എന്‍. പ്രശാന്തിന് നോട്ടീസ്; അടുത്തയാഴ്ച ചീഫ് സെക്രട്ടറിക്ക് മുന്‍പില്‍ നേരിട്ട് ഹാജരാകണം

#അമല്‍ തേനംപറമ്പില്‍ | മാതൃഭൂമി ന്യൂസ്
എൻ. പ്രശാന്ത് | Photo: PTI
എൻ. പ്രശാന്ത് | Photo: PTI

തിരുവനന്തപുരം: അടുത്തയാഴ്ച ചീഫ് സെക്രട്ടറിക്ക് മുന്‍പില്‍ നേരിട്ട് ഹാജരാകുന്നതിന് എന്‍. പ്രശാന്ത് ഐഎഎസിന് നോട്ടീസ് നല്‍കി. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരേ ഉന്നയിച്ച ആരോപണങ്ങളുടെയും പ്രത്യാരോപണങ്ങളുടെയും പശ്ചാത്തലത്തിലാണ് നേരിട്ട് ഹിയറിങ് നടത്തുന്നത്. കഴിഞ്ഞ നവംബര്‍മാസത്തിലാണ് പ്രശാന്ത് സസ്‌പെന്‍ഷനിലായത്. 

ജി. ഗോപാലകൃഷ്ണന്‍, എ. ജയതിലക് തുടങ്ങിയ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരുമായി നേര്‍ക്കുനേര്‍ പോരിലായിരുന്നു പ്രശാന്ത്. പിന്നാലെ ഗോപാലകൃഷ്ണനും പ്രശാന്തിനുമെതിരേ നടപടിയുണ്ടായി. ഗോപാലകൃഷ്ണനെതിരായ നടപടി പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍, പ്രശാന്തിന്റെ ഭാഗത്തുനിന്ന് ചീഫ് സെക്രട്ടറിക്കെതിരേ അടക്കമുള്ള നീക്കം തുടര്‍ന്നു. ഉദ്യോഗസ്ഥതലത്തിലെ ഈ പോര് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണെന്നാണ് വിവരം. വിഷയത്തില്‍ പ്രശാന്തിന് എന്താണ് പറയാനുള്ളതെന്ന് നേരിട്ടു കേള്‍ക്കുകയാണ് ലക്ഷ്യം.

പ്രശാന്തിന് പറയാനുള്ള കാര്യങ്ങള്‍ ചീഫ് സെക്രട്ടറി നേരിട്ട് കേള്‍ക്കും. ജയതിലകിനെതിരേ ഗുരുതര പരാമര്‍ശങ്ങള്‍ പ്രശാന്ത് സാമൂഹികമാധ്യമത്തിലൂടെ നടത്തിയിരുന്നു. സസ്‌പെന്‍ഷനിലായതിന് പിന്നാലെയും ഇത് തുടര്‍ന്നു. ജയതിലക് മാധ്യമങ്ങളെ കൂട്ടുപിടിച്ച് തനിക്കെതിരേ നീക്കം നടത്തിയെന്നും പ്രശാന്ത് ആരോപണം ഉന്നയിച്ചിരുന്നു.

Content Highlights: n prasanth asked to appear before chief secretary next week