത്തിനുള്ളിൽ ഇയാളുമുണ്ടായിരുന്നു. മദ്യപിച്ച് വാഹനമോടിക്കാൻ പ്രേരിപ്പിച്ചതിനാണ് കേസ്.
സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സുഹൃത്തുക്കളുടെ പിന്നിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാർ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. മംഗലാപുരം സ്വദേശി ഇയാസ്, പാലക്കാട്, വയനാട് സ്വദേശികളായ ഗോപിക, ദേവിക എന്നിവരാണ് മരണപ്പെട്ടത്.
ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ വിഐപി റോഡിലെ മൂഴിയാലിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. കൊച്ചിയിലെ ഒരു ആന്റീക് ഷോപ്പിലെ ജീവനക്കാരായ ഇവർ എയർപോർട്ട് ഭാഗം സന്ദർശിച്ചശേഷം തൃക്കാക്കരയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായത്. അപകടത്തിൽ മൂന്നുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയായിരുന്നു.
അപകടമുണ്ടാക്കിയ മിനി കൂപ്പർ ഓടിച്ചിരുന്ന സുഹൈലിനെതിരെ നരഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാറിലുണ്ടായിരുന്നവർ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. വാഹനം പരിശോധിച്ചപ്പോൾ ലഹരിവസ്തുക്കൾ കണ്ടെത്തിയതായി നാട്ടുകാർ ആരോപിച്ചിരുന്നു.
Content Highlights: Alappuzha native Ninav arrested for abetting drunk driving in Nedumbassery