നയന സൂര്യയുടെ മരണം: പരിക്കുകളല്ല മയോകാര്‍ഡിയല്‍ ഇൻഫാർക്ഷനാണ് മരണകാരണമെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം: യുവസംവിധായിക നയന സൂര്യയുടെ മരണകാരണം ശരീരത്തിലെ പരിക്കുകളല്ലെന്ന് ക്രൈംബ്രാഞ്ച് നിഗമനം. മയോകാര്‍ഡിയല്‍ ഇൻഫാർക്ഷനാണ് മരണകാരണമെന്നാണ് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തല്‍. ക്രൈംബ്രാഞ്ചിന്റെ ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡ് ചൊവ്വാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രത്യേകയോഗം ചേര്‍ന്നിരുന്നു.
ഫൊറന്‍സിക്- മാനസികാര്യോഗ്യ വിദഗ്ധര്‍ യോഗത്തില്‍ പങ്കെടുത്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും വൈദ്യപരിശോധനാഫലങ്ങളും യോഗം വിലയിരുത്തി. എട്ടു പേരടങ്ങുന്ന സംഘമാണ് യോഗത്തിലുണ്ടായിരുന്നത്. 20 ദിവസത്തിനകം മെഡിക്കല്‍ ബോര്‍ഡ് അന്തിമ റിപ്പോര്‍ട്ട് നല്‍കും. ഈ റിപ്പോര്‍ട്ടിലാകും മരണകാരണത്തെക്കുറിച്ച് അന്തിമമായ നിഗമനമുണ്ടാവുക. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ക്രൈംബ്രാഞ്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോവുക.
ഹൃദയസ്തംഭനത്തിന് സമാനമായ അവസ്ഥയാണ് മയോകാര്‍ഡിയല്‍ ഇൻഫാർക്ഷൻ. മരണം സംഭവിച്ചത് പെട്ടെന്നല്ല. രണ്ടു മണിക്കൂര്‍ മുതല്‍ ആറു മണിക്കൂര്‍ വരെ സമയം എടുത്ത് മരണം സംഭവിച്ചതാകാമെന്നാണ് നിഗമനം. കഴുത്തിലെ മുറുകിയ പാടും അടിവയറ്റിലേറ്റ ക്ഷതവുമാണ് മരണകാരണമെന്ന് ആദ്യത്തെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ടായിരുന്നു.
നയന സൂര്യ മരണപ്പെടുന്ന സമയത്ത് മുറി അകത്തുനിന്ന് പൂട്ടിയിരുന്നതായാണ് ക്രൈംബ്രാഞ്ച് നിഗമനം. മറ്റൊരാള്‍ മുറിക്കകത്ത് കടന്നതിന് വിശ്വസനീയമായ തെളിവ് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ബാല്‍ക്കണി വഴി മുറിക്കകത്ത് ആള് പ്രവേശിക്കാനുള്ള സാധ്യതയും ക്രൈംബ്രാഞ്ച് തള്ളുന്നു. മരണം സംഭവിക്കുന്നതിനിടെ നയനയുടെ ഫോണിലേക്ക് ഒരു കോള്‍ വരുകയും അത് റിജക്ടാവുകയും ചെയ്തിരുന്നുവെന്ന സംശയവും ക്രൈംബ്രാഞ്ച് തള്ളുന്നു.
Content Highlights: nayana surya death crime branch medical board meeting Conclusion