നേരും മെട്രോയും ബോള്‍ഗാട്ടിയും; മണ്ഡലത്തിലെ അമ്മമാര്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് കുഴല്‍നാടന്‍

മാത്യു കുഴല്‍നാടന്‍ യാത്രയ്ക്കിടെ അമ്മമാര്‍ക്കൊപ്പം | Photo: Facebook/ Mathew Kuzhalnadan
മാത്യു കുഴല്‍നാടന്‍ യാത്രയ്ക്കിടെ അമ്മമാര്‍ക്കൊപ്പം | Photo: Facebook/ Mathew Kuzhalnadan

കൊച്ചി: ക്രിസ്മസ് മണ്ഡലത്തിലെ 60 വയസ്സുകഴിഞ്ഞ സ്ത്രീകള്‍ക്കൊപ്പം ആഘോഷിച്ച് മൂവാറ്റുപുഴ എം.എല്‍.എ. മാത്യു കുഴല്‍നാടന്‍. സ്‌നേഹയാത്രയെന്ന പേരില്‍ നൂറോളം അമ്മമാരുമായി വിനോദയാത്ര സംഘടിപ്പിച്ചാണ് എം.എല്‍.എ. ക്രിസ്മസ്- പുതുവത്സരാഘോഷം നടത്തിയത്. മെട്രോ യാത്രയും ഷോപ്പിങ്ങും സിനിമയുമായി എം.എല്‍.എയ്‌ക്കൊപ്പം സംഘം യാത്ര ആഘോഷമാക്കി.

മൂവാറ്റുപുഴയില്‍നിന്ന് ബസ് എറണാകുളത്തേക്ക് ബസില്‍ എത്തിയ സംഘം, കൊച്ചി മെട്രോയില്‍ ഇടപ്പള്ളി ലുലു മാളിലെത്തി. ഇവിടെ ഷോപ്പിങ്ങിനുശേഷം മള്‍ട്ടിപ്ലക്‌സില്‍ മോഹന്‍ലാന്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ നേര് സിനിമ കണ്ടു. സിനിമ കണ്ട് പുറത്തെത്തിയവരെ സ്വീകരിച്ചത് സിനിമയിലെ അഭിനേതാക്കള്‍.

ഇവിടെനിന്ന് ബോള്‍ഗാട്ടി പാലസും വാട്ടര്‍മെട്രോ യാത്രയും കഴിഞ്ഞ് രാത്രി പത്തോടെ സംഘം മൂവാറ്റുപഴയില്‍ തിരിച്ചെത്തി. ക്രിസ്മസ് ആഘോഷവും രാത്രി ഭക്ഷണവും കഴിഞ്ഞാണ് സംഘം പിരിഞ്ഞത്.

യാത്ര ഏറെ ഹൃദ്യമായ അനുഭവമായിരുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആഘോഷങ്ങള്‍ക്ക് പ്രായത്തിന്റെയോ മതത്തിന്റെയോ അതിര്‍വരമ്പ് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: muvattupuzha mla Mathew Kuzhalnadan sneha yatra