മരുന്നുകുറിപ്പടി എഴുതല്‍ പാഠ്യവിഷയമാക്കണമെന്ന് ദേശീയ മെഡിക്കല്‍ കമ്മിഷന്

തൃശ്ശൂര്‍: തീരെ വ്യക്തമല്ലാത്തതും വായിക്കാന്‍ പറ്റാത്തതുമായ മരുന്നുകുറിപ്പടികളുടെ കാലം അവസാനിച്ചേക്കും. വ്യക്തമായ കുറിപ്പടികള്‍ തയ്യാറാക്കുന്നതിന്റെ പ്രാധാന്യം മെഡിക്കല്‍ വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്താന്‍ പാഠ്യവിഷയമാക്കണമെന്ന് ദേശീയ മെഡിക്കല്‍ കമ്മിഷന് നിര്‍ദേശിച്ചു. കുറിപ്പടികളില്‍ നിയമം പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ എല്ലാമെഡിക്കല്‍ കോളേജുകളിലും സമിതികളും വരും.
കുറിപ്പടിയിലെ വ്യക്തതക്കുറവ് ചൂണ്ടിക്കാട്ടിയ പരാതിയില്‍ ഹരിയാന-പഞ്ചാബ് ഹൈക്കോടതി അടുത്തിടെ മെഡിക്കല്‍ കമ്മിഷന് നിര്‍ദേശം നല്‍കിയിരുന്നു. ഭരണഘടന അനുശാസിക്കുന്ന പൗരന്റെ ആരോഗ്യാവകാശത്തിലെ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ് വൃത്തിയുള്ള കുറിപ്പടികളെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കുറിപ്പടികള്‍ എഴുതേണ്ടതെങ്ങനെയെന്ന് പഠിപ്പിക്കണമെന്നും കോടതി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കുറിപ്പടികളുടെ നിലവാരം ഉറപ്പുവരുത്താനുള്ള മറ്റ് നടപടികള്‍കൂടി കമ്മിഷന് പ്രഖ്യാപിച്ചത്.
മരുന്നുകുറിപ്പടികള്‍ സംബന്ധിച്ച നിബന്ധനകള്‍ പാലിക്കുന്നോയെന്ന് പരിശോധിക്കാന്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും ഉണ്ടാക്കുന്ന ഉപസമിതി പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കണം.
മെഡിക്കല്‍ കമ്മിഷന് ആവശ്യപ്പെടുന്ന സന്ദര്‍ഭത്തില്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ ലഭ്യമാക്കാനുള്ള ഉത്തരവാദിത്വവും ഇവര്‍ക്കായിരിക്കും. കുറിപ്പടികള്‍ ജനറിക്കും പരമാവധി ഇംഗ്ലീഷ് വലിയ അക്ഷരത്തില്‍ എഴുതിയതുമാകണമെന്ന നിബന്ധന എല്ലാ ഡോക്ടര്‍മാരും പാലിക്കണമെന്നും കമ്മിഷന് നിര്‍ദേശിച്ചു. യുക്തിപരമായ മരുന്നുശുപാര്ശ മറക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: National Medical Commission mandates prescription writing as a subject for medical students to ensure clarity and patient safety. Learn more about the new guidelines and their impact.