മുത്തങ്ങ സമരത്തിനിടെ പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളേയും വെറുതേ വിട്ടു

കെ.വി. വിനോദ്
കെ.വി. വിനോദ്

കല്പറ്റ: മുത്തങ്ങ ഭൂസമരത്തിനിടെയുണ്ടായ സംഘർഷത്തിൽ കണ്ണൂർ കെ.എ.പി. നാലാം ബറ്റാലിയനിലെ കോൺസ്റ്റബിൾ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളേയും വെറുതേവിട്ടു. കൊലപാതകം നടത്തിയ രണ്ടാം പ്രതി അശോകൻ നേരത്തെ മരിച്ചു. അശോകൻ ആണ് വിനോദിനെ അവസാനം വെട്ടിയത്. ഇതാണ് മരണ കാരണമെന്ന് കോടതി കണ്ടെത്തി. പ്രതി മരിച്ചതിനാൽ ശിക്ഷ വിധിക്കുന്നില്ല. ഈ കേസിൽ മറ്റു പ്രതികളുടെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും വിനോദ് വധത്തിൽ ഗൂഢാലോചന തെളിയിക്കാനായില്ലെന്നും കോടതി പറഞ്ഞു. കല്പറ്റ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സ്പെഷ്യൽ കോടതിയാണ് കേസിൽ വിധി പറ‍ഞ്ഞത്.

അതേ സമയം മുത്തങ്ങ സംഭവത്തിലെ അബ്ദുൾ സലാം വധശ്രമക്കേസിൽ നാല് പേർ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. ഗീതാനന്ദന് പുറമേ ബിനു, രമേശൻ കൊയ്യാലിപുര, അനിൽകുമാർ എന്നിവരൊണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. ഈ കേസിൽ ബാക്കി 53 പേരെ വെറുതെ വിട്ടു. 23 വർഷത്തിനുശേഷമാണ് കേസിൽ വിചാരണ പൂർത്തിയായി വിധിവരുന്നത്.

2003 ജനുവരിയിലാണ് ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ ആദിവാസികുടുംബങ്ങൾ മുത്തങ്ങയിലെ കാടുകളിൽ കുടിൽകെട്ടി സമരം തുടങ്ങുന്നത്. ഫെബ്രുവരി 19-ന് സമരക്കാരെ ഒഴിപ്പിക്കുന്നതിനുള്ള പോലീസ് നടപടിക്കിടെയാണ് അവർ ബന്ദിയാക്കിയ വിനോദിന് വെട്ടേറ്റത്. സമരക്കാരിൽനിന്ന് രക്ഷിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി വിനോദ് മരിക്കുകയായിരുന്നു. പോലീസ് വെടിവെപ്പിൽ ജോഗി എന്ന ആദിവാസി യുവാവും കൊല്ലപ്പെട്ടു.

കേസ് ആദ്യം ലോക്കൽപോലീസും പിന്നീട് ക്രൈംബ്രാഞ്ചും ഒടുവിൽ സി.ബി.ഐ. ചെന്നൈ യൂണിറ്റുമാണ് അന്വേഷിച്ചത്. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് കേസിന്റെ വിചാരണ എറണാകുളം സി.ബി.ഐ. പ്രത്യേക കോടതിയിൽനിന്ന് വയനാട് സെഷൻസ് കോടതിയിലേക്കു മാറ്റിയത്. പ്രതികളുടെ പേരിൽ കൊലപാതകക്കുറ്റവും ഗൂഢാലോചന അടക്കമുള്ള വകുപ്പുകളുമാണ് ചുമത്തിയിരുന്നത്‌. പ്രതികളിൽ രണ്ടുപേർ വിനോദിനെ മാരകമായി മുറിവേൽപ്പിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്.

Content Highlights: The Kalpetta Principal District and Special Court found tribal leader Geethanandan and three others guilty in the 2003 Muthanga land agitation case involving the murder of police constable K.V. Vinod, while acquitting 53 other accused after 23 years of trial.