പി.പി. ദിവ്യയുമായി ഒരു ബന്ധവുമില്ല, ആരോപണം തെളിയിച്ചാൽ ഒരുകോടി നൽകാൻ തയ്യാർ- കാർട്ടൺ കമ്പനി എം.ഡി.

#ന്യൂസ് ഡെസ്ക്
മുഹമ്മദ് ആസിഫ്, പി.പി. ദിവ്യ | Photo: മാതൃഭൂമി
മുഹമ്മദ് ആസിഫ്, പി.പി. ദിവ്യ | Photo: മാതൃഭൂമി

കണ്ണൂർ: പി.പി. ദിവ്യയുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളിൽ പ്രതികരിച്ച് കാർട്ടൺ ഇന്ത്യ കമ്പനി എം.ഡി. മുഹമ്മദ് ആസിഫ്. പി.പി. ദിവ്യയുമായി ഒരു ബന്ധവുമില്ല. ഏത് അന്വേഷണത്തെയും സ്വാഗതംചെയ്യുന്നു. നടപടിക്രമം പാലിക്കാതെ ഏതെങ്കിലും ഒരു കരാർ കാർട്ടൺ ഇന്ത്യ ചെയ്തിട്ടുണ്ടെന്ന് തെളിയിച്ചാൽ ഒരു കോടി രൂപ നൽകാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.എസ്.യു. നേതാവ് ഷമ്മാസിന്റെ ഉദ്ദേശ്യം നടക്കാൻ പോകുന്നില്ല. അദ്ദേഹത്തിനെതിരെ രാഹുൽ ഗാന്ധിക്കും കെ.സി. വേണുഗോപാലിനും പരാതി നൽകിയിരുന്നുവെന്നും ആസിഫ് പറഞ്ഞു. അന്വേഷണം നടക്കണം. കഴിഞ്ഞ മൂന്ന് വർഷമായി ഷമ്മാസ് ഇതിന്റെ പിന്നാലെ നടക്കുകയാണ്. എന്താണ് അയാൾ എന്റെ കൈയിൽനിന്ന് പ്രതീക്ഷിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. എല്ലാവിധത്തിലും സഹകരിക്കും, ആസിഫ് കൂട്ടിച്ചേർത്തു.

കമ്പനിയുടെ ആധികാരിക രേഖകളുണ്ട് എന്ന് പറഞ്ഞ് എന്നെ ഒരു റിപ്പോർട്ടർ വിളിച്ചിരുന്നു. സൈബർ ഫ്രോഡ് ആണെന്ന് വിചാരിച്ച് പൊലീസിൽ അപ്പോൾ തന്നെ പരാതി നൽകിയിരുന്നു. തെറ്റിദ്ധാരണയാണെന്ന് പറഞ്ഞ് ആ കേസ് പൊലീസ് അവസാനിപ്പിക്കുകയായിരുന്നു. ഐസിഐസിഐ ബാങ്കിലും കേരള ബാങ്കിലുമാണ് കമ്പനിയുടെ ഇടപാടുകൾ നടക്കുന്നത്. ഈ ബാങ്കുകളിൽ ചെന്നാൽ കമ്പനി ഡീറ്റെയിൽസ് നൽകില്ല. ഇവർക്ക് എങ്ങനെ കിട്ടി, അത് അവർ തെളിയിക്കട്ടെ. ആർക്കും സമ്മാനമായിട്ടും പണമായിട്ടും നൽകിയിട്ടില്ല. അങ്ങനെ കൊടുക്കേണ്ട ആവശ്യമില്ല.

പി.പി. ദിവ്യയുമായി ബന്ധം വെക്കേണ്ട കാര്യം എന്താണ്? ഞാൻ തുടങ്ങിയ കമ്പനിയല്ലേ. പി.പി. ദിവ്യ സഹായിച്ചിട്ടുവേണോ സ്ഥാപനം നടത്തി മുന്നോട്ട് കൊണ്ടുപോകാൻ? തെളിയിച്ചിട്ട്, പി.പി. ദിവ്യയുടേതാണെന്നുണ്ടെങ്കിൽ കുറച്ച് ലോണും കാര്യങ്ങളും ഉണ്ട്, അത് ഷെയർ ചെയ്യാമല്ലോ. അല്ലാതെ വേറെ എന്ത് പറയാൻ!

ജില്ലാ പഞ്ചായത്തിൽനിന്ന് മൂന്ന് ടെൻഡറാണ് മൂന്ന് വർഷത്തിനിടെ കിട്ടിയത്. കോവിഡിന് മുമ്പ് ബിർളയിലായിരുന്നു എനിക്ക് ജോലി. അതിനുശേഷം അവിടെനിന്ന് രാജിവെച്ച് കമ്പനി തുടങ്ങുകയായിരുന്നു. നേരത്തെ ഷമ്മാസുമായി ആശയവിനിമയം ഉണ്ടായിരുന്നു. സംസാരിച്ച് സെറ്റിൽമെന്റ് ആക്കാമെന്നായിരുന്നു പറഞ്ഞത്. രാഹുൽ ഗാന്ധിക്കും കെ.സി. വേണുഗോപാലിനും ഇതു സംബന്ധിച്ച് പരാതി നൽകിയിരുന്നുവെന്നും ആസിഫ് പറഞ്ഞു.

പി.പി. ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കേ ടെണ്ടർ ഇല്ലാതെ 'കാർട്ടൺ ഇന്ത്യ അലൈൻസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിക്ക് നിർമാണ കരാർ നൽകിയെന്നും ഇത് ദിവ്യയുടെ ബിനാമി കമ്പനിയാണെന്നും ആരോപിച്ച് കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് രംഗത്തെത്തിയിരുന്നു. ഷമ്മാസ് നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. മോഡുലാർ ടോയ്‌ലറ്റ് നിർമാണം ഉൾപ്പെടെ 12 കോടിയുടേതായിരുന്നു പദ്ധതി.

Content Highlights: Carton India MD Muhammed Asif denied any business or personal links with PP Divya., Asif challenged accusers to prove any procedural violations for a reward of Rs 1 crore., He filed complaints against KSU leader Shamas with top Congress leaders Rahul Gandhi and K.C. Venugopal., Confirmed that Carton India received only three tenders from the District Panchayat in three years.