മേയ് 20-നകം വീടുകൾ കൈമാറണമെന്ന ആവശ്യവുമായി മുണ്ടക്കൈ-ചൂരൽമല അതിജീവിതർ

കല്പറ്റ: കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിലെ വീടുകൾ നിർമാണം പൂർത്തിയാക്കി മേയ് 20-നകം കൈമാറണമെന്ന ആവശ്യവുമായി അതിജീവിതർ. ആദ്യഘട്ടത്തിൽ ഫെയ്സ് വണ്ണിൽ നിർമാണം പുരോഗമിക്കുന്ന 178 വീടുകൾ മഴയ്ക്കുമുൻപേ കൈമാറണമെന്ന ആവശ്യവുമായാണ് ദുരന്തബാധിതർ ജില്ലാഭരണകൂടത്തെ സമീപിച്ചത്.
മാർച്ച് ഒന്നിന് 178 വീടുകളുടെയും താക്കോൽദാനവും പട്ടയംകൈമാറ്റവും നടത്തിയിരുന്നു. വിഷുവിനുമുൻപ് താമസം തുടങ്ങാനാകുമെന്നായിരുന്നു ചടങ്ങിൽ സർക്കാരിന്റെയും ജില്ലാഭരണകൂടത്തിന്റെയും വാഗ്ദാനം. ഇതിൽ 40 വീടുകൾ നേരത്തേത്തന്നെ താമസയോഗ്യമാക്കിയിരുന്നു.
എന്നാൽ, ഫെയ്സ് വണ്ണിലെ മുഴുവൻ വീടുകളും താമസസജ്ജമാക്കിയശേഷം ഒരുമിച്ചേ താമസം തുടങ്ങുന്നുള്ളൂവെന്ന് ദുരന്തബാധിതർ ജില്ലാഭരണകൂടത്തെ അറിയിക്കുകയായിരുന്നു. 40 വീടുകളുടെ നിർമാണം പൂർത്തിയായെങ്കിലും ഇവിടെ സുവിജ് ട്രീറ്റ്മെന്റ് പ്ളാന്റിന്റെയും കുടിവെള്ളവിതരണശൃംഖലയുടെയും പ്രവൃത്തികൾ നടക്കുകയാണ്. സുവിജ് പൈപ്പ്‍ലൈൻ സ്ഥാപിക്കലും പുരോഗമിക്കുകയാണ്. അഞ്ച് സോണുകളിലുമായി 10 പ്ലാൻറുകളാണ് നിർമിക്കുന്നത്. നാലാം സോണിലെ 9.5 ലക്ഷം സംഭരണശേഷിയുള്ള കുടിവെള്ളസംഭരണിയിൽനിന്ന് വീടുകളിലേക്കുള്ള പൈപ്പ്‍ലൈൻ സ്ഥാപിക്കലും നടക്കുന്നുണ്ട്. ഒന്ന്, മൂന്ന്, നാല് സോണുകളിൽ വീടുകളുടെ മിനുക്കുപണികളാണ് നടക്കുന്നത്. മഴയ്ക്കുമുൻപേ താമസം തുടങ്ങിയില്ലെങ്കിൽ തങ്ങളുടെ ജീവിതം ഇനിയും പ്രയാസത്തിലാകുമെന്ന ആധിയിലാണ് മേയ് 20-നകം വീടുകൾ കൈമാറണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നതെന്ന് ദുരന്തബാധിതർ പറഞ്ഞു.
ഫെയ്സ് വൺ കൂട്ടായ്മയുടെ നേതൃത്വത്തിൽ യോഗം ചേർന്നശേഷമാണ് ആവശ്യവുമായി ജില്ലാഭരണകൂടത്തെ സമീപിച്ചത്. വി. രമേഷ്, ആർ. ബ്രഷ്നോവ്, കെ.എസ്. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Survivors demand completion of 178 township homes by May 20, 2026., Concerns regarding monsoon arrival driving the urgency for relocation., Current status involves sewage treatment and water supply network construction., Phase one survivors collectively decided to move in only after all 178 units are ready.