പത്മകുമാറിനെതിരായ നടപടി; ഞങ്ങളൊക്കെ ജയിലിൽ കിടന്നിട്ടാണ് കമ്യൂണിസ്റ്റ് പ്രവര്‍ത്തകരായതെന്ന് എം.വി.ഗോവിന്ദന്‍

കോഴിക്കോട്: ജയില്‍ കണ്ടാല്‍ വെപ്രാളപ്പെടുന്നവരല്ലെന്നും ജയിലില്‍ കിടന്നിട്ടാണ് തങ്ങളൊക്കെ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരായതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കാലിക്കറ്റ് പ്രസ് ക്ലബിന്റെ മീറ്റ് ദ ലീഡര്‍ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ജയിലില്‍ പോയത് സംബന്ധിച്ച ചോദ്യത്തിനായിരുന്നു ഈ മറുപടി.
എ.പത്മകുമാറിനെതിരെ പാര്‍ട്ടി നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനുള്ള എം.വി.ഗോവിന്ദന്റെ മറുപടി ഇങ്ങനെയായിരുന്നു: 'ധൃതിപ്പെടേണ്ട, ഇന്നോ, നാളെയോ എടുക്കണമെന്നില്ല. ജയിലിലാണ് അയാള്‍ ഉള്ളത്. അയാളിപ്പോള്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ ഒന്നുമില്ല. ജയിലില്‍ സംഘടനാപ്രവര്‍ത്തനം പറ്റില്ല. ജയിലില്‍ പോയാല്‍ ഉടനെ നടപടി എടുക്കുമെന്ന് ആരാണ് പറഞ്ഞിരിക്കുന്നത്. പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ രീതിയുണ്ട്'. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുക്കണമെന്ന് എങ്ങനെയാണ് ആവശ്യപ്പെടുകയെന്ന ചോദ്യത്തിന്, മാങ്കൂട്ടത്തിലിനെയും ഇതിനെയും താരതമ്യം ചെയ്യേണ്ടന്നും അത് രണ്ടും രണ്ടാണെന്നുമായിരുന്നു മറുപടി. പത്മകുമാര്‍ ജയിലിലാണെന്ന് ഇതോടെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടി. 'ഞങ്ങളെല്ലാം ജയിലില്‍ കിടന്നവരാണ്. ജയിലെന്ന് കേട്ടാല്‍ വെപ്രാളപ്പെടുന്നവരല്ല. ജയിലില്‍ കിടന്നിട്ടാണ് ഞങ്ങളെല്ലാം കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരായത്'-എം.വി.ഗോവിന്ദന്‍ മറുപടി നല്‍കി.
വാസുവിന്റെയല്ല ഏതവന്റെ മൊഴിയാണെങ്കിലും ശരി. ഒരു തരി സ്വര്‍ണം നഷ്ടപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: CPIM State Secretary MV Govindan: Jail Experience Forged Communist Activist