ED നിർദേശത്തിൽ യുഡിഎഫ് സർക്കാർ പിണറായിക്കെതിരെ കേസെടുക്കുമോ; കേരളം ഉറ്റുനോക്കുന്നുവെന്ന് ഗോവിന്ദൻ

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കണമെന്ന കേരള പോലീസിനുള്ള ഇഡിയുടെ നിർദേശം രാഷ്ട്രീയ പകപോക്കൽ മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. നിയമവിരുദ്ധ നീക്കങ്ങൾ നടത്തുന്ന ഇഡിയുടെ നിർദേശം യുഡിഎഫ് സർക്കാർ പാലിക്കുമോ എന്നത് കേരളം ഉറ്റുനോക്കുകയാണെന്നും ഗോവിന്ദൻ പറഞ്ഞു.
രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇഡി കത്ത് പുറത്തുവിടുന്നത്. മാത്രമല്ല അന്വേഷണം പ്രതിപക്ഷ നേതാവ് പിണറായി വിജയനിലേക്ക് എത്തിക്കാൻ കഴിയുമോ എന്ന നിരന്തരമായ പരിശ്രമം ഇഡി നടത്തിയിട്ടുണ്ട്. അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് അഴിമതി നിരോധന നിയമപ്രകാരം പിണറായിക്കെതിരെയും റിയാസിനെതിരെയും കേസ് രജിസ്റ്റർ ചെയ്യണമെന്ന കത്ത്. കേസ് എങ്ങോട്ടേക്കാണ് നീങ്ങുന്നതെന്ന് എസ്എഫ്‌ഐഒയുടെ റിപ്പോർട്ട് വന്നപ്പോൾ തന്നെ പാർട്ടി നിലപാട് വ്യക്തമാക്കിയതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
സിഎംആർഎല്ലിൽ നൽകിയ 182 കോടിയിൽ വളരെ ചുരുങ്ങിയ തുകയിൽ മാത്രമാണ് ഇഡി കേസുമായി മുന്നോട്ട് വന്നത്. മറ്റുള്ളവർക്കെതിരായിട്ട് എന്തുകൊണ്ട് ഇന്നേവരെ കേസ് വന്നില്ല എന്നുള്ളത് ഗൗരവമുള്ള വിഷയമാണ്. ഇതിന്റെ പിന്നിൽ രാഷ്ട്രീയ പകപോക്കൽ ആണെന്നതിൽ യാതൊരു സംശയവുമില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
കരാർ പ്രകാരം നികുതി അടച്ചാണ് സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് നടത്തിയത്. അത് ബാങ്ക് വഴിയാണ് നടന്നത്. യഥാർത്ഥത്തിൽ സിഎംആർഎൽ എക്‌സാലോജിക്കിന് പണം കൈമാറിയത് അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന ഒന്നല്ലെന്ന് എല്ലാവർക്കും അറിയാം. വീണ പിണറായി വിജയന്റെ മകൾ ആണ് എന്നതാണ് ഈ ദുരാരോപണത്തിന്റെ പിന്നിൽ. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ സിഎംആർഎല്ലിന് വഴിവിട്ട ഒരാനുകൂല്യവും നൽകിയിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായതാണ്. ഒരു ഏജൻസിയും ഒരു വസ്തുതയും കണ്ടെത്തിയിട്ടില്ല.
കോൺഗ്രസ് നേതാവ് മാത്യുകുഴൽനാടനും ബിജെപി നേതാവ് ഷോൺ ജോർജും നൽകിയ കേസുകളെല്ലാം കോടതി തള്ളിക്കളഞ്ഞതാണ്. ഇഡി ഉന്നയിക്കുന്ന വിഷയം നേരത്തെ തന്നെ ജുഡീഷ്യറിയുടെ പരിശോധനയ്ക്ക് വിധേയമായതാണ്. ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന സുപ്രീംകോടതി ബെഞ്ചുവരെ ഇത് തള്ളിയതാണ്. രാഷ്ട്രീയ പകപോക്കലിന് യുഡിഎഫ് സർക്കാർ തയ്യാറാകുമെന്ന നിഗമനത്തിലാണ് ഇപ്പോൾ ഇഡി ഈ ആവശ്യം ഉന്നയിക്കുന്നത്. കോൺഗ്രസ്- ബിജെപി ഡീലിന്റെ ഒരു പ്രത്യേകതലം ഇതിലൂടെ കൈകാര്യം ചെയ്യാനാകുമെന്നാണ് ഇഡി പ്രതീക്ഷിക്കുന്നത്. കരുവന്നൂരിലേതിന് സമാനമായി നേതാക്കളെ ലക്ഷ്യംവെക്കുന്ന രീതിയാണ് ഇഡി ഇവിടെയും സ്വീകരിക്കുന്നത്.
തട്ടിക്കൂട്ടി ഉണ്ടാക്കിയ ഒരു മൊഴിക്കപ്പുറം ഒരു രേഖയും ഇഡിക്ക് മുന്നിലില്ല. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളെ ദേശീയ തലത്തിൽ ചെറുക്കുമെന്ന് പ്രഖ്യാപിച്ചുള്ള നിലപാടാണ് കോൺഗ്രസ് എടുക്കുന്നത്. എന്ത് നിലപാടാണ് കോൺഗ്രസും യുഡിഎഫും എടുക്കുക എന്ന് കേരളം ഉറ്റുനോക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
കോഴിക്കോട് നടക്കുന്ന സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ 307 പേർ പങ്കെടുക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. ഒന്നേകാൽ ലക്ഷം ആളുകൾ റാലിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമ്മേളനത്തിനാവശ്യമായ ഫണ്ട് പാർട്ടി അംഗങ്ങളിൽനിന്ന് മാത്രമാണ് സ്വീകരിക്കുക. വിശാല സംസ്ഥാന സമിതിയിൽ ചർച്ച ചെയ്യേണ്ട രേഖ ഇന്നു ചേർന്ന സംസ്ഥാന സമിതി ഏകകണ്ഠമായി അംഗീകരിച്ചു. വാർത്ത ചോരാതിരിക്കാൻ വിശാല കമ്മിറ്റിയിൽ പങ്കെടുക്കുന്നവരുടെ ഫോൺകോൾ ലിസ്റ്റ് എടുക്കുമെന്ന തരത്തിൽ അസംബന്ധ പ്രചാരണം ചില മാധ്യമങ്ങൾ നടത്തിയെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. എങ്ങനെ ഫലപ്രദമായി പാർട്ടിയെ മുന്നോട്ട് നയിക്കാമെന്ന കാര്യമാണ് വിശാല കമ്മിറ്റിയിൽ ചർച്ച നടത്തുക. സ്വയംവിമർശനമടക്കം അതിൽപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
Content Highlights: MV Govindan calls the ED directive to register a case against Pinarayi Vijayan and Mohammed Riyas a political vendetta., Claims the CMRL-Exalogic transaction was legal, tax-paid, and conducted entirely through banking channels., Points out that courts, including the Supreme Court, have already dismissed similar petitions filed by opposition leaders., Accuses the ED of acting in connivance with a Congress-BJP deal to target left leaders.