വീരേന്ദ്രകുമാർ പ്രതിരോധസമരങ്ങൾക്ക് ജ്ഞാനം പകർന്നു -സാറാ ജോസഫ്

മാതൃഭൂമി മാനേജിങ് ഡയറക്ടറും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ നവതിസ്മൃതി ദിനത്തിന്റെ ഭാഗമായി പുറത്തിറക്കിയ സ്റ്റാമ്പ് തപാൽ വകുപ്പ് സീനിയർ സൂപ്രണ്ട് എ. സുബ്രഹ്‌മണ്യം സാറാ ജോസഫിന് നൽകി പ്രകാശനംചെയ്യുന്നു. മാതൃഭൂമി പത്രാധിപർ മനോജ് കെ. ദാസ്, നടൻ ജയരാജ് വാരിയർ, ഷാജു പുതൂർ, ചാവക്കാട് പോസ്റ്റ്മാസ്റ്റർ എൻ. നന്ദകിഷോർ എന്നിവർ സമീപം
മാതൃഭൂമി മാനേജിങ് ഡയറക്ടറും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ നവതിസ്മൃതി ദിനത്തിന്റെ ഭാഗമായി പുറത്തിറക്കിയ സ്റ്റാമ്പ് തപാൽ വകുപ്പ് സീനിയർ സൂപ്രണ്ട് എ. സുബ്രഹ്‌മണ്യം സാറാ ജോസഫിന് നൽകി പ്രകാശനംചെയ്യുന്നു. മാതൃഭൂമി പത്രാധിപർ മനോജ് കെ. ദാസ്, നടൻ ജയരാജ് വാരിയർ, ഷാജു പുതൂർ, ചാവക്കാട് പോസ്റ്റ്മാസ്റ്റർ എൻ. നന്ദകിഷോർ എന്നിവർ സമീപം

തൃശ്ശൂർ: നിഷേധിക്കാനാകാത്തവിധം ശാസ്ത്രീയ അടിത്തറയോടെയും ജാഗ്രതയോടെയും പ്രതിരോധസമരങ്ങൾക്ക് ജ്ഞാനംപകർന്ന പ്രതിഭയായിരുന്നു എം.പി. വീരേന്ദ്രകുമാറെന്ന് എഴുത്തുകാരി സാറാ ജോസഫ്. മാതൃഭൂമി ചെയർമാനും മാനേജിങ് ഡയറക്ടറും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ നവതി ജന്മസ്മൃതി ദിനത്തിന്റെ ഭാഗമായി തപാൽ വകുപ്പ് പുറത്തിറക്കിയ സ്റ്റാമ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു സാറാ ജോസഫ്.

എം.പി. വീരേന്ദ്രകുമാർ ഉണ്ടായിരുന്നതിനാലാണ് ഇത്രയും ശാസ്ത്രബോധമുള്ള തലമുറയായി നമുക്ക് മാറാൻ കഴിഞ്ഞത്. നമ്മുടെ വെള്ളത്തെ, പ്രകൃതിയെ, അതിജീവനത്തെ, നിലനിൽപ്പിനെക്കുറിച്ച് ഒക്കെ വളരെ ശാസ്ത്രീയമായി പഠിപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹം നടത്തിയ സമരങ്ങൾ, അഗാധമായി പഠിച്ച് നടത്തിയവയായിരുന്നു. കൊക്കകോള കമ്പനി ഓടിപ്പോയത് ഒരേയൊരു രാജ്യത്തു നിന്നാണ്, അത് ഇന്ത്യയിൽനിന്നാണ്. കൊച്ചുകേരളത്തിലെ പ്ലാച്ചിമട എന്ന കുഞ്ഞുപ്രദേശത്തുനിന്ന് എല്ലാം ഉപേക്ഷിച്ച് അവർക്ക് ഓടിപ്പോകേണ്ടിവന്നു. ശുദ്ധജലം ഊറ്റിയെടുക്കുന്ന വിവിധ കമ്പനികൾ ലോകമെമ്പാടും പ്രവർത്തിക്കുന്ന ചരിത്രം നമ്മെ പഠിപ്പിച്ചുകൊണ്ടാണ് വീരേന്ദ്രകുമാർ ആ സമരത്തെ നയിച്ചത് -സാറാ ജോസഫ് കൂട്ടിച്ചേർത്തു.

എം.പി. വീരേന്ദ്രകുമാർ ജീവിച്ചിരുന്നെങ്കിൽ ഈ നവതിനാളിൽ അദ്ദേഹം ഡൽഹിയിൽ സമരംചെയ്യുന്ന കുട്ടികളുടെ കൂടെയാകുമായിരുന്നുവെന്ന് മാതൃഭൂമി പത്രാധിപർ മനോജ് കെ. ദാസ് പറഞ്ഞു. ഒരേസമയം ജ്ഞാനവും ധർമവും ഒരുപോലെ നിറവേറ്റിയ ജീവിതമായിരുന്നു വീരേന്ദ്രകുമാറിന്റേതെന്ന്‌ നടൻ ജയരാജ് വാരിയർ പറഞ്ഞു.

തൃശ്ശൂർ മാതൃഭൂമി ബുക്സിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ പോസ്റ്റൽ സർവീസസ് സീനിയർ സൂപ്രണ്ട് എ. സുബ്രഹ്‌മണ്യം സാറാ ജോസഫിന് നൽകിയാണ് സ്റ്റാമ്പ് പ്രകാശനം ചെയ്തത്. ഉണ്ണികൃഷ്ണൻ പുതൂർ സ്മാരക ട്രസ്റ്റ് ആൻഡ് ഫൗണ്ടേഷനാണ് തപാൽ വകുപ്പിന്റെ മൈസ്റ്റാമ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റാമ്പ് പുറത്തിറക്കിയത്.

പുതൂർ ട്രസ്റ്റ് ആൻഡ് ഫൗണ്ടേഷൻ ചെയർമാൻ ഷാജു പുതൂർ, ചാവക്കാട് പോസ്റ്റ്മാസ്റ്റർ എൻ. നന്ദകിഷോർ, മാതൃഭൂമി തൃശ്ശൂർ റീജണൽ മാനേജർ വിനോദ് പി. നാരായൺ എന്നിവർ സംസാരിച്ചു.

Content Highlights: Writer Sara Joseph releases a special commemorative stamp honoring M.P. Veerendra Kumar on his 90th birth anniversary.