നിഖില്‍ ചെയ്തത് ക്രിമിനല്‍ കുറ്റം, അഡ്മിഷന്‍ നടപടികളില്‍ ഇടപെട്ടിട്ടില്ല- കെ.എച്ച്. ബാബുജാന്‍

നിഖിൽ തോമസ്, കെ.എച്ച് ബാബുജാൻ | ഫോട്ടോ: Facebook
നിഖിൽ തോമസ്, കെ.എച്ച് ബാബുജാൻ | ഫോട്ടോ: Facebook

തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ നിഖിലിനെ തള്ളി ആലപ്പുഴ ജില്ല സെക്രട്ടറിയേറ്റ് അംഗവും കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പറുമായ കെ.എച്ച്. ബാബുജാന്‍. നിഖില്‍ തോമസ് നടത്തിയത് ക്രിമിനല്‍ കുറ്റമാണെന്ന് വ്യക്തമാക്കിയ ബാബുജാന്‍ നിഖിലിന്റെ അഡ്മിഷനില്‍ താന്‍ ഇടപെട്ടു എന്നുള്ള ആരോപണം ശരിയല്ലെന്നും വ്യക്തമാക്കി. 

കോളേജ് മാനേജ്‌മെന്റ് പലയിടത്തും അവരുടേതായ മാനദണ്ഡങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. മാനേജ്‌മെന്റിന്റെ നടപടി ക്രമങ്ങളും സര്‍വകലാശാല മാനദണ്ഡങ്ങളും പരിശോധിച്ച് വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കുന്നതിനുള്ള നടപടികള്‍ കോളേജിലാണ് നടക്കുന്നത്. എം.എസ്.എം. കോളേജിലുണ്ടായ വീഴ്ചയെ കുറിച്ച് സര്‍വകലാശാല റിപ്പോര്‍ട്ട് തേടിയിരുന്നു. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം സംഭവത്തില്‍ എന്ത് നടപടിയെടുക്കണമെന്ന് സര്‍വകലാശാല ആലോചിച്ച് തീരുമാനിക്കും, ബാബുജാന്‍ പറഞ്ഞു. 

നിഖില്‍ തോമസിന്റെ അഡ്മിഷനുമായി ബന്ധപ്പെട്ട് തനിക്കെതിരെ അടിസ്ഥാനരഹിതമായ പല ആരോപണങ്ങളും ഉയരുന്നുണ്ട്. എന്നാല്‍ ഇതില്‍ കഴമ്പില്ലെന്നും നിഖിലിന് അഡ്മിഷന്‍ നല്‍കിയ ഓണ്‍ലൈന്‍ കമ്മിറ്റിയില്‍ താനില്ലായിരുന്നു എന്നും ബാബുജാന്‍ വ്യക്തമാക്കി. 

നിഖിലിന് അഡ്മിഷന്‍ നല്‍കാന്‍ സര്‍വകലാശാല നടപടി ക്രമങ്ങളില്‍ തിരിമറി നടത്തി എന്ന ആരോപണം ശരിയല്ലെന്നും ബാബുജാന്‍ പറഞ്ഞു. കലിംഗ യൂണിവേഴ്‌സിറ്റി സിലബസിന് കേരളാ യൂണിവേഴ്‌സിറ്റിയില്‍ പരിശോധനകളില്ലാതെ ഇക്വലന്‍സി സർട്ടിഫിക്കറ്റ് നല്‍കിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അത് അസംബന്ധമാണ്. രണ്ടര മാസത്തോളം നീണ്ടു നിന്ന പരിശോധനയ്ക്കു ശേഷമാണ് ഇക്വലന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത് ബാബുജാന്‍ പറഞ്ഞു.

നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് നിഖിലിന്റെ അഡ്മിഷനില്‍ ബാബുജാന്‍ ഇടപെട്ടു എന്ന ആരോപണങ്ങൾ പുറത്തു വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബാബുജാൻ്റെ വിശദീകരണം.

Content Highlights: msm college sfi leader nikhil thomas fake degree certificate case kh babujan disclaims allegations