ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിന് കെഎന്‍എ ഖാദറിന് ലീഗിന്റെ താക്കീത്

കെഎന്‍എ ഖാദര്‍ | ഫോട്ടോ: കെ. ബി. സതീഷ് കുമാര്‍ / മാതൃഭൂമി
കെഎന്‍എ ഖാദര്‍ | ഫോട്ടോ: കെ. ബി. സതീഷ് കുമാര്‍ / മാതൃഭൂമി

മലപ്പുറം: ആര്‍.എസ്.എസ്. പരിപാടിയില്‍ പങ്കെടുത്ത മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം കെ.എന്‍.എ. ഖാദറിന് സംസ്ഥാന കമ്മിറ്റിയുടെ താക്കീത്. കോഴിക്കോട് കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിന്റെ പരിപാടിയില്‍ പങ്കെടുത്തതിനാണ് താക്കീത് നല്‍കിയത്. ജാഗ്രതക്കുറവ് ഉണ്ടായതില്‍ ഖാദര്‍ ഖേദം പ്രകടിപ്പിച്ചതായി മുസ്ലിം ലീഗ് വ്യക്തമാക്കി. 

ആര്‍.എസ്.എസ്. പരിപാടിയില്‍ പങ്കെടുത്തതിന് ഖാദറിനോട് പാര്‍ട്ടി വിശദീകരണം തേടിയിരുന്നു. ഒരു സാംസ്‌കാരികപരിപാടി എന്ന നിലയില്‍ മാത്രം കണ്ട് പങ്കെടുത്ത തനിക്ക് സൂക്ഷ്മതക്കുറവുണ്ടായതായി ഖാദര്‍ വിശദീകരണം നല്‍കുകയും ചെയ്തു. പരിപാടിയെ കുറിച്ച് വ്യക്തമായി മനസിലാക്കാതെയാണ് പങ്കെടുക്കാന്‍ പോയതെന്നും ഖാദര്‍ വിശദീകരണത്തില്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ലീഗ് നേതൃത്വം അദ്ദേഹത്തിന് താക്കീത് നല്‍കിയത്. 

ഖാദര്‍ പാര്‍ട്ടിയ്ക്ക് നല്‍കിയ ദീര്‍ഘമായ വിശദീകരണക്കുറിപ്പ് നേതൃയോഗം ചര്‍ച്ച ചെയ്തു. പാര്‍ട്ടി അംഗങ്ങള്‍ ഏത് വേദിയില്‍ പങ്കെടുക്കുമ്പോഴും സാമൂഹികമാധ്യമങ്ങളുള്‍പ്പെടെയുള്ള മാധ്യമങ്ങളിലും പുറത്തും പ്രതികരണങ്ങള്‍ നടത്തുമ്പോഴും മുസ്ലിം ലീഗിന്റെ നയസമീപനങ്ങള്‍ക്കും സംഘടനാമര്യാദകള്‍ക്കും വിരുദ്ധമാകാതിരിക്കാന്‍ കൂടുതല്‍ ജാഗ്രതയും കണിശതയും പുലര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടതായി ലീഗ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
 

Content Highlights: K.N.A. Khader, Muslim League, Malayalam News