എല്ലാവർക്കുമെതിരേ വിമർശനങ്ങളുണ്ട്, തിരുത്തേണ്ടത് തിരുത്തി മുന്നോട്ടുപോകും- എം.വി. ഗോവിന്ദൻ

#സ്വന്തം ലേഖകൻ
എംവി ഗോവിന്ദൻ | Photo: ബി മുരളീകൃഷ്ണൻ/മാതൃഭൂമി
എംവി ഗോവിന്ദൻ | Photo: ബി മുരളീകൃഷ്ണൻ/മാതൃഭൂമി

കോഴിക്കോട്: പാർട്ടിക്കുണ്ടായ പരാജയത്തിൽ തിരുത്തൽ നടപടിയുമായി മുന്നോട്ടുപോവുക എന്നതുതന്നെയാണ് തീരുമാനമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ താനടക്കമുള്ള എല്ലാവർക്കെതിരെയും വിമർശനവും സ്വയംവിമർശനവും ഉയർന്നിട്ടുണ്ടെന്നും തങ്ങളെല്ലാം തിരുത്തൽ വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ രണ്ടാംദിനം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോഴും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോഴും പരിശോധിച്ചിരുന്നു. എന്നാൽ, ആ പരിശോധനയൊന്നും ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സാഹചര്യവുമായി തട്ടിച്ച് നോക്കുമ്പോൾ പൂർണമായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് തിരുത്തൽ നടപടിയുമായി ശക്തമായി മുന്നോട്ട്‌പോവാൻ തീരുമാനിച്ചിരിക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

ഞാനടക്കമുള്ള എല്ലാവർക്കുമെതിരെ വിമർശനവും സ്വയം വിമർശനവും ഉയർന്നിട്ടുണ്ട്. എനിക്കെതിരെ വിമർശനമുണ്ടായില്ലെങ്കിൽ എന്ത് സമ്മേളനമാണെന്നും അദ്ദേഹം ചോദിച്ചു. ഞങ്ങളെല്ലാം തിരുത്തേണ്ടതുണ്ട്. അതെല്ലാം തിരുത്തും. തിരുത്തി പുതിയ ശക്തിയായി മുന്നോട്ടേക്ക് കൊണ്ടുപോകാനുള്ള ദൗത്യമാണ് ഞങ്ങൾക്കെല്ലാമുള്ളതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

പാർട്ടിക്കുവേണ്ടിയാണെന്ന് പറഞ്ഞ് ചില ആളുകൾ സാമൂഹിക മാധ്യമങ്ങളിൽ നടത്തുന്ന എല്ലാത്തരം ഇടപെടലുകളോടും യോജിപ്പില്ലെന്നും അദ്ദേഹം അറിയിച്ചു. യോഗത്തിൽ ഉയർന്നുവന്ന എല്ലാ കാര്യങ്ങൾക്കും അടുത്തദിവസം മറുപടി പറയും. ജില്ലാ തലത്തിലും ഇതുപോലുള്ള വിപുലീകൃത കമ്മിറ്റികൾ യോഗംചേരുമെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

കേന്ദ്ര ഏജൻസികൾകൾക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ ഒരു പൊതുവേദി രൂപവത്കരിക്കുന്നതിനേപ്പറ്റി ആലോചിക്കും. മനുഷ്യാവകാശ പ്രസ്ഥാനങ്ങളെയടക്കം ഇതിൽ പങ്കുചേർക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

Content Highlights: CPM State Secretary MV Govindan acknowledged the severe internal criticism faced by the leadership during the state committee meeting and asserted that the party will implement corrective measures following recent electoral setbacks.