ഓറഞ്ച് അലർട്ട്: മൂന്നാറിൽ ഗതാഗത നിയന്ത്രണം

തൊടുപുഴ: കൊച്ചി - ധനുഷ്‌കോടി ദേശീയ പാതയിൽ മൂന്നാർ സിഎസ്ഐ പള്ളിക്ക് സമീപം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. ഇടുക്കി ജില്ലയിൽ 29, 31, 01 തീയതികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഗതാഗത നിയന്ത്രണമേർപ്പെടുത്തുന്നതെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു.
കനത്ത മഴയെ തുടർന്ന് നേരത്തേ ഈ മേഖലയിൽ റോഡിൽ വിള്ളൽ കണ്ടെത്തിയതും കഴിഞ്ഞ ദിവസം ഹെഡ് വർക്സ് ഡാമിന് സമീപം മണ്ണിടിച്ചിലുണ്ടായ സാഹചര്യവും കണക്കിലെടുത്താണ് കളക്ടറുടെ നിർദേശം. മണ്ണിടിച്ചിലുണ്ടായ ഹെഡ് വർക്സ് ഡാമിന് സമീപം ഒരുവരി മാത്രമായി ഗതാഗതം ക്രമീകരിച്ചിട്ടുണ്ട്.
പ്രദേശത്ത് ആവശ്യമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പോലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴ മൂലം ദേശീയപാതയുടെ നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നുണ്ട്. അതിനാൽ ഈ വഴിയുള്ള ഗതാഗതം പരമാവധി ഒഴിവാക്കാൻ ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ മാറ്റമുണ്ടാകുന്ന സാഹചര്യത്തിൽ ഗതാഗതം പുന:സ്ഥാപിക്കുമെന്നും കളക്ടർ അറിയിച്ചു.
Content Highlights: Traffic restrictions imposed on Kochi-Dhanushkodi National Highway in Munnar due to heavy rain and Orange Alert. Check travel advisories and avoid the area.