പഠിക്കണം, സ്വന്തം കാലിൽനിൽക്കണം, കുടുംബത്തിന് കൈത്താങ്ങാകണം; ഒടുവിൽ എല്ലാം പാതിവഴിയിലാക്കി അവർ മടങ്ങി

കാക്കനാട്: പഠിക്കണം, സ്വന്തം കാലിൽ നിൽക്കണം, കുടുംബത്തിന്റെ പ്രയാസങ്ങൾക്ക് കൈത്താങ്ങാകണം... ഗോപികയുടെയും ദേവികയുടെയും സ്വപ്നങ്ങൾക്ക് ഈ ലക്ഷ്യങ്ങളായിരുന്നു കരുത്ത്. പഠനച്ചെലവുകൾ കണ്ടെത്താൻ ജോലിക്കിറങ്ങിയ അവർ അധ്വാനത്തിലൂടെ ജീവിതം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലായിരുന്നു. പകൽ ജോലിയും പഠനവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോയി.
ഒഴിവുസമയങ്ങളിൽ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾ നെയ്തു. ഓരോ ദിവസവും അവർ നടന്നുകയറിയത് സ്വപ്നങ്ങളിലേക്കുള്ള പടവുകളായിരുന്നു. എന്നാൽ, ആ യാത്രയ്ക്ക് അപ്രതീക്ഷിതമായി തിരശ്ശീല വീണു. ജോലി കഴിഞ്ഞ് ചായ കുടിക്കാനിറങ്ങിയ യാത്രയിൽ പൊലിഞ്ഞത് ഗോപികയുടെയും ദേവികയുടെയും മംഗലാപുരം സ്വദേശി മുഹമ്മദ് ഇയ്യാസിന്റെയും ജീവനുകൾ.
അധ്വാനത്തിന്റെ കഠിനവഴികൾ
പഠനവും ജോലിയും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ക്ലാസ് മുറികളിലെ പഠനത്തിനൊപ്പം ജോലിസ്ഥലത്തെ ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കണം. വരുമാനത്തിൽനിന്ന് പഠനച്ചെലവുകൾ കണ്ടെത്തണം. ക്ഷീണത്തിനും തിരക്കിനുമിടയിലും പഠനത്തിനായി സമയം കണ്ടെത്തണം.
സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും ഗോപികയും ദേവികയും തിരഞ്ഞെടുത്തത് ഈ കഠിനവഴിയായിരുന്നു. മറ്റുള്ളവരെ ആശ്രയിക്കുന്നതിനുപകരം സ്വന്തം അധ്വാനത്തിലൂടെ മുന്നേറാമെന്ന ആത്മവിശ്വാസം അവർക്കുണ്ടായിരുന്നു. തൃക്കാക്കര കെ.എം.എം. കോളേജിൽനിന്ന് ബിരുദപഠനം പൂർത്തിയാക്കിയ ഇരുവരും ഉപരിപഠനത്തിനായി തിരഞ്ഞെടുത്തത് കലൂരിലെ സ്ഥാപനത്തിൽ നടത്തുന്ന കോഴ്സുകളാണ്.
പഠനം തുടരുമ്പോഴും വരുമാനം കണ്ടെത്താൻ ഇരുവരും ജോലിക്കിറങ്ങി. തൃക്കാക്കര ഉണിച്ചിറയിലെ സുഖോയ് ആർട്ട് ക്രാഫ്റ്റ് ഷോപ്പിൽ പാർട്ട് ടൈം ജീവനക്കാരായാണ് തുടക്കം. ജോലിയോടുള്ള ആത്മാർഥതയും മികവും അവരെ സ്ഥാപനത്തിലെ ഡിപ്പാർട്ട്മെന്റ് ഹെഡുമാരായി ഉയർത്തി.
പഠനത്തിനൊപ്പം പടുത്തുയർത്തിയ സ്വപ്നങ്ങൾ
ബി.സി.എ. ബിരുദധാരിയായ ഗോപിക ഡേറ്റാ അനലിറ്റിക്സിലും ബി.ബി.എ. പൂർത്തിയാക്കിയ ദേവിക ലജിസ്റ്റിക്സ് കോഴ്സിലുമാണ് ഉപരിപഠനം നടത്തുന്നത്. ബിരുദം പൂർത്തിയാക്കിയതുകൊണ്ട് പഠനം അവസാനിപ്പിക്കാൻ അവർ തയ്യാറായിരുന്നില്ല. കൂടുതൽ പഠിച്ച് മികച്ചൊരു കരിയർ കെട്ടിപ്പടുക്കണമെന്ന ആഗ്രഹമാണ് അവരെ മുന്നോട്ടുനയിച്ചത്.
മംഗലാപുരം സ്വദേശിയായ മുഹമ്മദ് ഇയ്യാസും പഠനത്തിനൊപ്പം ജോലിചെയ്താണ് മുന്നോട്ടുപോയിരുന്നത്. ഓൺലൈൻ കോഴ്സ് ചെയ്യുന്നതിനൊപ്പം സ്വകാര്യ ഡ്രൈവിങ് സ്കൂളിൽ ഹെവി വെഹിക്കിൾ ഡ്രൈവിങ്ങും പഠിച്ചുവരുകയായിരുന്നു.
ചായ കുടിക്കാൻ പോയി; കാത്തിരുന്നത് ദുരന്തം
സുഖോയ് സ്ഥാപനത്തിൽ 15 മുതൽ 20 വരെ ജീവനക്കാരുണ്ട്. ജോലിക്കുശേഷം മുറിയിലെത്തി ഫ്രഷായശേഷം രാത്രി വിമാനത്താവളത്തിന് സമീപത്തെ വ്യൂപോയിന്റിൽ ചായ കുടിച്ച് മടങ്ങുമ്പോഴാണ് ദുരന്തമുണ്ടായതെന്ന് സഹപ്രവർത്തകർ പറയുന്നു.
പഠിച്ചുയരാനും സ്വന്തം കാലിൽ നിൽക്കാനും ആഗ്രഹിച്ച, സ്വപ്നങ്ങൾക്കൊപ്പം വലിയ ഉത്തരവാദിത്വങ്ങളും ചുമലിലേറ്റിയ ആ യാത്ര പാതിവഴിയിൽ അവസാനിച്ചിരിക്കുന്നു. ഒടുവിൽ ബാക്കിയായത് ഒരിക്കലും തീരാത്ത കണ്ണീരും പൂർത്തിയാക്കാനാവാത്ത മോഹങ്ങളും മാത്രം.
Content Highlights: Gopika and Devika were determined to support their families and build a future through hard work, balancing both studies and part-time jobs to fund their education. Despite financial challenges, they pursued further studies in data analytics and logistics while working at Sukhoi Art Craft Shop, where they advanced to department heads due to their dedication.