എൻ.സി.പി.(എസ്)-കോൺഗ്രസ് (എസ്) ലയനം: പുതിയ പാർട്ടിയുണ്ടാക്കാൻ നീക്കം; പദവികളിൽ ധാരണയായി

കൊച്ചി: ഇടതുമുന്നണിയിലെ ഘടകകക്ഷികളായ എൻ.സി.പി.(എസ്) - കോൺഗ്രസ് (എസ്) കക്ഷികൾ ലയിക്കുന്നത് സംബന്ധിച്ച കാര്യങ്ങളിൽ ധാരണയായി. ആറു ജില്ലാ പ്രസിഡന്റ് സ്ഥാനം കോൺഗ്രസ് (എസ്) ന് നൽകുമ്പോൾ എട്ടു ജില്ലകൾ എൻ.സി.പി.ക്കായിരിക്കും.
തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രസിഡന്റുമാർ കോൺഗ്രസ് (എസ്)-ൽ നിന്നായിരിക്കും. ബാക്കി എൻ.സി.പി. പ്രസിഡന്റുമാരായിരിക്കും. ഒരു പാർട്ടിയിൽ ലയിക്കുന്നതിനുപകരം, രണ്ട് പാർട്ടികളും ചേർന്ന് പുതിയ പാർട്ടിയുണ്ടാക്കാനാണ് ആലോചിച്ചിട്ടുള്ളത്.
ഇരുപാർട്ടികളുടെയും പേരുകൾ ഉൾപ്പെടുത്തി കോൺഗ്രസ് (സോഷ്യലിസ്റ്റ്) എന്ന പുതിയ പേരാണ് ആലോചിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടാവും പാർട്ടിയുടെ പേര് അവസാനമായി തീരുമാനിക്കുക. പുതിയ പതാകയും ചിഹ്നവും പാർട്ടിക്കുണ്ടാവും. ഇരുപാർട്ടികളുടെയും നയങ്ങൾ ചേർത്തുകൊണ്ട് പുതിയ ഭരണഘടന തയ്യാറായിക്കഴിഞ്ഞു.
മുൻ മന്ത്രി എ.കെ. ശശീന്ദ്രനായിരിക്കും പാർട്ടി ലീഡർ. മുൻമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാവും സംസ്ഥാന പ്രസിഡന്റ്. പതിനഞ്ച് അംഗ ഉന്നതാധികാര സമിതിയുടെ ചെയർമാൻ തോമസ് കെ. തോമസായിരിക്കും. എൻ.സി.പി.യിൽനിന്നുള്ള പി.ജെ. കുഞ്ഞുമോൻ ട്രഷററാവും. എൻ.സി.പി.യിൽനിന്ന് പി.കെ. രാജനും, വർക്കല രവികുമാറും സീനിയർ വൈസ് പ്രസിഡന്റുമാരാവും. എൻ.സി.പി.യിൽനിന്ന് മുപ്പത് ജനറൽ സെക്രട്ടറിമാരുണ്ടാവും
യുവജന, മഹിളാ അസോസിയേഷനുകളുടെ ഭാരവാഹിത്വം എൻ.സി.പി.ക്കാവും. കർഷകസംഘടനയും മത്സ്യത്തൊഴിലാളി സംഘടനയും അവർക്ക് ലഭിക്കും. എന്നാൽ തൊഴിലാളിയൂണിയന്റെ നേതൃത്വം കോൺഗ്രസ് (എസ്) നാവും. കർഷകത്തൊഴിലാളി സംഘടനയുടെയും അധ്യാപക-സർവീസ് സംഘടനകളുടെയും ഭാരവാഹിത്വവും അവർക്കുകിട്ടും.
ചൊവ്വാഴ്ച കൊച്ചിയിൽ ചേരുന്ന എൻ.സി.പി. ഭാരവാഹി യോഗത്തിൽ പുതിയ പാർട്ടിയാവാനുള്ള തീരുമാനത്തിന് അംഗീകാരം നൽകും. പത്തിനാണ് കോൺഗ്രസ് (എസ്) യോഗം.
ഒക്ടോബർ 2, 3, 4 തീയതികളിൽ ഇരുപാർട്ടികളും ഒന്നിച്ച് വിപുലമായ സമ്മേളനം വിളിച്ച് പുതിയ പാർട്ടിയെ പ്രഖ്യാപിക്കും. ചെറുകക്ഷികൾ ഒന്നിക്കണമെന്ന സി.പി.എം. നിർദേശത്തെ തുടർന്നാണ് എൻ.സി.പി.-കോൺഗ്രസ് (എസ്) ലയനത്തിനുള്ള ആലോചനകൾ പുരോഗമിച്ചത്. എൻ.സി.പി. കേരള ഘടകം ശരദ്പവാറിന്റെ ദേശീയ നേതൃത്വത്തിൽനിന്ന് വിട്ടുപോന്നതും പുതിയ പാർട്ടി രൂപവത്‌കരണത്തിന് പ്രേരകമായി.
Content Highlights: NCP (S) and Congress (S) to merge and form a new political party named Congress (Socialist), AK Saseendran named Party Leader and Ramachandran Kadannappally as State President, Thomas K Thomas to chair the 15-member high-power committee, Official merger announcement planned during a grand convention from October 2 to 4