ഞാൻ ഉൾപ്പെടെയുള്ളവർക്കു പറ്റിയ തെറ്റ് ചർച്ച ചെയ്തു; പറയേണ്ട കാര്യങ്ങളേ പറയേണ്ടതുള്ളൂ- എം.വി. ഗോവിന്ദൻ

#ന്യൂസ് ഡെസ്ക്
എംവി ഗോവിന്ദൻ | Photo: ബി മുരളീകൃഷ്ണൻ/മാതൃഭൂമി
എംവി ഗോവിന്ദൻ | Photo: ബി മുരളീകൃഷ്ണൻ/മാതൃഭൂമി

കോഴിക്കോട്: വർഗീയ ശക്തികൾക്കെതിരേ ശക്തമായ പോരാട്ടം സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎം വിശാല യോഗത്തിൽവെച്ച് മൂന്ന് പ്രമേയങ്ങൾ അംഗീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.വി. ഗോവിന്ദൻ.

യോഗത്തിൽ വെച്ചുണ്ടായ പരസ്യമായ ശാസനയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന്; ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും പറയേണ്ട കാര്യങ്ങളേ പറയേണ്ടതുള്ളൂ എന്നായിരുന്നു എം.വി. ഗോവിന്ദന്റെ മറുപടി. ഇ.ഡിയ്ക്കെതിരായ അതിശക്തമായ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിയെ തകർക്കുക എന്ന ഉന്നംവെച്ച് മാധ്യമങ്ങളെ കൂടി ചേർത്ത് ഇ.ഡി. നടത്തിക്കൊണ്ടിരിക്കുന്ന കള്ളപ്രചരണങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കും. എസ്എഫ്ഐ കുട്ടികളുടെ വീടുകൾ റെയ്ഡ് ചെയ്യുന്ന അവസ്ഥയാണ്. എന്തും ചെയ്യാൻ അവകാശമുണ്ടെന്ന വാദമുന്നയിച്ച് പാർട്ടിക്കെതിരായി വരുന്ന കടന്നാക്രമണങ്ങളെ പാർട്ടി ശക്തമായി എതിർത്ത് തോൽപ്പിക്കും. ഇതുപോലുള്ള കേന്ദ്ര ഏജൻസികൾ മുമ്പും പാർട്ടിക്കെതിരേ ഒരുപാട് വാർത്തകൾ കൊണ്ടു വന്നിട്ടുണ്ടെന്നും അവയൊക്കെ ആവിയായിപ്പോയിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. എല്ലാം പ്രതിരോധിച്ച് പാർട്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി ശാസനയുമായി ബന്ധപ്പെട്ട ചോദ്യത്തിന് അദ്ദേഹം മറുപടി നൽകാൻ തയ്യാറായില്ല. സംഘടനാപരമായ കാര്യങ്ങളാണ് അതെന്നും അതിനെക്കുറിച്ച് വിശദീകരിക്കുന്നില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. 'അത് സംഘടനാപരമായ കാര്യങ്ങളാണ്. എല്ലാ അർത്ഥത്തിലുമുള്ള തെറ്റുതിരുത്തൽ പ്രക്രിയയിലേക്കും പോകും. ഞാൻ ഉൾപ്പെടെയുള്ളവർക്കു പറ്റിയ തെറ്റ് സംബന്ധിച്ച് ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സെക്രട്ടറിക്കെതിരായ ചർച്ചയില്ലാതെ പിന്നെന്ത് ചർച്ചയാണ്. എല്ലാ ചർച്ചയും പരിഗണിച്ച് ആവശ്യമായ നിലപാട് പാർട്ടി സ്വീകരിക്കും. പറയേണ്ട കാര്യങ്ങളേ പറയേണ്ടതുള്ളൂ. എല്ലാ തരത്തിലും തെറ്റ് തിരുത്തും- എം.വി. ഗോവിന്ദൻ പറഞ്ഞു.

മൂന്നുമാസം കൂടുമ്പോൾ താഴെ ഘടങ്ങളിൽ അവലോകനങ്ങൾ നടത്തും. ആറുമാസക്കാലത്തെ പ്രവർത്തനങ്ങളെ സംസ്ഥാന കമ്മിറ്റി വിലയിരുത്തും. സംസ്ഥാന കമ്മിറ്റി തന്നെ അജണ്ട ഓരോ സന്ദർഭത്തിലും തീരുമാനിച്ച് കൈകാര്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട്ട് ഇന്നു(ചൊവ്വ) വൈകീട്ട്‌ റാലിയോടെ സിപിഎം വിശാല സമിതിയോഗം സമാപിക്കും. സമാപന സമ്മേളം പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്യും. പോളിറ്റ് ബ്യൂറോ അംഗം കെ.കെ.ഷൈലജ പ്രസംഗിക്കും.

കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി.പി. രാമകൃഷ്ണൻ, തോമസ് ഐസക് എന്നിവർ സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്ന് ഒഴിവായി കേന്ദ്ര കമ്മിറ്റിയുടെ ഭാഗമായി സെക്രട്ടറിയേറ്റിനെ സഹായിക്കുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ഒഴിവാക്കുന്നവർക്ക് പകരം, പി.ബിയുടെ പ്രത്യേക അനുവാദത്തോടെ മൂന്നുപേരെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ഉൾപ്പെടുത്താൻ തീരുമാനിച്ചു. പി. ജയരാജൻ, എം.ബി. രാജേഷ്, വി. ശിവൻകുട്ടി എന്നിവരേയാണ് സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയത്. കേന്ദ്ര കമ്മിറ്റിയിൽ ക്ഷണിതാവായ ജോൺ ബ്രിട്ടാസ്, സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്ന് ഒഴിവായ ടി.പി. രാമകൃഷ്ണൻ, തോമസ് ഐസക് എന്നിവർ സംസ്ഥാന സെന്ററിന്റെ ഭാഗമായും പ്രവർത്തിക്കും. സൂസൻ കോടിയും സംസ്ഥാന സമിതിയിൽ പ്രവർത്തിക്കും.

സംസ്ഥാന സമിതിയിൽ പുതുതായി ഒമ്പത് പേരെ ക്ഷണിതാക്കളായി ഉൾപ്പെടുത്തി. യുവനേതാക്കളെ ഉൾപ്പെടുത്തിയാണ് പുനഃസംഘടന. എം.വിജിൻ, ജെയ്ക് തോമസ്‌, പി.എസ്. സഞ്ജീവ്, ആദർശ് എം. സജി, എം. ശിവപ്രസാദ്, പ്രഭാവർമ, ഒ.എസ്. അംബിക, എൻ. സുകന്യ, സുബൈദ ഇസഹാഖ് എന്നിവരാണ് സംസ്ഥാന സമിതിയിലെ ക്ഷണിതാക്കൾ.

Content Highlights: MV Govindan admitted that mistakes made by him and others were discussed in the party., Announced strong resistance against ED and media campaigns targeting the party., Kozhikode CPM committee meeting concludes with a rally inaugurated by MA Baby.