ഹെലിക്കോപ്റ്റര്‍ അപകടം: അന്വേഷണം പ്രഖ്യാപിച്ചു, മരിച്ചത് ഗ്രൗണ്ട്സ്റ്റാഫ് യോഗേന്ദ്ര സിങ്

മരിച്ച യോഗേന്ദ്ര സിങ് 2. ചേതക് ഹെലിക്കോപ്റ്റര്‍ | File Photo - AFP
മരിച്ച യോഗേന്ദ്ര സിങ് 2. ചേതക് ഹെലിക്കോപ്റ്റര്‍ | File Photo - AFP

കൊച്ചി: നാവികസേനയുടെ ഹെലികോപ്റ്റര്‍ കൊച്ചിയില്‍ അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് മരിച്ചത് ഗ്രൗണ്ട് സ്റ്റാഫ് യോഗേന്ദ്ര സിങ് എന്ന് അധികൃതര്‍.  ചേതക് ഹെലികോപ്റ്ററിന്റെ റോട്ടര്‍ ബ്ലേഡ് തട്ടിയാണ് അദ്ദേഹം മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു അപകടം.

നാവികസേനയുടെ ദക്ഷിണ മേഖലാ  ആസ്ഥാനത്തിന് സമീപത്തെ നേവല്‍ എയര്‍ സ്റ്റേഷനായ ഐ.എന്‍.എസ്. ഗരുഡയിലെ റണ്‍വേയിലാണ്  അപകടം നടന്നത്. ഹെലികോപ്റ്റര്‍ റണ്‍വേയിലുള്ളപ്പോള്‍ തന്നെയാണ് അപകടമുണ്ടായത്. അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെ റോട്ടര്‍ ബ്ലേഡ് യോഗേന്ദ്ര സിങ്ങിന്റെ ദേഹത്ത് തട്ടുകയായിരുന്നു. 

സംഭവത്തില്‍ നാവികസേന അന്വേഷണം പ്രഖ്യാപിച്ചു. സേനയുടെ പ്രത്യേക സംഘമാണ് എങ്ങനെയാണ് അപകടമുണ്ടായത് എന്ന് അന്വേഷിക്കുക. യോഗേന്ദ്ര സിങ്ങിന്റെ മരണത്തില്‍ നാവികസേനാ ചീഫ് അഡ്മിറല്‍ ആര്‍. ഹരികുമാര്‍ അനുശോചിച്ചു. 

ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന പൈലറ്റ് ഉള്‍പ്പെടെയുള്ളവരുടെ പരിക്ക് ഗുരുതരമല്ല. ഇവര്‍ ദക്ഷിണ നാവികസേനാ ആസ്ഥാനത്തുള്ള നേവിയുടെ തന്നെ സഞ്ജീവനി ആശുപത്രിയില്‍ ചികിത്സയിലാണ്. 

Content Highlights: Man killed in Kochi naval base helicopter accident has identified as ground staff Yogendra Singh.