'എം.വി. ജയരാജനെ വിളിച്ചാൽ മതി'; മനു തോമസ് വിഷയത്തിൽ പ്രതികരിക്കാതെ എം.വി ഗോവിന്ദൻ

ന്യൂഡൽഹി: കരുവന്നൂർ കള്ളപ്പണ ഇടപാടുകേസിൽ സിപിഎമ്മിനെ പ്രതിയാക്കിയത് രാഷട്രീയപ്രേരിതമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇഡി സിപിഎമ്മിനെ വേട്ടയാടുന്നുവെന്നും നടപടി തോന്ന്യാസമാണെന്നും അദ്ദേഹം പറഞ്ഞു. കേസിനെ രാഷട്രീയമായും നിയമപരമായും നേരിടുമെന്നു വ്യക്തമാക്കിയ അദ്ദേഹം, ഇഡി നടപടിയെ കുറിച്ച് മാധ്യമങ്ങളിലൂടെയേ അറിവുള്ളുവെന്നും കൂട്ടിച്ചേർത്തു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂർ ജില്ലാ കമ്മറ്റിയിൽനിന്ന് പുറത്താക്കപ്പെട്ട മനു തോമസിനെ കുറിച്ചുള്ള ചോദ്യത്തോട് കൃത്യമായി പ്രതികരിക്കാൻ ഗോവിന്ദൻ തയ്യാറായില്ല. 'അതെല്ലാം അവിടെ ജില്ലാ കമ്മറ്റിയോട് ചോദിച്ചാൽ മതിയെന്നായിരുന്നു മറുപടി. ഏതോ ഒരു ജില്ലാ കമ്മറ്റി അംഗവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ സംസ്ഥാന കമ്മറ്റിയുടെ ഭാഗത്തുനിന്ന് എന്ത് പ്രതികരിക്കാനാണ്. മാധ്യമങ്ങൾ ഉണ്ടാക്കുന്ന വാർത്താണിതെല്ലാം. അതിൽ ഇടപെടാൻ ഒരുതരത്തിലും തയ്യാറല്ല. അവിടെ ജില്ലാ സെക്രട്ടറി എംവി ജയരാജനെ വിളിച്ചാൽ മതി' എന്നായിരുന്നു പ്രതികരണം.
Content Highlights: mv govindan response on karuvannur and manu thomas issues