നിലമ്പൂർ: ഇടതുപിന്തുണയോടെ ആര്യാടന്റെ വിജയം ഓർമ്മിപ്പിച്ച് എം.വി. ഗോവിന്ദൻ

#സ്വന്തം ലേഖകൻ
എം.വി ഗോവിന്ദന്‍ | Photo: ANI
എം.വി ഗോവിന്ദന്‍ | Photo: ANI

തിരുവനന്തപുരം: കോൺഗ്രസ് നേതാവായിരുന്ന ആര്യാടൻ മുഹമ്മദ് ഇടതുപക്ഷ പിന്തുണയോടെ നിലമ്പൂരിൽ മത്സരിച്ചുജയിച്ച ചരിത്രം ഓർമ്മിപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയാക്കിയില്ലെങ്കിൽ ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്ത് ഇടതുസ്വതന്ത്രനാവുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഗോവിന്ദന്റെ പ്രതികരണം.

നിലമ്പൂരിൽ പാർട്ടിചിഹ്നത്തിൽ സ്ഥാനാർഥിയുണ്ടാവുണ്ടാവുമോയെന്ന് ഇപ്പോൾ പറയാനാവില്ല -പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷം മുൻപ് സ്വതന്ത്രരെ പിന്തുണച്ചതിനെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു അതിനുംമുൻപ്‌ ആര്യാടൻ മുഹമ്മദ് മത്സരിച്ചപ്പോൾ ഞങ്ങളവിടെ ജയിപ്പിച്ചതല്ലേ എന്ന മറുപടി.

നിലപാടിന്റെ അടിസ്ഥാനത്തിൽ ഇത്തരത്തിൽ സ്ഥാനാർഥികൾ വരുകയും മാറുകയും ചെയ്തിട്ടുണ്ട്. അന്ന് ആന്റണി കോൺഗ്രസായിരുന്നു ആര്യാടനെന്നും ഗോവിന്ദൻ ഓർമ്മിപ്പിച്ചു.

നിലമ്പൂർ സീറ്റ് എൽഡിഎഫ് നിലനിർത്തും. കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത് സിപിഎം കാത്തിരിക്കുകയാണെന്ന ആരോപണത്തിലൂടെ തെളിയുന്നത് യുഡിഎഫിൽ വലിയ പ്രശ്നങ്ങളുണ്ടെന്നാണ്. സിപിഎമ്മിന് ആരെയും കാത്തിരിക്കേണ്ട കാര്യമില്ല.

അൻവറിന്റെ സ്ഥാനാർഥി വരണോ യുഡിഎഫ് സ്ഥാനാർഥിയാവണോ വേണ്ടതെന്നാണ് അവർക്കിടയിലെ വലിയ തർക്കം-ഗോവിന്ദൻ പറഞ്ഞു.

ഉപതിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാവുമോയെന്ന ചോദ്യത്തിന് ‘ഇനി ഒരു കൊല്ലമല്ലേയുള്ളൂ. സർക്കാരിനെ വിലയിരുത്താൻ നിലമ്പൂർമാത്രം നോക്കേണ്ടതുണ്ടോ’ എന്നായിരുന്നു മറുപടി.

മൂന്നാം ഭരണത്തിലേക്കാണ് എൽഡിഎഫ് സർക്കാരിന്റെ യാത്രയെന്നും അദ്ദേഹം പറഞ്ഞു.


 

Content Highlights: mv govindan remembers aryadan muhammed win in nilambur election