ചാന്‍സലറുടെ അധികാരം എടുത്തുമാറ്റിയ മോദിയുടെ മുന്‍ നിലപാട് കേരളത്തില്‍ ബിജെപിയെ വെട്ടിലാക്കും

#എസ്. അരുണ്‍ശങ്കര്‍/മാതൃഭൂമി ന്യൂസ്
പ്രധാനമന്ത്രി മോദി |ഫോട്ടോ:ANI
പ്രധാനമന്ത്രി മോദി |ഫോട്ടോ:ANI

ന്യൂഡല്‍ഹി: ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സിലര്‍ സ്ഥാനത്തുനിന്ന് നീക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം ബിജെപിയെ വെട്ടിലാക്കും. ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍  ചാന്‍സലറെന്ന നിലയില്‍ ഗവര്‍ണ്ണര്‍ക്കുള്ള എല്ലാ അധികാരങ്ങളും സംസ്ഥാന സര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ എടുത്തു മാറ്റിയിരുന്നു. അതിന് നേതൃത്വം നല്‍കിയത് സാക്ഷാല്‍ നരേന്ദ്ര മോദിയും!

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ചാന്‍സിലര്‍ വിഷയത്തില്‍ ഉയര്‍ത്തിപ്പിടിച്ച സമാന നിലപാടാണ് കേരള സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാന സര്‍വ്വകലാശാലകളുടെ ചാന്‍സിലറെന്ന നിലയില്‍ ഗവര്‍ണ്ണര്‍ക്കുള്ള എല്ലാ അധികാരങ്ങളും എടുത്തുമാറ്റുന്ന ബില്‍ (ഗുജറാത്ത് സര്‍വ്വകലാശാല നിയമ ഭേദഗതി ബില്‍ 2013 ) 2013 മാര്‍ച്ചില്‍ സംസ്ഥാന നിയമസഭ പാസാക്കിയിരുന്നു.

എന്നാല്‍, യുപിഎ സര്‍ക്കാര്‍ നിയമിച്ച അന്നത്തെ ഗവര്‍ണ്ണര്‍ കമലാ ബെന്നിവാല്‍ ബില്ലില്‍ ഒപ്പിട്ടില്ല. തുടര്‍ന്ന് നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം ഗവര്‍ണ്ണര്‍ പദവിയിലെത്തിയ ഓ.പി. കോഹ്ലിയാണ് ബില്ലില്‍ ഒപ്പിട്ടത്.  2015 ജൂണ്‍ മുതല്‍ വൈസ് ചാന്‍സിലര്‍ നിയമനം ഉള്‍പ്പെടെ ഭരണപരമായ ഒരു അധികാരവുമില്ലാത്ത ആലങ്കാരിക ചാന്‍സലര്‍ പദവി മാത്രമാണ് ഗുജറാത്തിലെ ഗവര്‍ണ്ണര്‍ വഹിക്കുന്നത്. വൈസ് ചാന്‍സലര്‍ നിയമനം ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിന്റ അധികാരപരിധിയിലേയ്ക്ക് മാറ്റപ്പെട്ടു.

സമാനമായ രീതിയില്‍ കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്ര സര്‍ക്കാരും ഈ വര്‍ഷം തമിഴ്‌നാട് സര്‍ക്കാരും ചാന്‍സലറെന്ന നിലയില്‍ ഗവര്‍ണ്ണര്‍ക്കുള്ള അധികാരങ്ങള്‍ എടുത്തുമാറ്റുന്ന ബില്‍ പാസാക്കിയിരുന്നു. കഴിഞ്ഞ ജൂണില്‍ ഒരു പടികൂടി കടന്ന് ഗവര്‍ണ്ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ടുള്ള ബില്ലാണ് പശ്ചിമ ബംഗാള്‍ നിയമസഭ പാസാക്കിയത്. പക്ഷെ, മൂന്ന്  സംസ്ഥാനങ്ങള്‍ പാസാക്കിയ ബില്ലിനും ഇതുവരെയും ഗവര്‍ണ്ണറുടെ അനുമതി ലഭിച്ചില്ല. ഇതില്‍ മഹാരാഷ്ട്രയില്‍ ബിജെപി ഭരണം നിലവില്‍ വന്നതിനാല്‍ ബില്ലിന്റെ പ്രസക്തിയും നഷ്ടപ്പെട്ടു.  ഫലത്തില്‍ ബില്ല് കൊണ്ടുവന്നതിന്‍റെ ഗുണം ഒരു സംസ്ഥാന സര്‍ക്കാരിനും ലഭിച്ചിട്ടില്ല.

Content Highlights: Narendra Modi's old stand on the Chancellor issue will be a setback for BJP