മുല്ലപ്പെരിയാർ: മന്ത്രി റോഷി അഗസ്റ്റിന് തമിഴ്‌നാടിന്റെ താത്പര്യമെന്ന് ഡീൻ കുര്യാക്കോസ് എം.പി

നെടുങ്കണ്ടം: മുല്ലപ്പെരിയാർ വിഷയത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉയർത്തുന്നത് തമിഴ്‌നാടിന്റെ താത്പര്യവും വാദങ്ങളുമെന്ന് ഡീൻ കുര്യാക്കോസ് എം.പി. മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നാൽ ഇടുക്കി അണക്കെട്ട് താങ്ങും എന്നത് തമിഴ്‌നാടിന്റെ കാലങ്ങളായുള്ള വാദമാണ്. ഇതുതന്നെയാണ് കഴിഞ്ഞ ദിവസം മന്ത്രിയും പറഞ്ഞത്.
കേരളത്തിന്റെ ജലവിഭവവകുപ്പ് മന്ത്രി എന്ന നിലയിൽ അദ്ദേഹം ഒരിക്കലും ഇങ്ങനെ ഒരു അഭിപ്രായം പറയാൻ പാടില്ലായിരുന്നു. ഭൂകമ്പത്തെ അതിജീവിക്കുന്ന ഏതു നിർമിതിയാണ് കേരളത്തിലുള്ളത് എന്ന മന്ത്രിയുടെ ചോദ്യവും തമിഴ്‌നാട് ഉയർത്തുന്നതാണ്. ഇത് സംസ്ഥാന സർക്കാരിന്റെ അഭിപ്രായമാണോ എന്ന് വ്യക്തമാക്കണമെന്നും ഡീൻ ആവശ്യപ്പെട്ടു.
പുതുക്കിപ്പണിയണമെന്ന് ആർ.ജെ.ഡി
അടിമാലി: കേരളത്തിലെ നാല് ജില്ലകളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിലനിൽക്കുന്ന മുല്ലപ്പെരിയാർ അണക്കെട്ട് ഉടൻ പുതുക്കി നിർമിക്കണമെന്ന് ആർ.ജെ.ഡി. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തമിഴ്നാടിന്റെ താത്പര്യംമാത്രം നോക്കി നടപടി സ്വീകരിക്കുന്ന അധികാരികൾ കേരളത്തിലെ ജനങ്ങളുടെ ജീവന് യാതൊരു വിലയും കൽപ്പിക്കുന്നില്ലെന്നും ജില്ലാ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡൻറ് കോയ അമ്പാട്ടിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സമിതി അംഗം കൊച്ചറ മോഹനൻ നായർ, എം.കെ. ജോസഫ് ,കെ.എം. തോമസ്, വിൻസൻറ് കട്ടിമറ്റം, ജോൺസൺ ടി. ചാക്കോ, കെ.ജെ. സെവൻ, ടി.എം. ഷെരീഫ്, ശ്രീജേഷ്, എം.പി. ജോയ് എന്നിവർ സംസാരിച്ചു. വയനാട്ടിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ചവർക്ക് യോഗം അനുശോചനം രേഖപ്പെടുത്തി.
Content Highlights: Mullapperiyar Dam: Minister Roshy Augustine has the interest of Tamil Nadu, says Dean Kuriakose MP