അസി. സെക്രട്ടറിയുടെ ഭാര്യയ്ക്ക് സീറ്റ് നൽകിയതാണ് നാദാപുരത്ത് തോൽക്കാൻ കാരണമെന്ന് സിപിഐ പ്രവർത്തകർ

നാദാപുരം: ഏത് തരംഗത്തിലും സി.പി.ഐ.യെ തുണച്ച നാദാപുരം നിയോജകമണ്ഡലത്തിലെ കനത്ത തോൽവി സി.പി.ഐ. സംസ്ഥാനനേതാക്കളുടെ തീരുമാനത്തിനേറ്റ തിരിച്ചടിയായി.
സി.പി.ഐ. സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരിയുടെ ഭാര്യ അഡ്വ. പി. വസന്തത്തിന് സീറ്റുനൽകിയതാണ് കനത്ത തോൽവിയുടെ കാരണമായി ഒരുവിഭാഗം പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത്.
പി. വസന്തത്തിന് സീറ്റ് നൽകിയതിനെതിരേ ആദ്യഘട്ടത്തിൽ പോസ്റ്റർ പ്രചാരണം നടന്നിരുന്നുവെങ്കിലും സംസ്ഥാനനേതാക്കൾ അതൊന്നും വേണ്ടരീതിയിൽ ഗൗനിച്ചിരുന്നില്ല. നാദാപുരം എൽ.ഡി.എഫിന്റെ ഉറച്ചകോട്ടയാണെന്നും അത് ഇളകാനൊന്നുംപോകുന്നില്ലെന്ന ഉറച്ചവിശ്വാസമായിരുന്നു സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വം നേതാക്കളോട് വിശദീകരിച്ചത്. എന്നാൽ, രണ്ടുതവണ നാദാപുരത്തെ പ്രതിനിധാനംചെയ്ത ജനപ്രതിനിധിയും മന്ത്രിയുമായ ബിനോയ് വിശ്വത്തിന് നാദാപുരത്തിന്റെ യഥാർഥ പൾസ് അറിയാൻകഴിയാതെ പോയെന്നാണ് പരാജയത്തിന് കാരണമെന്ന് നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ്. കേന്ദ്രങ്ങൾതന്നെ വിശദീകരിക്കുന്നു.
ഹാട്രിക് വിജയം നേടിയ ഇ.കെ. വിജയന് കഴിഞ്ഞതവണ മന്ത്രിസ്ഥാനം നൽകാത്തത് തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയമാക്കാൻ യു.ഡി.എഫിന് സാധിച്ചിരുന്നു. മന്ത്രിസ്ഥാനം ലഭിക്കാതിരിക്കാൻ ചുക്കാൻപിടിച്ചത് സി.പി.ഐ.യുടെ സംസ്ഥാനത്തെ മുതിർന്ന നേതാക്കളാണെന്നും നാദാപുരത്തിന്റെ വികസനം അട്ടിമറിക്കുന്നതിന് ഇത് കാരണമായതായും തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചയായിരുന്നു. ഇ.കെ. വിജയൻ എം.എൽ.എ.യുടെ ജനകീയതയ്‌ക്കെതിരേ പ്രചാരണം നടത്തിയാൽ ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുകയെന്ന തിരിച്ചറിവിനെ തുടർന്നാണ് മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ ഇത്തരമൊരു പ്രചാരണത്തിന് ചുക്കാൻപിടിച്ചത്.
അത് ഏറെ ഗുണംചെയ്തുവെന്നാണ് എൽ.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളിലെ വോട്ടുചോർച്ച ചൂണ്ടിക്കാണിക്കുന്നത്.
യു.ഡി.എഫ് സ്ഥാനാർഥിയായി യൂത്ത് കോൺഗ്രസ് നേതാവ് കെ.എം. അഭിജിത്ത് നാദാപുരത്ത് സ്ഥാനാർഥിയാകുമെന്ന വിവരം തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപേ അന്തരീക്ഷത്തിലുയർന്നിരുന്നു. നാദാപുരം മേഖലയിലെ യു.ഡി.എഫിന്റേതടക്കമുളള പ്രധാന പരിപാടികളിലെ സ്ഥിരം സാന്നിധ്യമായി അഭിജിത്തുണ്ടായിരുന്നു. എന്നാൽ, അതൊന്നും ഗൗരവത്തിൽ പരിശോധിക്കാനോ വേണ്ടരീതിയിൽ ഗൃഹപാഠം ചെയ്യാനോ സാധിക്കാതെയാണ് സംസ്ഥാന നേതൃത്വം സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്ന് സി.പി.ഐ.യുടെ ഒരുവിഭാഗം നേതാക്കൾ വിശദീകരിക്കുന്നു. നാദാപുരത്തൊരു യു.ഡി.എഫ്. എം.എൽ.എ എന്ന പ്രചാരണവുമായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുസ്ലിംലീഗ് നിയോജകമണ്ഡലം കമ്മിറ്റി ശക്തമായ പ്രചാരണവുമായി രംഗത്തിറങ്ങിയിരുന്നു. ഒരുവർഷംമുൻപേ ആരംഭിച്ച ഈയൊരു കാംപെയ്ന് പരിപൂർണ പിന്തുണ നൽകുന്ന സമീപനമാണ് സംസ്ഥാന മുസ്ലിംലീഗ് നേതൃത്വം സ്വീകരിച്ചത്. ഇതിന്റെ ഗൗരവം മനസ്സിലാക്കാതെപോയതും തിരിച്ചടിയായതായാണ് ഒരുവിഭാഗം എൽ.ഡി.എഫ്. നേതാക്കൾ കരുതുന്നത്.
നാദാപുരത്ത് എൽ.ഡി.എഫ്. വിജയിക്കുന്നതിനുപിന്നിൽ ന്യൂനപക്ഷവോട്ടുകൾ പ്രധാന ഘടകമാണെന്നും അതിനെ മറികടക്കാനുള്ള പ്രവർത്തനമാണ് വേണ്ടതെന്നും യു.ഡി.എഫിന്റെ സംസ്ഥാന നേതാക്കൾ മണ്ഡലം നേതാക്കളെ ബോധ്യപ്പെടുത്തിയിരുന്നു. കഴിഞ്ഞതവണ ഇ.കെ. വിജയന്റെ വിജയത്തിനുപിന്നിൽ ന്യൂനപക്ഷകേന്ദ്രങ്ങളിൽനിന്നും അപ്രതീക്ഷിതമായി ലഭിച്ച വോട്ടാണെന്നും ലീഗ് കണ്ടെത്തിയിരുന്നു. അത് തടയുന്നരീതിയിലുളള പ്രവർത്തനം നടത്താൻ ലീഗിനും യു.ഡി.എഫിനും സാധിച്ചിട്ടുണ്ട്.
Content Highlights: CPI state leadership's decision to field Adv. P. Vasantha backfired., Binoy Viswam failed to gauge the local pulse of Nadapuram., UDF successfully capitalized on the denial of ministerial position to E.K. Vijayan., Strategic planning by the Muslim League and KM Abhijit's long-term campaign proved effective., UDF successfully neutralized the minority vote advantage previously held by the LDF.