എം.എസ്.എം.ഇ. സ്കെയിൽ അപ്പ് മിഷൻ-1000; രണ്ടാംഘട്ടത്തിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

#ജോസ്മി ജോസ്
പ്രതീകാത്മക ചിത്രം | Photo:gettyimages.in
പ്രതീകാത്മക ചിത്രം | Photo:gettyimages.in

കണ്ണൂര്‍: സംസ്ഥാന വ്യവസായ  വകുപ്പിന്റെ 'എം. എസ്.എം.ഇ. സ്കെയിൽ അപ്പ് മിഷൻ' (മിഷൻ 1000) പദ്ധതിയുടെ രണ്ടാം  ഘട്ടത്തിൽ ഇപ്പോൾ അപേക്ഷിക്കാം.
ഒന്നാം ഘട്ടത്തിൽ 88 സംരംഭങ്ങളെയാണ്  തിരഞ്ഞെടുത്തത്. മുൻപ് അപേക്ഷിച്ചിട്ട് ലഭിക്കാത്തവർക്കും അവസരമുണ്ട്‌. https://mission1000.industry.kerala.gov.in/public/index.php/public എന്ന ലിങ്കിലൂടെ അപേക്ഷിക്കാം.

മിഷൻ 1000
1000 സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ തിരഞ്ഞെടുത്ത് നാലു വർഷം കൊണ്ട് അവ ഓരോന്നിന്റെയും ശരാശരി വിറ്റുവരവ് 100 കോടിയിലെത്തിക്കുകയാണ് ലക്ഷ്യം. അടിസ്ഥാന യോഗ്യതകളുള്ളവരെ തിരഞ്ഞെടുത്ത്,  സർക്കാർ പൂർണ പിന്തുണ നൽകും.

യോഗ്യത

  • ആദ്യ രജിസ്ട്രേഷനോടെ കേരളത്തിൽ രജിസ്റ്റർ ചെയ്ത എം.എസ്.എം.ഇ. ആകണം
  • കുറഞ്ഞത് മൂന്നുവർഷമെങ്കിലും സുസ്ഥിരതയോടെ പ്രവർത്തിക്കണം
  • ഉത്പാദന, സേവന മേഖലയിൽ ഉൾപ്പെട്ടതായിരിക്കണം

പ്രോത്സാഹനങ്ങൾ

  • ഡി.പി.ആർ. തയ്യാറാക്കാൻ ഒരുലക്ഷം രൂപയുടെ ഗ്രാൻറ്‌.
  • മൂലധന നിക്ഷേപത്തിന്റെ 15 ശതമാനം സബ്സിഡി എല്ലാ സംരംഭങ്ങൾക്കും ലഭിക്കും. വനിതകൾ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ, മറ്റ് പിന്നാക്ക സമുദായാംഗങ്ങൾ (ഒ.ബി.സി.), ഭിന്നശേഷിക്കാർ എന്നിവർക്ക് 25 ശതമാനം സബ്സ്ഡി.
  • ഭക്ഷ്യ, വസ്ത്ര, പ്രകൃതിദത്ത റബ്ബർ, പരമ്പരാഗത ഊർജം തുടങ്ങിയ 12 മേഖലകളിലെ സംരംഭങ്ങൾക്ക് അഞ്ചുശതമാനം സബ്‌സിഡി.
  • രാജ്യത്തെ സർവകലാശാലകളിൽനിന്ന്‌ വികസിപ്പിച്ച സാങ്കേതികവിദ്യയോ ഫോർമുലയോ ഉപയോഗിച്ചാൽ അഞ്ചുശതമാനം സബ്‌സിഡി.
  • കാസർകോട്, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലയിലുൾപ്പെടുന്നവർക്ക് 10 ശതമാനം സബ്‌സിഡി
  • മൂലധനനിക്ഷേപ സബ്‌സിഡി രണ്ടുകോടി രൂപ വരെ.
  • പ്രവർത്തന മൂലധന വായ്പയുടെ പലിശ സബ്സിഡി എട്ടുശതമാനം വരെ (50 ലക്ഷം)
  • ടെക്നോളജി നവീകരണത്തിനും നൈപുണിക്കും പ്രത്യേക സഹായം

Content Highlights: MSME Scale Up Mission Mission 1000 apply now