മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട് വെള്ളം കൊണ്ടുപോകും, തേക്കടിയിൽ പൂജകൾക്കുശേഷം ഷട്ടർ തുറക്കും

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് തമിഴ്നാട് തേനി ജില്ലയിലെ നെൽപ്പാടങ്ങളിൽ ഒന്നാംകൃഷിക്കായി ശനിയാഴ്ച മുതൽ വെള്ളം കൊണ്ടുപോകുമെന്ന് കമ്പം എം.എൽ.എ. ജഗന്നാഥ് മിശ്ര പറഞ്ഞു. അണക്കെട്ടിൽനിന്ന് കാർഷികാവശ്യത്തിനായി സെക്കൻഡിൽ 256 ഘനയടി വെള്ളമാണ് എടുക്കുന്നത്. തേക്കടിയിൽ പ്രത്യേക പൂജകൾക്കുശേഷം ഷട്ടർ തുറക്കും.
ഒന്നാംകൃഷിക്കായി ജൂൺ ആദ്യവാരം വെള്ളം കൊണ്ടുപോകേണ്ടതായിരുന്നു. എന്നാൽ, കേരളത്തിൽ കാലവർഷം ദുർബലമായത് പ്രശ്‌നമായി. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 118 അടി പിന്നിട്ടാൽ മാത്രമേ തമിഴ്നാടിന് ഇവിടെനിന്ന് വെള്ളം കൊണ്ടുപോകാനാകൂ. ജൂണിൽ 110 അടിക്ക് താഴെ വെള്ളമേ ഉണ്ടായിരുന്നുള്ളൂ. ഓഗസ്റ്റ് ആദ്യവാരം വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി. ജലനിരപ്പ് 121.75 അടിയിലേക്ക് എത്തുകയുംചെയ്തു. ഇതോടെയാണ് ശനിയാഴ്ചമുതൽ 120 ദിവസത്തേക്ക് വെള്ളം കൊണ്ടുപോകാൻ തമിഴ്നാട് തീരുമാനിച്ചത്.
നിലവിൽ അണക്കെട്ടിലേക്ക് സെക്കൻഡിൽ 1300 ഘനയടി വെള്ളം ഒഴുകിയെത്തുന്നുണ്ട്. 2020-ൽ കാലവർഷം വൈകിയതിനാൽ ഓഗസ്റ്റിലാണ് ഒന്നാംകൃഷിക്കായി ഷട്ടർ തുറന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് തമിഴ്നാട്ടിലെ അഞ്ചുജില്ലകളിൽ കൃഷി ചെയ്യുന്നുണ്ട്. ഇടുക്കിയുടെ അയൽജില്ലയായ തേനിയിൽ മാത്രം 14,707 ഏക്കറിലേറെ സ്ഥലത്താണ് മുല്ലപ്പെരിയാറിനെ ആശ്രയിച്ച് കൃഷി നടത്തുന്നത്.
Content Highlights: Tamil Nadu initiates water release for first crop irrigation starting Saturday., Release rate set at 256 cubic feet per second for 120 days., Water levels reached 121.75 feet following recent monsoon rains., 14,707 acres of farmland in Theni district will benefit from this release., Inflow currently recorded at 1300 cubic feet per second.