മന്ത്രിയില്ല, പേഴ്‌സണൽ സ്റ്റാഫിലും വേണ്ടപരിഗണനയില്ല, ആകെ അവഗണന; കോഴിക്കോട്ട് ലീഗിൽ അമർഷം പുകയുന്നു

#ന്യൂസ് ഡെസ്ക്
മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പി.എം.എ. സലാം, പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ തുടങ്ങിയവർ സമീപം  | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി
മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പി.എം.എ. സലാം, പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ തുടങ്ങിയവർ സമീപം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

കോഴിക്കോട്: ആറുസീറ്റിൽ വിജയിച്ചിട്ടും ഒരു മന്ത്രിയെപ്പോലും നൽകാതെ അവഗണിച്ച കോഴിക്കോട്ട്, മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ കാര്യത്തിലും പരിഗണന ലഭിച്ചില്ലെന്നതിൽ മുസ്‌ലിംലീഗിൽ അമർഷം. സംസ്ഥാനകമ്മിറ്റിക്ക്‌ തിരഞ്ഞെടുക്കാനായി 13 പേരുടെ പ്രാഥമികപട്ടികയും 13 പേരുടെ അധിക പട്ടികയുമാണ് മുസ്‌ലിംലീഗ് ജില്ലാകമ്മിറ്റി സംസ്ഥാനനേതൃത്വത്തിന് കൈമാറിയത്.

പതിമ്മൂന്നിൽ അഞ്ചുപേരെയെങ്കിലും കോഴിക്കോട് ജില്ലയിൽനിന്ന് നിയമിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, കോഴിക്കോട്ടുനിന്ന് നൽകിയ പട്ടികയിൽ അന്തിമതീരുമാനമായിട്ടില്ല.  സംസ്ഥാനനേതൃത്വത്തെക്കണ്ട് ജില്ലാനേതൃത്വം വീണ്ടും ആവശ്യമുന്നയിച്ചിട്ടുണ്ട്.

മുസ്‌ലിംലീഗ് സംസ്ഥാനകമ്മിറ്റി നൽകുന്ന പട്ടികയിൽനിന്നാണ് പേഴ്സണൽ സ്റ്റാഫിനെ നിയമിക്കുക എന്നാണ് ആദ്യം പറഞ്ഞിരുന്നത്. പട്ടിക അഞ്ചുമന്ത്ര‌ിമാർക്കും കൈമാറിയിട്ടുണ്ട്. പക്ഷേ, ഇതിൽ ഉൾപ്പെടാത്ത സെക്രട്ടേറിയറ്റ് ജീവനക്കാരായ കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽനിന്നുള്ളവരെ മന്ത്രിമാർ സ്വന്തം നിലയ്ക്ക് കൂടുതലായി ഉൾപ്പെടുത്തിയെന്നാണ് ലീഗിന്റെ ഒരു വിഭാഗത്തിന്റെ പരാതി. ഇതിനെതിരേ കടുത്ത പ്രതിഷേധം ജില്ലയിൽ മുസ്‌ലിംലീഗിലുണ്ട്. പക്ഷേ, അനുഭവപരിചയമുള്ളവർ എന്ന നിലയിലാണ് മന്ത്രിമാർ സെക്രട്ടേറിയറ്റ് ജീവനക്കാരെ സ്വന്തംനിലയ്ക്ക്‌ തിരഞ്ഞെടുക്കുന്നതെന്നാണ് വിശദീകരണം.

കോഴിക്കോട്ട് ആറുസീറ്റിൽ ആദ്യമായാണ് മുസ്‌ലിംലീഗ് ജയിക്കുന്നത്. മലപ്പുറം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ വിജയിച്ചത് കോഴിക്കോട്ടാണ്. പക്ഷേ, മന്ത്രിമാരുടെ പട്ടിക വന്നപ്പോൾ കോഴിക്കോട്ടുനിന്ന് ആരും പരിഗണിക്കപ്പെട്ടില്ല. അവസാന രണ്ടരവർഷം പാറക്കൽ അബ്ദുള്ളയെ മന്ത്രിയാക്കുമെന്ന് സംസ്ഥാനനേതൃത്വം നൽകിയ ഉറപ്പിൽമാത്രമാണ് നിലവിൽ ഏക പ്രതീക്ഷ. മന്ത്രിപ്പട്ടികയിൽ ആരെയും പരിഗണിക്കാത്തതിൽ പ്രതിഷേധമുയർന്നപ്പോൾ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടെ കോഴിക്കോട്ടുനിന്നുള്ളവർക്ക് പരിഗണനനൽകുമെന്ന് പറഞ്ഞിരുന്നു. അതും പൂർണമായി പാലിക്കപ്പെടുന്നില്ലെന്നാണ് ലീഗിലെ ഒരു വിഭാഗം പറയുന്നത്.

Content Highlights: Kozhikode Muslim League expresses dissatisfaction over lack of representation in ministerial personal staff., District committee submitted a list of 26 candidates to state leadership., Allegations that ministers prioritized secretariat staff from other districts like Kottayam and Kollam., District leadership has approached state leadership to resolve the ongoing grievance.