'ജില്ലാ സെക്രട്ടറിയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചു, നീചമായ പ്രവൃത്തി'; PK ശശിക്കെതിരെ MV ഗോവിന്ദൻ

#ഗോകുൽ.വി.എസ്/മാതൃഭൂമി ന്യൂസ്
എം.വി.​ഗോവിന്ദൻ, പി.കെ. ശശി | Photo: Mathrubhumi
എം.വി.​ഗോവിന്ദൻ, പി.കെ. ശശി | Photo: Mathrubhumi

പാലക്കാട്: പാലക്കാട് മേഖലാ റിപ്പോർട്ടിങ്ങിൽ സി.പി.എം നേതാവ് പി.കെ.ശശിയെ രൂക്ഷമായി വിമർശിച്ച് സംസ്ഥാന സെക്രട്ടറി എം.വി.​ഗോവിന്ദൻ. ശശി ചെയ്തത് നീചമായ പ്രവൃത്തിയെന്നായിരുന്നു വിമർശനം. സാമ്പത്തിക തട്ടിപ്പുകൾക്ക് പുറമെ, ജില്ലാ സെക്രട്ടറിയെ കള്ളക്കേസിൽ കുടുക്കാൻ ശശി ശ്രമിച്ചെന്നും ഇതിന് ഒരു മാധ്യമപ്രവർത്തകനുമായി ​ഗൂഢാലോചന നടത്തിയെന്നതുമടക്കം ഗുരുതര ആരോപണങ്ങളും ​ഗോവിന്ദന്‍ ഉന്നയിച്ചു.

പാർട്ടിയിൽനിന്ന് ഒഴിവാക്കേണ്ട പ്രവൃത്തികളാണ് ശശി ചെയ്തത്. എന്നാൽ ഒരു മുതിർന്ന അം​ഗമെന്ന പരി​ഗണന നൽകിയാണ് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. ഇത് ശശിക്ക് സ്വയം തെറ്റുതിരുത്താനുള്ള നടപടിയാണെന്നും അത് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം.വി.​ഗോവിന്ദൻ തിങ്കളാഴ്ച നടന്ന മേഖല റിപ്പോർട്ടിങ്ങിൽ പറഞ്ഞു.   

ജില്ലാ കമ്മിറ്റി അംഗമായിരുന്ന പി.കെ. ശശിയെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടിസ്ഥാനങ്ങളില്‍നിന്നും നീക്കാന്‍ സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം നേരത്തേ തീരുമാനിച്ചിരുന്നു. മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ കോളേജിന്റെ പ്രവര്‍ത്തനങ്ങളിലും ഇതിലേക്ക് പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളില്‍നിന്ന് ഫണ്ട് സ്വീകരിച്ചതിലും ക്രമക്കേടുണ്ടായെന്നുള്ള ആരോപണങ്ങളാണ് ശശിക്കെതിരേ ഉയര്‍ന്നത്.

Content Highlights: MV Govindan criticized cpm leader PK Sasi