അനുമതിയില്ലാതെ തമിഴ്‌നാട്‌ മുല്ലപ്പെരിയാറിൽ ഡ്രോൺ പറത്തി; കനാലിന്റെയും വനമേഖലയുടെയും ദൃശ്യം പകർത്തി

#ന്യൂസ് ഡെസ്ക്
• ഡ്രോൺ ഉപയോഗിച്ച് പകർത്തിയ മുല്ലപ്പെരിയാർ കനാലിന്റെയും വനമേഖലയുടെയും ദൃശ്യം
• ഡ്രോൺ ഉപയോഗിച്ച് പകർത്തിയ മുല്ലപ്പെരിയാർ കനാലിന്റെയും വനമേഖലയുടെയും ദൃശ്യം

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഷട്ടറിന്റെ ഭാഗത്ത് ഡ്രോൺ ഉപയോഗിച്ച് തമിഴ്‌നാട് വീഡിയോ ചിത്രീകരിച്ചത് വിവാദത്തിൽ. ശനിയാഴ്ച, കാർഷികാവശ്യത്തിനായി തമിഴ്‌നാട് വെള്ളം കൊണ്ടുപോകാൻ തുടങ്ങിയിരുന്നു. ഇതിന്റെ ചടങ്ങുകൾക്കെത്തിയ തമിഴ്‌നാട് അധികൃതർ ഡ്രോൺ ഉപയോഗിച്ച് മുല്ലപ്പെരിയാർ കനാലിന്റെയും വനമേഖലയുടെയും ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ദൃശ്യങ്ങൾ പെരിയകുളം എം.എൽ.എ. ജി. ശബരി അയ്യങ്കാറുടെ സാമൂഹിക മാധ്യമ അക്കൗണ്ടിൽ വന്നതോടെയാണ് കേരളത്തിലെ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.

ഇവിടം പെരിയാർ കടുവാസങ്കേതത്തിലായതിനാൽ വനംവകുപ്പിന്റെ മുൻകൂർ അനുമതിയില്ലാതെ വീഡിയോ ചിത്രീകരിക്കുന്നതിന് വിലക്കുണ്ട്. മാത്രമല്ല, മുല്ലപ്പെരിയാർ ജലസംഭരണിയുടെ അനുബന്ധഭാഗമെന്ന നിലയിൽ പോലീസിന്റെയും വനംവകുപ്പിന്റെയും അനുമതിയില്ലാതെ ചിത്രീകരണം നടത്തരുതെന്നുമുണ്ട്. 2019-ലും ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയത് വിവാദമായിരുന്നു. തേനി എം.പി. തങ്കത്തമിഴ് സെൽവൻ അടക്കമുള്ളവരുടെ സുരക്ഷയ്ക്കാണ് ഡ്രോൺ ഉപയോഗിച്ചതെന്നാണ് തമിഴ്‌നാട് ഉദ്യോഗസ്ഥരുടെ വിശദീകരണം.

പെരിയാർ കടുവാസങ്കേതം ഡെപ്യൂട്ടി ഡയറക്ടറുടെ നിർദേശപ്രകാരം രണ്ടുദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് തേക്കടി റേഞ്ച് ഓഫീസർ ഫ്രാൻസിസ് എം. യോഹന്നാൻ പറഞ്ഞു. ഇരുസംസ്ഥാനങ്ങൾ തമ്മിലുള്ള വിഷയമായതിനാൽ നിയമപരമായ കാര്യങ്ങൾ പഠിച്ചിട്ടേ തുടർനടപടിക്ക് സാധ്യതയുള്ളൂ.

Content Highlights: Tamil Nadu officials used a drone to film Mullaperiyar Dam's shutter area and surrounding forest without prior permission., The video surfaced on Periyakulam MLA G. Sabarinathan's social media account, alerting Kerala authorities., The area falls under the Periyar Tiger Reserve, making unauthorized drone filming illegal., Tamil Nadu officials claimed the drone was used for security purposes for MP Thanga Tamil Selvan and others., The Periyar Tiger Reserve Deputy Director ordered a formal report on the incident within two days.