മുരളിയുടെ പ്രതിമ: മാധ്യമങ്ങളിൽവന്ന ചിത്രം തന്റെ ശില്പത്തിന്റേതല്ലെന്ന് ശില്പി

തിരുവനന്തപുരം: വെങ്കലപ്രതിമ നിർമാണ വിവാദത്തിൽ മാധ്യമങ്ങളിൽ വന്ന ചിത്രം തന്റെ ശില്പത്തിന്റേതല്ലെന്ന് ശില്പി വിൽസൺ പൂക്കായി. അക്കാദമിവളപ്പിൽ മുമ്പ് സ്ഥാപിച്ച വേറൊരു ശില്പിയുടെ രണ്ട് പ്രതിമകളിൽ ഒന്നാണ് തന്റേതായി മാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്ന് വെങ്കലപ്രതിമ നിർമാണച്ചുമതലയുണ്ടായിരുന്ന ശില്പി വിൽസൺ ‘മാതൃഭൂമി’യോട് പറഞ്ഞു.
വിൽസൺ തയ്യാറാക്കിയ പ്രതിമയുടെ കളിമൺമാതൃകയ്ക്ക് മുരളിയോട് രൂപസാദൃശ്യമില്ലെന്നു വിലയിരുത്തിയാണ് നിർമാണം സർക്കാർ ഉപേക്ഷിച്ചതും ചെലവായ 5,70,000 രൂപ എഴുതിത്തള്ളിയതും.
മുരളിയുടെ അർധകായപ്രതിമ പൂർത്തിയാക്കിയിട്ടില്ലെന്നും തയ്യാറാക്കിയ മുഖത്തിന്റെ മാതൃക കൊച്ചിയിലെ വാടകവീട്ടിലായിരുന്നെന്നും വിൽസൺ പറഞ്ഞു. അതിന്റെ ദൃശ്യം പുറത്തുവിട്ടിട്ടില്ല. താനുണ്ടാക്കിയതെന്നപേരിൽ ഇപ്പോൾ മാധ്യമങ്ങളിൽവരുന്ന പ്രതിമ രാജൻ എന്ന ശില്പിയുടെതാണെന്നും വിൽസൺ പറഞ്ഞു.
അക്കാദമിയുടെ ഭാരവാഹികൾ മാറിയ മുറയ്ക്ക് നിർമാണത്തിന് മുരളിയുടെ രണ്ട് ചിത്രങ്ങൾ മാറ്റിനൽകി. ആദ്യത്തേതുനോക്കി നിർമാണം തുടങ്ങിയെങ്കിലും അധ്യക്ഷയായിരുന്ന കെ.പി.എ.സി. ലളിതയുടെ നിർദേശപ്രകാരം മാറ്റി. ശില്പകലയുമായി ബന്ധമുള്ളവരെ ഉൾപ്പെടുത്തി മാതൃക വിലയിരുത്തണമെന്ന് സാംസ്കാരികമന്ത്രിയോടും അക്കാദമി ചെയർമാനോടും അഭ്യർഥിച്ചതാണ്. ശില്പം പൂർത്തിയാക്കാൻ താത്പര്യമുണ്ടെന്ന് ഇരുവരെയും അറിയിച്ചിരുന്നതായും നിർമാണം ഉപേക്ഷിച്ചത് വേദനിപ്പിച്ചെന്നും വിൽസൺ പറഞ്ഞു.
Content Highlights: murali statue contraversy Sculptor comment