എൻസിപി പിളർന്നു; ശരദ് പവാറുമായുള്ള ബന്ധം വിച്ഛേദിച്ച് കേരള ഘടകം; പിളർപ്പിന് കാരണം എൻഡിഎ ബന്ധം

കൊച്ചി: ദേശീയ നേതൃത്വം എൻഡിഎയുമായി സഹകരിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് എൻസിപി കേരള ഘടകം ഔദ്യോഗികമായി പിളർന്നു. ശരദ് പവാറുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായി മുൻ മന്ത്രി എ.കെ. ശശീന്ദ്രനും കുട്ടനാട് മുൻ എംഎൽഎ തോമസ് കെ. തോമസും കൊച്ചിയിൽ നടന്ന യോഗത്തിന് ശേഷം വ്യക്തമാക്കി. താത്കാലികമായി എൻസിപി (സെക്കുലർ) അല്ലെങ്കിൽ എൻസിപി-എസ് എന്ന പേരാണ് സ്വീകരിച്ചിരിക്കുന്നത്. തങ്ങൾ എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
കേന്ദ്ര നേതൃത്വം നിയമിച്ച പുതിയ അധ്യക്ഷൻ പി.എം. സുരേഷ് ബാബുവിനെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ വിമതവിഭാഗം, നിലവിൽ എൽഡിഎഫിന്റെ ഭാഗമായി സ്വതന്ത്രമായി നിൽക്കാൻ തീരുമാനിച്ചു. പുതിയ പാർട്ടിയുടെ പേരും മറ്റു നടപടികളും വരുംദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്. കേന്ദ്ര നയങ്ങളോടുള്ള വിയോജിപ്പും കേരളത്തിലെ ഇടതുപക്ഷ മുന്നണിയിലെ നിലനിൽപ്പുമാണ് ഇത്തരമൊരു നിർണായക തീരുമാനത്തിലേക്ക് നേതാക്കളെ നയിച്ചത്. പി.സി. ചാക്കോ ഉൾപ്പെടെയുള്ള ഒരു വിഭാഗം ഈ നീക്കങ്ങളിൽനിന്ന് വിട്ടുനിന്നു.
ദേശീയ നേതൃത്വം എൻഡിഎയുമായി ബന്ധം പുലർത്തുന്ന സാഹചര്യത്തിൽ കേരളത്തിൽ പാർട്ടിയുടെ നിലനിൽപ്പ് പ്രതിസന്ധിയിലാണെന്ന് നേതാക്കൾ കരുതുന്നു. ഈ ബന്ധം തുടരുന്നത് ശരിയല്ലെന്ന നിലപാടിലാണ് എ.കെ. ശശീന്ദ്രനും തോമസ് കെ. തോമസും. കേന്ദ്ര നേതൃത്വം എൻഡിഎ അനുകൂല നിലപാട് സ്വീകരിക്കുമ്പോൾ കേരളത്തിൽ അത് എങ്ങനെ സാധൂകരിക്കാനാകുമെന്ന് എൽഡിഎഫ് നേതൃത്വം ചോദ്യമുയർത്തിയിരുന്നു. ഇതാണ് സ്വതന്ത്രമായി നിൽക്കാൻ പാർട്ടിയെ പ്രേരിപ്പിച്ച പ്രധാന ഘടകം.
പുതുതായി നിയോഗിക്കപ്പെട്ട സംസ്ഥാന പ്രസിഡന്റ് പി.എം. സുരേഷ് ബാബുവിനെ അംഗീകരിക്കാൻ തയ്യാറല്ലെന്ന് ശശീന്ദ്രൻ-തോമസ് കെ. തോമസ് വിഭാഗം വ്യക്തമാക്കി. കേന്ദ്ര നേതൃത്വത്തെ സ്വാധീനിച്ച് നേടിയെടുത്ത ഈ നിയമനം അംഗീകരിക്കില്ലെന്ന് അവർ പറഞ്ഞു.
പി.സി. ചാക്കോയും പി.എം. സുരേഷ് ബാബുവും കൊച്ചിയിൽ നടന്ന നേതൃയോഗത്തിൽനിന്ന് വിട്ടുനിന്നു. എന്നാൽ, ചാക്കോയുടെ നിലപാട് തങ്ങൾക്ക് പ്രശ്‌നമല്ലെന്നും എല്ലാ ജില്ലാ പ്രസിഡന്റുമാരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നുമാണ് തോമസ് കെ. തോമസ് അവകാശപ്പെടുന്നത്.
Content Highlights: NCP Kerala faction formally severs ties with Sharad Pawar over NDA alliance., AK Saseendran and Thomas K. Thomas lead the breakaway group., The new faction will operate as NCP (Secular) and remain within the LDF., Rejection of the newly appointed state president PM Suresh Babu., PC Chacko and his supporters abstained from the decision.