24-ാം വയസിൽ വിമാനത്താവളത്തിൽ ഐബി വിഭാഗത്തിൽ ജോലി, സ്വപ്നം ഐഎഎസ്; പക്ഷെ, ദുരൂഹത ബാക്കിയാക്കി അവൾ പോയി

Photo: Photo: Screengrab/ Mathrubhumi News
Photo: Photo: Screengrab/ Mathrubhumi News

കലഞ്ഞൂർ/ പത്തനംതിട്ട: തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥ മേഘ മധുസൂദനൻ ട്രെയിൻ തട്ടി മരിച്ച സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ബന്ധുക്കൾ. കേരള പോലീസിലും ഇന്റലിജൻസ് ബ്യൂറോയ്ക്കും ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെയാണ് തിരുവനന്തപുരം പേട്ട റെയിൽവേ മേൽപ്പാലത്തിന് സമീപം ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ചനിലയിൽ മേഘയെ കണ്ടത്. വിമാനത്താവളത്തിലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയശേഷമാണ് ഇവിടെ മരിച്ചനിലയിൽ കണ്ടത്.തിങ്കളാഴ്ച രാവിലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയശേഷം രാവിലെ ആറുമണിക്ക് മേഘ വിളിച്ചിരുന്നെന്ന് അച്ഛൻ മധുസൂദനൻ പറഞ്ഞു. ഭക്ഷണപാഴ്‌സൽ വാങ്ങിയശേഷം റൂമിലേക്ക് പോകുകയാണെന്ന് പറഞ്ഞിരുന്നു. പിന്നീട് ട്രെയിൻ തട്ടി അപകടത്തിൽ മരിച്ചുവെന്ന വിവരമാണ് കേട്ടത്. ജോലിസംബന്ധമായി ഒരു പ്രശ്‌നവും ഇല്ലായിരുന്നു.

താമസിക്കുന്ന സ്ഥലത്ത് റെയിൽവേ ട്രാക്കുമില്ല. അതുകൊണ്ടുതന്നെ പേട്ടയിലെ റെയിൽവേ ട്രാക്കിലേക്ക് എത്താനിടയായ സാഹചര്യം അന്വേഷിക്കണം. ട്രാക്കിലൂടെ മൊബൈൽഫോണിൽ സംസാരിച്ചുകൊണ്ട് പോകുകയായിരുന്നുവെന്നാണ് അറിഞ്ഞത്. ആരാണ് മൊബൈൽ ഫോണിൽ വിളിച്ചത്, ആരുമായാണ് സംസാരിച്ചത് എന്നീ കാര്യങ്ങളും അന്വേഷിക്കണമെന്നും അച്ഛൻ മധുസൂദനൻ പറഞ്ഞു.

സംഭവത്തിൽ പ്രത്യേക അന്വേഷണം നടത്തുമെന്ന് ഐബി അറിയിച്ചതായും മേഘയുടെ ബന്ധുക്കൾ പറഞ്ഞു.

മേഘ ഫൊറൻസിക് സയൻസ് പഠനപരിശീലനത്തിന്റെ ഭാഗമായി പഞ്ചാബിൽ പോയപ്പോൾ മലപ്പുറം സ്വദേശിയായ യുവാവുമായി അടുപ്പത്തിലായിരുന്നു. ആദ്യം വീട്ടുകാർ ഇതിനെ ശക്തമായി എതിർത്തു. പിന്നീട് മേഘയുടെ ഇഷ്ടത്തിന് വഴങ്ങി അത് അംഗീകരിച്ചിരുന്നു. ഈ പ്രണയത്തിൽനിന്ന്, യുവാവ് പിന്മാറിയതാകാം മേഘയുടെ മരണത്തിന് കാരണമെന്ന് സംശയിക്കുന്നതായും ബന്ധുക്കൾ പറഞ്ഞു. തെളിവാകേണ്ട, മേഘയുടെ മൊബൈൽഫോൺ അപകടത്തിൽ തകർന്നിട്ടുമുണ്ട്.

സിവിൽ സർവീസ് സ്വപ്‌നം ബാക്കിയാക്കി യാത്ര

ഫൊറൻസിക് സയൻസിൽ മികച്ചവിജയം നേടിയാണ് ഇരുപത്തിനാലാം വയസ്സിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി വിഭാഗത്തിൽ മേഘ ജോലിയിൽ പ്രവേശിച്ചത്. ജോലിയിൽനിന്ന് അവധി എടുത്ത് ഐഎഎസിന് പോകുന്നതിനുള്ള ആലോചനകൾ നടക്കുന്നതിനിടെയാണ് മേഘ ദുരൂഹതകൾ ബാക്കിയാക്കി യാത്രയായത്.

കൂടൽ കാരയ്ക്കാക്കുഴി പൂഴിക്കാട് റിട്ട. അധ്യാപകൻ മധുസൂദനന്റെയും പാലക്കാട് കളക്ടറേറ്റ് ജീവനക്കാരി നിഷാ ചന്ദ്രന്റെയും ഏക മകളാണ് മേഘാ മധു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.Toll free helpline number: 1056, 0471-2552056))

Content Highlights: mystery surrounds ib officer death