കോഴിക്കോട് ജില്ലയുടെ പുതിയ കളക്ടറായി എം.എസ്. മാധവിക്കുട്ടി ചുമതലയേറ്റു

#സ്വന്തം ലേഖകന്‍
കളക്ടറേറ്റിലെത്തിയ പുതിയ കളക്ടര്‍ എം.എസ്. മാധവിക്കുട്ടിയെ ചുമതലയൊഴിഞ്ഞ സ്‌നേഹില്‍ കുമാര്‍ സിങ് ഉപഹാരം നല്‍കി സ്വീകരിക്കുന്നു
കളക്ടറേറ്റിലെത്തിയ പുതിയ കളക്ടര്‍ എം.എസ്. മാധവിക്കുട്ടിയെ ചുമതലയൊഴിഞ്ഞ സ്‌നേഹില്‍ കുമാര്‍ സിങ് ഉപഹാരം നല്‍കി സ്വീകരിക്കുന്നു

കോഴിക്കോട്: കോഴിക്കോട് ജില്ലയുടെ പുതിയ കളക്ടറായി എം.എസ്. മാധവിക്കുട്ടി ചുമതലയേറ്റു. കളക്ടറേറ്റിലെത്തിയ പുതിയ കളക്ടറെ ചുമതലയൊഴിഞ്ഞ സ്‌നേഹിൽ കുമാർ സിങ് ഉപഹാരം നൽകി സ്വീകരിച്ചു. സമൂഹത്തിലെ ദുർബലരും പാർശ്വവത്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായിരിക്കും പ്രഥമ പരിഗണനയെന്ന് ജില്ലാ കളക്ടറായി സ്ഥാനമേറ്റെടുത്ത ശേഷം എം.എസ്. മാധവിക്കുട്ടി പറഞ്ഞു.

വനിതകൾ, കുട്ടികൾ, ട്രാൻസ്ജെൻഡർ വ്യക്തികൾ, മുതിർന്ന പൗരന്മാർ എന്നിവരുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന പദ്ധതികൾക്ക് ഭരണകൂടം പ്രത്യേക ഊന്നൽ നൽകും. കാലവർഷ മുന്നൊരുക്ക പ്രവർത്തനങ്ങൾ, ദേശീയപാത, മാലിന്യ സംസ്‌കരണം, മുഖ്യമന്ത്രിയുടെ പ്രത്യേക പരിഗണനയിലുള്ള പദ്ധതികൾ എന്നിവയ്ക്ക് പ്രാമുഖ്യം നൽകുമെന്നും കളക്ടർ വ്യക്തമാക്കി.

കൊല്ലം സ്വദേശിനിയായ മാധവിക്കുട്ടി 2018 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. പാലക്കാട് ജില്ലാ കളക്ടറായിരിക്കെയാണ് കോഴിക്കോട് കളക്ടറായി സ്ഥലം മാറ്റമാകുന്നത്. ആരോഗ്യ കുടുംബക്ഷേമ ഡെപ്യൂട്ടി സെക്രട്ടറി, ആരോഗ്യവകുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ, സെന്റർ ഫോർ കണ്ടിന്യൂയിങ് എജ്യുക്കേഷൻ കേരള ഡയറക്ടർ, സൈബർ പാർക്ക് സിഇഒ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എറണാകുളം അസിസ്റ്റന്റ് കളക്ടർ, തിരുവനന്തപുരം സബ് കളക്ടർ, കോഴിക്കോട് ജില്ലാ വികസന കമ്മീഷണർ (ഡി.ഡി.സി) എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ മികച്ച സബ് കളക്ടർക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്.

കൊല്ലം ടികെഎം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ പഠനം പൂർത്തിയാക്കിയ അവർ പബ്ലിക് മാനേജ്‌മെന്റിൽ മാസ്റ്റേഴ്സ് ബിരുദവും നേടിയിട്ടുണ്ട്. അച്ഛൻ സൂർദാസ് സാംസ്‌കാരിക വകുപ്പ് റിട്ട. ഉദ്യോഗസ്ഥനാണ്. അമ്മ എ.കെ. മിനി ഫുഡ് സേഫ്റ്റി ജോയിന്റ് ഡയറക്ടറായിരുന്നു. ഏക സഹോദരൻ കൃഷ്ണനുണ്ണി സിഎസ്ഐആറിൽ ഉദ്യോഗസ്ഥനാണ്.

Content Highlights: M.S. Madhavikutty officially takes over as Kozhikode District Collector., Focus on welfare for women, children, transgender individuals, and senior citizens., Prioritization of monsoon preparedness, waste management, and national highway projects., 2018 batch IAS officer with prior experience as Palakkad District Collector.