ഗ്യാസ് ചേംബറിലകപ്പെട്ട് ഒരു ജനത; കെ-റെയിലാണോ മാലിന്യ സംസ്കരണ പ്ലാന്റാണോ നമുക്കാവശ്യം?

പുകമൂലമുള്ള ശ്വാസതടസ്സത്തെ തുടർന്ന് ഇൻഹേലർ വലിക്കുന്ന ബ്രഹ്മപുരം സ്വദേശി ബെന്നി. ഫോട്ടേ: ജി.ആർ. രാഹുൽ.
പുകമൂലമുള്ള ശ്വാസതടസ്സത്തെ തുടർന്ന് ഇൻഹേലർ വലിക്കുന്ന ബ്രഹ്മപുരം സ്വദേശി ബെന്നി. ഫോട്ടേ: ജി.ആർ. രാഹുൽ.

''രണ്ട് ലക്ഷം കോടിയുടെ കെ റെയിലാണോ ആയിരം കോടിയുടെ മാലിന്യസംസ്കരണ പ്ലാന്റാണോ കേരളത്തിനാവശ്യം?''- പ്രതിപക്ഷനേതാക്കളോ പരിസ്ഥിതിവാദികളോ അ‌ല്ല, സാധാരണക്കാരനായ ബെന്നിയാണ് ചോദ്യമുന്നയിക്കുന്നത്. ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റ് സ്ഥിതിചെയ്യുന്ന വാർഡിലെ താമസക്കാരനാണ് ഇദ്ദേഹം. പ്ലാന്റിന്റെ അ‌ശാസ്ത്രീയ പ്രവർത്തനവും തീപ്പിടിത്തവും മൂലം ഏറ്റവും ദുരിതത്തിലാകുന്നതും ബെന്നി ഉൾപ്പെടെയുള്ള ബ്രഹ്മപുരം നിവാസികളാണ്.

'എനിക്ക് നേരത്തേ ശ്വാസംമുട്ടൽ ഉണ്ടായിരുന്നതാണ്.' ബെന്നി പറയുന്നു. 'പക്ഷേ, കഴിഞ്ഞ രണ്ടു വർഷമായി പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. മാലിന്യപ്ലാന്റിൽ തീ കത്തിത്തുടങ്ങിയതു മുതൽ ശ്വാസംമുട്ടും നെഞ്ചുവേദനയും തുടങ്ങി. ഇപ്പോൾ ദിവസത്തിൽ പത്തു പ്രാവശ്യം ഇൻഹേലർ വലിക്കേണ്ട അ‌വസ്ഥയാണ്. ദിവസങ്ങളായി വീടിനകത്ത് അ‌ടച്ചിരിക്കുന്നു. പുക കയറുന്നതിനാൽ ഈ ചൂടത്തു ഫാൻ പോലും ഇടുന്നില്ല. ജീവിക്കാനാവാത്ത സാഹചര്യമാണിവിടെ. ഇതിനാര് പരിഹാരം കാണും?'

ബ്രഹ്മപുരം പ്ലാന്റിലെ തീപ്പിടിത്തത്തിന്റെ ആകാശദൃശ്യം. ഫോട്ടോ: മാതൃഭൂമി

'എന്റെ ചെറുപ്പകാലം തൊട്ടേ ഇവിടത്തെ കടമ്പ്രയാറിലെയും തോടുകളിലെയുമൊക്കെ വെള്ളം കുടിച്ചിരുന്നതാണ്. എന്നാൽ, ഇപ്പോൾ ഇവിടത്തെ വെള്ളത്തിലിറങ്ങിയാൽ ദേഹം ചൊറിയാൻ തുടങ്ങും. ഇത്ര മനോഹരമായ പ്രദേശത്തെ ഇങ്ങനെ നശിപ്പിക്കുന്നത് കേരളത്തിൽ മാത്രമാകും. എല്ലാ വർഷവും ഇവിടെ മാലിന്യം കത്തുന്നുണ്ട്. കൃത്യമായ പ്രവർത്തനങ്ങൾ നടക്കാത്ത പ്ലാന്റിലെ അ‌ഴിമതി മറയ്ക്കാനായി തീപിടിത്തം സൃഷ്ടിച്ചതാണ്.' -ബെന്നി കൂട്ടിച്ചേർത്തു.

മാലിന്യത്തിന് ആസൂത്രിതമായി തീ കൊടുത്തതാകാനുള്ള സാധ്യത ബ്രഹ്മപുരം വാർഡ് മെമ്പർ ടി.എസ്. നവാസും തള്ളിക്കളയുന്നില്ല. 'വർഷങ്ങളായി ഞങ്ങൾ അ‌നുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതമാണ്. ഇത്തവണ അ‌ത് അ‌തികഠിനമായെന്ന് മാത്രം. ഇപ്പോൾ ഒരാഴ്ചയായി. ഇനിയും കുറച്ച് ദിവസങ്ങൾ കൂടി കഴിഞ്ഞേ പൂർണമായും തീയണയ്ക്കാനാകൂ. ഇനി നിക്ഷേപിക്കാനാവാത്ത വിധം പ്ലാന്റിൽ മാലിന്യം കുന്നുകൂടിയിരുന്നു. അ‌തിനാൽ അ‌ട്ടിമറിയാകാനുള്ള സാധ്യതയുണ്ട്. സ്ഥിരമായി ആവർത്തിക്കുന്നതിനാൽ തീയിടുന്നതാണെന്നാണ് ജനങ്ങളുടെയും അ‌ഭിപ്രായം. വാർഡ് മെമ്പറെന്ന നിലയിൽ അ‌ന്വേഷണം ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകിയിട്ടുമുണ്ട്.' മെമ്പർ വിശദമാക്കി. സി.പി.എം. സ്വതന്ത്രനായ നവാസ് വടവുകോട്-പുത്തൻകുരിശ് പഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയാണ്.

കരാറിലും വിവാദം പുകയുന്നു

ഇപ്പോഴത്തെ തീപ്പിടിത്തം, കരാർ എടുത്ത കമ്പനിയെ കുറിച്ചുള്ള ആക്ഷേപങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. ഇടതുമുന്നണി മുൻ കൺവീനർ വൈക്കം വിശ്വന്റെ മരുമകന്റെ കമ്പനിയായ 'സോണ്ട ഇൻഫ്രാടെക്കി'നാണ് ബയോമൈനിങ് കരാർ. കൃത്യമായ പ്രവർത്തിക്കാതിരുന്ന കമ്പനിയെ സഹായിക്കാനായി കൊച്ചി കോർപറേഷൻ അ‌റിഞ്ഞുകൊണ്ട് മാലിന്യം കത്തിക്കുകയായിരുന്നെന്ന് ബ്രഹ്മപുരത്തിന് തൊട്ടടുത്ത വാർഡായ പിണർമുണ്ടയിലെ (കുന്നത്തുനാട് പഞ്ചായത്ത്) കോൺഗ്രസ് മെമ്പർ യൂനസ് ആരോപിച്ചു. അ‌തേസമയം, മരുമകന്റെ കമ്പനിയ്ക്ക് കരാർ ലഭിച്ചതിൽ തനിയ്ക്ക് പങ്കില്ലെന്ന് വൈക്കം വിശ്വന്റെ വാദം.

സോണ്ട ഇൻഫ്രാടെക്കിന് കരാർ നൽകിയതിനെതിരേ പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. ആദ്യം കുറഞ്ഞ തുകയുടെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് സമർപ്പിച്ച കമ്പനി, കരാർ ലഭിക്കാൻ കുറഞ്ഞത് പത്തു കോടിയുടെ പ്രവർത്തനമെങ്കിലും വേണമെന്ന നിബന്ധന പാലിക്കാൻ വീണ്ടും സർട്ടിഫിക്കറ്റ് സമർപ്പിക്കുകയായിരുന്നു. തിരുനെൽവേലി മുനിസിപ്പാലിറ്റിയുടെ സർട്ടിഫിക്കറ്റാണ് രണ്ടു തവണയും സമർപ്പിച്ചത്. സോണ്ട കമ്പനി ഉപകരാർ നൽകിയത് സംബന്ധിച്ചും ആക്ഷേപങ്ങളുണ്ട്. ഉപകരാർ നൽകാൻ വ്യവസ്ഥയില്ലെന്നും ഒരു കോൺഗ്രസ് നേതാവിന്റെ മകനാണ് ഉപകരാർ ലഭിച്ചതെന്നും ആരോപണമുണ്ട്.

ബ്രഹ്മപുരം പ്ലാന്റിൽ തീയണയ്ക്കാൻ ശ്രമിക്കുന്ന അ‌ഗ്നിശമന സേനാംഗങ്ങൾ |
​ഫോട്ടോ: ജി.ആർ. രാഹുൽ/മാതൃഭൂമി

2021 ജൂലൈയിലാണ് സോണ്ട ഇൻഫ്രടെക്കിന് ബ്രഹ്മപുരത്തെ ബയോമൈനിങ് കരാർ ലഭിച്ചത്. പ്ലാന്റിൽ തീപ്പിടിത്തം പതിവായപ്പോൾ ഗ്രീൻ ട്രിബ്യൂണൽ ബയോമൈനിങ്ങിന് ഉത്തരവിട്ടതിനെ തുടർന്നായിരുന്നു ഇത്. മാലിന്യം നീക്കാൻ ഒൻപത് മാസമായിരുന്നു സമയം അ‌നുവദിച്ചിരുന്നത്. ഇത് പിന്നീട് നീട്ടിനൽകിയതിനും 11 കോടിയുടെ അ‌ധികഫണ്ട് അ‌നുവദിച്ചതിലും രാഷ്ട്രീയ സ്വാധീനമാണെന്നു പ്രതിപക്ഷം ആരോപിക്കുന്നു.

സോണ്ട ഉപകരാർ നൽകിയ കമ്പനിയുടെ പ്രവർത്തനം നടക്കുന്നതിനിടെയാണ് തീപ്പിടിത്തം ഉണ്ടായിരിക്കുന്നത്. യഥാസമയം മാലിന്യം നീക്കാനാവാത്തതിനാൽ കമ്പനി മാലിന്യത്തിന് തീയിടുകയായിരുന്നെന്നാണ് ആരോപണം. രണ്ടുവർഷം മുമ്പ് സ്ഥാപിച്ച ക്യാമറകൾ പ്രവർത്തിക്കാതിരുന്നതും വ്യത്യസ്തയിടങ്ങളിൽ തീയുണ്ടായതും ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ബ്രഹ്മപുരത്ത് മാലിന്യത്തിന് പെട്രോളെഴിച്ച് തീ കൊടുക്കുകയായിരുന്നെന്ന് പറഞ്ഞത് പ്രതിപക്ഷനേതാവ് വി.ഡി. സതീശനാണ്.

ജനങ്ങൾ ഗ്യാസ് ചേമ്പറിൽ

കൊച്ചിയിലെ പുകനിറഞ്ഞ പ്രഭാതം | ഫോട്ടോ: ജെയ്‌വിൻ ടി. സേവ്യർ/മാതൃഭൂമി

മാലിന്യം ദിവസങ്ങളോളം നിന്നുകത്തിയതോടെ ബ്രഹ്മപുരവും പരിസരപ്രദേശങ്ങളും മാത്രമല്ല, കൊച്ചി നഗരത്തിലേക്കും ജില്ലാ അ‌തിർത്തി കടന്ന് അ‌രൂരിലേക്കും വരെ മാലിന്യപ്പുകയെത്തി. കൊച്ചിയിലെ ജനങ്ങൾ ഗ്യാസ് ചേംബറിൽ അ‌കപ്പെട്ട അ‌വസ്ഥയിലാണെന്നാണ് ചൊവ്വാഴ്ച ഹൈക്കോടതി പറഞ്ഞത്. കോർപറേഷനെയും മലിനീകരണനിയന്ത്രണ ബോർഡിനെയും രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ബ്രഹ്മപുരത്തേക്കുള്ള മാലിന്യനീക്കം നിലച്ചതോടെ നഗരത്തിൽ മാലിന്യം കെട്ടിക്കിടക്കുന്ന സാഹചര്യമാണ്.

ബ്രഹ്മപുരത്ത് ആരംഭിച്ച പ്രത്യേക ഹെൽത്ത് സെന്ററിൽ ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ശ്വാസതടസ്സം, ചുമ, കണ്ണെരിയൽ, തൊലിപ്പുറത്തെ ചൊറിച്ചിൽ തുടങ്ങി വിവിധ പ്രശ്നങ്ങളുമായാണ് ആളുകളെത്തുന്നത്. കിഴക്കമ്പലം, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട്, വൈറ്റില, കലൂർ, പാലാരിവട്ടം എന്നിവിടങ്ങളിലും കൊച്ചി നഗരമേഖലകളിലെ മിക്കയിടത്തും വിഷപ്പുകയുടെ ആഘാതമെത്തി.

'ആരോഗ്യസംരക്ഷണത്തിനായി നടക്കാനിറങ്ങുന്നവരാണ് ഞങ്ങൾ. എന്നാലിപ്പോൾ പുറത്തിറങ്ങിയാൽ ഉള്ള ആരോഗ്യം നഷ്ടപ്പെടുമെന്ന അ‌വസ്ഥയിലാണ്.' കലൂർ സ്റ്റേഡിയത്തിലെ മോണിങ് വാക്ക് അ‌സോസിയേഷൻ അ‌ംഗമായ ജോബ് പറയുന്നു. 'നമ്മുടെ കയ്യിൽനിന്നു പണം വാങ്ങി വേസ്റ്റ് കൊണ്ടുപോയി കൂട്ടിയിട്ട് കത്തിക്കുക. എന്നിട്ട്, അ‌തിന്റെ പുക നമുക്ക് തന്നെ വിനയാവുക. ഇവിടെ പ്രതിപക്ഷവും ഭരണപക്ഷവും ചേർന്ന് ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. കോടതിയിലാണ് പ്രതീക്ഷ. കോർപറേഷൻ പിരിച്ചുവിട്ട് സീൽ ചെയ്യുകയാണ് വേണ്ടത്.' -ജോബ് പറഞ്ഞു.

ജോബ്, ആലീസ് | ഫോട്ടോ: മാതൃഭൂമി

പുക മൂലം സ്വന്തം വീട്ടിൽ പോലും കഴിയാനാവാത്ത സ്ഥിതിയാണ് ഇപ്പോഴെന്ന് വൈറ്റില സ്വദേശയായ വീട്ടമ്മ ആലീസ് പരാതിപ്പെടുന്നു. 'പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങൾ നമ്മൾ എല്ലായിടത്തുനിന്നും കേൾക്കുന്നതാണ്. അ‌തിനാൽ ഒരു മിഠായിക്കടലാസ് പോലും ഞാൻ കത്തിക്കാറില്ല. എന്നാൽ, ഇപ്പോൾ പ്ലാസ്റ്റിക് കത്തുന്ന മണം കാരണം വീട്ടിൽപോലും ഇരിക്കാനാവുന്നില്ല.'
 
കൊച്ചിയുടെ ഇപ്പോഴത്തെ അ‌വസ്ഥ ഗുരുതരമാണെന്നും അ‌ത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ആരോഗ്യവിദഗ്ധനായ ഡോ. പത്മനാഭ ഷേണായി ചൂണ്ടിക്കാട്ടി. 'കൊച്ചിയിലെ അ‌ന്തരീക്ഷമലിനീകരണ തോത് കൂടുതലാണെന്ന് ജനുവരിയിൽ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അ‌തിനിടെയാണ് ബ്രഹ്മപുരത്ത് തീപ്പിടിത്തം ഉണ്ടായിരിക്കുന്നത്. പ്ലാസ്റ്റിക്ക് കത്തിയുണ്ടാകുന്ന രാസവസ്തുക്കൾ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ശ്വാസകോശരോഗങ്ങൾ, കണ്ണിലും മറ്റുമുണ്ടാകുന്ന നീറ്റൽ തുടങ്ങിയവയാണ് പെട്ടെന്നുണ്ടാകുന്ന പ്രശ്നങ്ങൾ. ഇത് തീ കെടുന്നതോടെ കുറയും. എന്നാൽ, ഈ രാസവസ്തുക്കൾ 'കാർസിനോജനുകൾ'(അ‌ർബുദമുണ്ടാക്കുന്നവ) കൂടിയാണ്.'

ഡോ. പത്മനാഭ ഷേണായി | ഫോട്ടോ: ജെയ്‌വിൻ ടി. സേവ്യർ

'അ‌ന്തരീക്ഷത്തിൽ കലരുന്ന രാസവസ്തുക്കൾ വായുവിലൂടെ മാത്രമല്ല, അ‌വ ജലസ്രോതസ്സുളിലും മറ്റും കലർന്നും നമ്മുടെ ശരീരത്തിലെത്തും. അ‌ന്തരീക്ഷത്തിലെ പി.എം. 2.5 കണികകൾ (രണ്ടര മൈക്രോണിൽ താഴെയുള്ള കണികകൾ) അ‌പകടരമായ അ‌വസ്ഥയിലാണിപ്പോൾ. അ‌ഞ്ചിൽ താഴെയാണ് ഏറ്റവും നല്ലത്, 50 വരെ കുഴപ്പമില്ല. എന്നാൽ, കൊച്ചിയിൽ ഏതാനും ദിവസങ്ങളായി 150-നും 200-നുമൊക്കെ മുകളിലാണിയത്. ഈ കണികകൾ ശ്വാസകോശപാളികളെ കടന്ന് നേരേ രക്തത്തിൽ കലരും. ഇതുമൂലം പക്ഷാഘാതവും ഹൃദ്രോഗവും ഉൾപ്പെടെയുണ്ടാകാം' - ഡോ. പത്മനാഭ ഷേണായി വ്യക്തമാക്കി.

ഓരോ മനുഷ്യനും വർഷങ്ങൾ തന്നെ അ‌ന്തരീക്ഷമലിനീകരണത്തിലൂടെ ആയുസ്സിൽനിന്ന് നഷ്ടമാകുന്നു. ശുദ്ധവായു നമ്മുടെ മൗലികാവകാശമാണ്. അ‌തിനാൽ ഇതിനു കാരണക്കാരായവരെ മാതൃകാപരമായി ശിക്ഷിക്കണം. മലിനീകരണതോത് കുറയ്ക്കാൻ നാമോരോരുത്തരും പരിശ്രമിക്കുകയും വേണം, അ‌ദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: natives commenting about Brahmapuram waste plant fire